വര്‍ഗ്ഗീയതയുടെ മന:ശാസ്ത്രം

on Feb 22, 2010


-K.P.Sukumaran,Bangaloreഇന്ന് വളരെ പ്രചാരത്തിലുള്ള ഒരു പദമാണ് വര്‍ഗ്ഗീയത. ഏത് ചര്‍ച്ചയിലും സംവാദത്തിലും ആളുകള്‍ ഈ വാക്ക് ധാരാളമായി ഉപയോഗിക്കുന്നു. വര്‍ഗ്ഗീയതയ്ക്ക് ലേബലുകളുമുണ്ട്. ഹിന്ദു വര്‍ഗ്ഗീയത,മുസ്ലീം വര്‍ഗ്ഗീയത, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയത അങ്ങനെയങ്ങനെ. വര്‍ഗ്ഗീയതയെ മതങ്ങളുമായി മാത്രമാണ് ഇന്ന് ബന്ധപ്പെടുത്തിക്കാണുന്നത്. എങ്ങനെയാണ് വര്‍ഗ്ഗീയത എന്ന വാക്ക് മതങ്ങളുമായി മാത്രം ബന്ധപ്പെട്ടു പോയത്? എന്താണ് വര്‍ഗ്ഗീയത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ? എന്താണ് വര്‍ഗ്ഗീയതയുടെ മന:ശാസ്ത്രം? ആരെങ്കിലും ആലോചിക്കുന്നുണ്ടോ, സ്ഥാനത്തും അസ്ഥാനത്തും ഈ വാക്ക് ഇഷ്ടം പോലെ ഉപയോഗിക്കുമ്പോള്‍? ഞാന്‍ വര്‍ഷങ്ങളായി ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിക്കുകയായിരുന്നു.
എന്റെ അഭിപ്രായത്തില്‍ , ഏതൊരാള്‍ തന്റെ സംഘടന അഥവാ താന്‍ അംഗമായിട്ടുള്ള സമൂഹം,ഗ്രൂപ്പ് മാത്രമാണ് ശരിയെന്നും അതിന്റെ സിദ്ധാന്തങ്ങള്‍ മാത്രമാണ് അന്തിമമായി ശരിയെന്ന് കരുതുകയും മറ്റുള്ള സംഘടനകളോട് അതിന്റെ സിദ്ധാന്തങ്ങളോട് അസഹിഷ്ണുത തോന്നുകയും ചെയ്യുന്ന മനോഭാവം എന്താണോ അതാണ് വര്‍ഗ്ഗീയത എന്നാണ്. അതായത് വര്‍ഗ്ഗീയത എന്ന വികാരം വ്യക്തിഗതമാണ്.
അങ്ങനെനോക്കുമ്പോള്‍ മതം,പ്രദേശം,ഭാഷ,ജാതി,നിറം,തൊഴില്‍,രാഷ്ട്രീയം എന്ന് വേണ്ട നൂറ് നൂറ് തരം വര്‍ഗ്ഗീയതകളുണ്ട്. ഉദാഹരണത്തിന് ഒരു പ്രദേശത്ത് ഭൂരിപക്ഷവും മാര്‍ക്സിസ്റ്റുകാരാണെന്ന് സങ്കല്‍പ്പിക്കുക , അവിടെ മറ്റേതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ചില മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് അസഹിഷ്ണുത തോന്നുകയും ആ പാര്‍ട്ടിയെ ബലം പ്രയോഗിച്ച് അവിടെ നിന്ന് തുരത്തുകയും ചെയ്യുന്നു. അത് മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയതയാണ്. എന്നാല്‍ എല്ലാ മാര്‍ക്സിസ്റ്റ്കാരിലും ആ അസഹിഷ്ണുത ഉണ്ടാവണമെന്നില്ല. ഞങ്ങളെപ്പോലെ തന്നെ അവരും പ്രവര്‍ത്തിച്ചോട്ടെ എന്ന് കരുതുന്ന മാര്‍ക്സിസ്റ്റ് അനുഭാവികളും കാണും. മാത്രമല്ല പല വീടുകളിലും വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുണ്ട്. അപ്പോള്‍ ആ പ്രദേശത്ത് മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയവാദികളും മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയവാദികള്‍ അല്ലാത്തവരും ഉണ്ട്. ഭാഷയുടെ പേരിലും പ്രദേശങ്ങളുടെ പേരിലും വര്‍ഗ്ഗീയത ഇന്ന് സജീവമായുണ്ട്. മറാത്തി ഭാഷയുടെ പേരില്‍ വര്‍ഗ്ഗീയവിഷം തുപ്പുന്ന സംഘടനയാണ് മഹരാഷ്ട്ര നവനിര്‍മ്മാണ്‍ സമിതി. എന്നാല്‍ മറാത്തി ഭാഷ സംസാരിക്കുന്ന എല്ലാവരും മറാത്തി വര്‍ഗ്ഗീയവാദികളല്ല.
ഒരു മതത്തില്‍ പെട്ട ചിലര്‍ക്ക് , തന്റെ മതം മാത്രമാണ് ശരിയെന്ന് തോന്നുകയും മറ്റ് മതങ്ങളോട് അസഹിഷ്ണുത തോന്നി വിദ്ധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അവന്റെ വര്‍ഗ്ഗീയമനോഭാവത്തെ അവന്‍ പ്രതിനിധാനം ചെയ്യുന്ന മതവുമായി ബന്ധപ്പെടുത്തി മതവര്‍ഗ്ഗീയതയായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇന്ന് ഏറ്റവും അപകടകരമായി എനിക്ക് തോന്നുന്നത്. ചുരുക്കത്തില്‍ എവിടെ ആളുകളുടെ കൂട്ടായ്മ രൂപപ്പെടുന്നുവോ അവിടെ വര്‍ഗ്ഗീയതയുമുണ്ട്, ചിലരില്‍ മാത്രം. അതിന് ആ കൂട്ടായ്മയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു മതത്തെയോ,സംഘടനയെയോ, പാര്‍ട്ടിയെയോ മൊത്തത്തില്‍ കുറ്റവിചാരണ ചെയ്യുന്നത് ശരിയായിരിക്കില്ല. ഏറിയോ കുറഞ്ഞോ വര്‍ഗ്ഗീയമനോഭാവം ഏത് സംഘടനയിലും ഉണ്ടായിരിക്കെ, അത് ഇല്ലാതാക്കാന്‍ ശ്രമിക്കാതെ മറ്റ് സംഘടനകളെ കുറ്റപ്പെടുത്താന്‍ കാണിക്കുന്ന അമിതോത്സാഹം നമ്മെ എവിടെയുമെത്തിക്കുകയില്ല.
എല്ലാ സംഘടനകള്‍ക്കും , മതങ്ങള്‍ക്കും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കും , പ്രത്യയശാസ്ത്രങ്ങള്‍ക്കും ഇവിടെ ഇടമുണ്ട് എന്ന് ഓരോ സംഘടനയും അംഗീകരിക്കലാണ് വര്‍ഗ്ഗീയത ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളുടെ ആദ്യത്തെ പടി. എല്ലാ തെറ്റുകുറ്റങ്ങളും മറ്റുള്ള സംഘടനകളിലാണ് എന്നും തന്റെ സംഘടന കുറ്റമറ്റതാണ് എന്നും ആര് കരുതുന്നുവോ അവനില്‍ വര്‍ഗ്ഗീയതയുടെ രോഗലക്ഷണങ്ങളുണ്ട്. അതാണ് ആദ്യം ചികിത്സിച്ച് ഭേദമാക്കേണ്ടത് .
കെ പി സുകുമാരന്‍ മൈ ചിത്താരിക്ക്‌ വേണ്ടി പുന:പ്രസിദ്ധീകരിക്കുന്നത്‌

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com