ഇനിമുതല്‍ അധാരത്തില്‍ സെന്റ് അളവ്‌ കാണുകയില്ല. പകരം ഹെക്ടര്‍ , ആറ്‍, സ്ക്വയര്‍ മീറ്റര്‍

on Feb 21, 2010


ഭൂമി കൈമാറുമ്പോള്‍ അളവ് തിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്ന 'സെന്റ്' എന്ന കണക്ക് ഇനി ആധാരത്തില്‍ ഉണ്ടാവില്ല. പകരം ഹെക്ടര്‍ ആര്‍ സ്‌ക്വയര്‍ മീറ്റര്‍ രീതിയിലുള്ള അളവേ എഴുതൂ. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ശനിയാഴ്ച പ്രാബല്യത്തിലായി.

നിലവില്‍ സെന്റും ഹെക്ടര്‍ ആര്‍ സ്‌ക്വയര്‍ മീറ്റര്‍ അളവും ആധാരത്തില്‍ വെവ്വേറെ കാണിച്ചിരുന്നു. എന്നാല്‍ സെന്റ് അളവായി കാണിച്ച ഭൂമിയെ ഹെക്ടര്‍ ആര്‍ സ്‌ക്വയര്‍ മീറ്ററിലേക്ക് മാറ്റുമ്പോള്‍ കണക്കില്‍ വ്യത്യാസം വരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മാരപാണ്ഡ്യന്റെ ഉത്തരവ് ശനിയാഴ്ചയാണ് സംസ്ഥാനത്തെ സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍ ലഭിച്ചത്. ശനിയാഴ്ച വരെ എഴുതിവച്ച ആധാരങ്ങള്‍ സെന്റ് അളവില്‍ത്തന്നെ റജിസ്റ്റര്‍ ചെയ്യും.

ഒരു സെന്റ് എന്നത് ഹെക്ടര്‍ ആര്‍ സ്‌ക്വയര്‍ എന്ന മെട്രിക് കണക്കിലേക്ക് മാറ്റുമ്പോള്‍ 0.0.40 എന്നായി മാറും. അതായത് പൂജ്യം ഹെക്ടര്‍, പൂജ്യം ആര്‍. 40 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം. ഇത് ഒരേക്കറിന് കണക്കാക്കുമ്പോള്‍ 0.40.47 എന്നാകും. അതായത് പൂജ്യം ഹെക്ടര്‍, 40 ആര്‍. 47 സ്‌ക്വയര്‍ മീറ്റര്‍.
ഈ രീതിയില്‍ മാറ്റുമ്പോള്‍ സ്ഥല അളവില്‍ ചെറിയ വ്യത്യാസം വരും. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്വ. സോളമന്‍ വര്‍ഗ്ഗീസ് നല്കിയ നിവേദനം സ്വീകരിച്ച് റജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സര്‍ക്കാറിന് കത്തെഴുതിയിരുന്നു. അഡ്വ. സോളമന്റെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയത് അനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശം നടപ്പാക്കണമെന്ന റജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഒരു സെന്റ് 40 സ്‌ക്വയര്‍ മീറ്റര്‍ ആണെങ്കില്‍ ഒരു ആര്‍ എന്നത് രണ്ടര സെന്റ് ആണ്. രണ്ടര ഏക്കര്‍ ആണ് ഒരു ഹെക്ടര്‍. ഉദാഹരണമായി ഒരു ഹെക്ടര്‍ ഒരു ആര്‍ 40 സ്‌ക്വയര്‍ മീറ്റര്‍ എന്നതിനെ സെന്റ് അളവിലേക്ക് മാറ്റുമ്പോള്‍ രണ്ട് ഏക്കര്‍ 53.5 സെന്റ് എന്നാകും.
പരമ്പരാഗതമായി പറഞ്ഞുവരുന്ന സെന്റ് അളവ് ഇല്ലാതാകുമ്പോള്‍ ഏറെ ബുദ്ധിമുട്ടുക സാധാരണക്കാരാണ്. ആധാരത്തില്‍ പറയുന്ന മെട്രിക് അളവ് വായിച്ചാല്‍ സ്ഥലം എത്രയുണ്ടെന്ന് മനസ്സില്‍ കാണാനോ കണക്കുകൂട്ടി തിട്ടപ്പെടുത്താനോ സാധാരണക്കാര്‍ക്ക് കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ഉത്തരവ് വന്ന ആദ്യദിവസംതന്നെ പലരും സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍ പ്രതിഷേധവുമായെത്തി. പരസ്​പരവൈരുദ്ധ്യം വരുന്നതിനാലാണ് ആധാരത്തില്‍ രണ്ട് കണക്കുകളും ചേര്‍ക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

ഇ.വി. ജയകൃഷ്ണന്‍
മാത്രഭൂമി ദിനപത്രം

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com