മത സൗഹാര്‍ദത്തിന്റെ വേദിയായി തളങ്കര മാലിക്‌ ദീനാര്‍ ഉറൂസും ചിരുമ്പ ഭഗവതി ക്ഷേത്ര ഉത്സവവും

on Feb 6, 2010

തളങ്കര: മതസൗഹാര്‍ദത്തിന്റെ വേദിയായി തളങ്കര മാലിക്‌ ദീനാര്‍ ഉറൂസും തളങ്കര ചിരുമ്പ ഭഗവതി ക്ഷേത്രഉത്സവവും മാറി. ചിരുമ്പ ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ മറുപുത്തരി ഉത്സവ സ്ഥലത്തേക്ക്‌ ഉറൂസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മഹ്മൂദ്‌ ഹാജി, ജനറല്‍ സെക്രട്ടറി തളങ്കര ഇബ്രാഹിം ഖലീല്‍, ഭാരവാഹികളായ വോളിബോള്‍ ബഷീര്‍, ടി.എ. ഖാലീദ്‌ എന്നിവര്‍ സന്ദര്‍ശിച്ച്‌ ഉത്സവത്തിന്‌ സര്‍വ പിന്തുണയും വാഗ്‌ദാനം ചെയ്‌തു. ദീനാര്‍ നഗര്‍ മുണ്ടിയപത്തി ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്‌ചവരവിന്‌ ഉറൂസ്‌ കമ്മിറ്റിയുടെ അകമഴിഞ്ഞ സഹകരണമാണ്‌ ലഭിച്ചത്‌.
ഗസാലി നഗറിലെ സി.എന്‍.എന്‍ ക്ലബ്ബ്‌ പ്രവര്‍ത്തകര്‍ ക്ഷേത്ര ഉത്സവത്തിന്‌ എത്തുന്നവര്‍ക്ക്‌ സര്‍ബത്ത്‌ വിതരണം നടത്തി. ഉറൂസ്‌ നടക്കുന്ന മാലിക്‌ ദീനാറില്‍ ദേവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വ്യാഴാഴ്‌ച സന്ദര്‍ശിച്ചു. ഉറൂസ്‌ കമ്മിറ്റി ഭാരവാഹികള്‍ മന്ത്രിയെ സ്‌നേഹ ബഹുമാനത്തോടെയാണ്‌ സ്വീകരിച്ചത്‌. ഇതിന്‌ തോട്ട്പിന്നാലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ അഡ്വ. എന്‍. നാരായണ ഭട്ടിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കളും ഉറൂസ്‌ നഗരിയിലെത്തി എല്ലാവിധ പിന്തുണയും അറിയിച്ചിരുന്നു. ചിരുമ്പ ഭഗവതി ക്ഷേത്ര പ്രസിഡന്റ്‌ ജനാര്‍ദന്‍ കണ്ണന്‍, സെക്രട്ടറി രാഘവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഉറൂസ്‌ സ്ഥലത്തെത്തി എല്ലാവിധ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തിരുന്നു. പരസ്‌പരമുള്ള സ്‌നേഹവും ബഹുമാനവും ആഘോഷങ്ങളിലെ യോജിപ്പും ജനങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com