പുകയിലപ്പാടങ്ങളില്‍ നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങുന്നു

on Feb 20, 2010

കാഞ്ഞങ്ങാട്:കാസര്‍കോടന്‍ പെരുമ അന്യദേശങ്ങളില്‍ പരത്തിയ പുകയില കൃഷിയില്‍ നിന്ന് കര്‍ഷകര്‍ കൂട്ടത്തോടെ പിന്മാറുന്നു. കോടോം ബേളൂര്‍, കാഞ്ഞങ്ങാട്, ഉദുമ, അജാനൂര്‍ പള്ളിക്കര, കുണിയ തുടങ്ങിയ സ്ഥലങ്ങളില്‍ വീര്യം കൂടിയ കാസര്‍കോടന്‍ പുകയിലക്ക് പ്രസിദ്ധമായിരുന്നു.

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുകിയിലപ്പാടങ്ങളുടെ ഓര്‍മപ്പെടുത്തലായി അവേശഷിക്കുന്നത് പള്ളിക്കരയിലെയും കുണിയയിലെയും തുച്ഛമായ പാടങ്ങള്‍ മാത്രം. പള്ളിക്കരയിലെ നൂറുകണക്കിന് ഏക്കര്‍ പുകയിലപ്പാടങ്ങള്‍ 10 ഏക്കറില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം വരെ 40 ഏക്കറിലധികം കൃഷി ചെയ്തിരുന്ന കുണിയയിലേത് 15 ഏക്കറും.

പുകയില കൃഷിയില്‍ നിന്നുള്ള പിന്മാറ്റത്തിന് നിരവധി കാരണങ്ങള്‍ കര്‍ഷകര്‍ക്ക് പറയാനുണ്ട്. അധ്വാനത്തിനനുസരിച്ച് പ്രതിഫലം കിട്ടാത്തതും നഷ്ടസാധ്യത കൂടുതലായതും കര്‍ഷകര്‍ക്ക് വായ്പ നല്കുന്നതില്‍ നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മഴ പെയ്തതിനാല്‍ കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം നേരിട്ടു. കുണിയയില്‍ മാത്രം 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറഞ്ഞു. സര്‍ക്കാര്‍ ധനസഹായം തുച്ഛമായിരുന്നു.

ചെടിക്ക് വരുന്ന രോഗങ്ങള്‍ പുകയിലയുടെ ഗുണനിലവാരം കുറക്കുന്നു. ഇലകളില്‍ വെളുത്ത പുള്ളി പടരുന്നതും അടിയിലെ ഇലകള്‍ ചുവക്കുന്നതും പുകയിലയുടെ ഗുണമേന്മ കുറക്കുന്നു. ഇലകള്‍ മുരടിക്കുന്നതും പുഴു, ഇലപ്പേന്‍ പടരുന്നതും നഷ്ടത്തിന് കാരണമാകുന്നു.

കൃഷിച്ചെലവിലുണ്ടായ ഭീമമായ വര്‍ധന കര്‍ഷകര്‍ക്ക് താങ്ങുന്നതിനുമപ്പുറമാണ്. ചെടിക്ക് ഒരു രൂപ വിലയുണ്ട്. 50 പൈസ പാട്ടവും നല്കണം. തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചു.

കര്‍ണാടകയില്‍ നിന്നെത്തുന്ന ചാണകത്തിന് പിക്ക്അപ്പ് ലോഡിന് 4000 രൂപ വിലയുണ്ട്. കടലപ്പിണ്ണാക്ക്, രാസവളം, കീടനാശിനികള്‍, മീന്‍പൊടി തുടങ്ങിയവയ്ക്കും വന്‍ വില നല്കണം. തടമെടുക്കലും വളം ചെയ്യലും മൂന്നുനേരം വെള്ളം നനയ്ക്കലുമായി ഏറെ പരിചരണം ആവശ്യമായതിനാല്‍ കൂലിയിനത്തിലും നല്ലൊരു സംഖ്യ ചെലവാകുന്നു.

പള്ളിക്കരയില്‍ ബി.ആര്‍.ഡി.സി. ടൂറിസം വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തതോടെയാണ് പുകയില കൃഷി കുത്തനെ കുറഞ്ഞത്. 10 ലക്ഷത്തിലധികം ചെടികളുണ്ടായിരുന്നിടത്ത് 75000ത്തോളം മാത്രമാണിപ്പോള്‍ ഉള്ളത്. കൃഷി നശിച്ചതിനാല്‍ കിടപ്പാടംവരെ നഷ്ടപ്പെട്ടവരുമുണ്ട്.

പുകവലിക്ക് പകരം പാന്‍ മസാലയുടെ ഉപയോഗം വര്‍ധിച്ചത് പുകയിലയുടെ ഡിമാന്റ് കുറച്ചിട്ടുണ്ട്. പുകയിലത്തണ്ട് പാന്‍മസാല നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. തണ്ടിന് 80 പൈസ വരെ വില കിട്ടുന്നു.

കാലം തെറ്റി വരുന്ന മഴയാണ് പുകയില കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഉണങ്ങാനിടുന്ന പുകയില മഴ നനഞ്ഞാല്‍ ഗുണമേന്മ നഷ്ടപ്പെടും. ഇത്തരം പുകയിലക്ക് തുച്ഛമായ വിലയാണ് ലഭിക്കുക. മഴയെ പേടിച്ച് പുകയില കൃഷി നിര്‍ത്തിയവരും ഏറെയുണ്ട്. കുണിയയില്‍ പുകയിലപ്പാടങ്ങളില്‍ കര്‍ഷകര്‍ പച്ചക്കറി കൃഷി ചെയ്യുകയാണ്.

Courtesy : Mathrubhumi News Article

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com