മാണിക്കോത്ത്‌ പെരുങ്കളിയാട്ടത്തിന് തുടക്കമായി

on Feb 6, 2010

മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കല്‍ ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന് തുടക്കമായി. ദേശനാഥനായ മഡിയന്‍കൂലോം ക്ഷേത്രപാലകന്റെ അനുഗ്രഹംവാങ്ങി, ദീപവുംതിരിയും എഴുന്നള്ളിച്ചെത്തിയതോടെയാണ് ആറുനാള്‍നീളുന്ന 60 തെയ്യങ്ങള്‍ സംഗമിക്കുന്ന പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞത്.
വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് മഡിയന്‍ കൂലോം ക്ഷേത്രത്തില്‍നിന്ന് ദീപവുംതിരിയും എഴുന്നള്ളത്ത് തുടങ്ങിയത്. ക്ഷേത്രപാലകന്റെ കോവിലില്‍നിന്ന് പുറത്തെത്തിച്ച ദീപവുംതിരിയും പുന്നക്കാല്‍ ക്ഷേത്ര മുഖ്യസ്ഥാനികന്‍ മുട്ടത്ത് കൃഷ്ണന്‍ കാരണവര്‍ ഏറ്റുവാങ്ങി. മുത്തുക്കുടയും വാദ്യമേളങ്ങളും അകമ്പടിയേകിയ ഘോഷയാത്രയ്ക്ക് ഭാരവാഹികളായ എം.കെ.കൃഷ്ണന്‍, വി.അശോകന്‍, എ.ഗംഗാധരന്‍, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, എ.വി.രാമകൃഷ്ണന്‍, എം.ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
എഴുന്നള്ളിച്ചെത്തിയ ദീപവുംതിരിയും പുന്നക്കാല്‍ ഭഗവതിയുടെ ശ്രീകോവിലിലെത്തിച്ചു. ശ്രീകോവിലിലേക്ക് ഭദ്രദീപം പകര്‍ന്നതോടെ പെരുങ്കളിയാട്ടത്തിന്റെ കേളികൊട്ട് ഉണര്‍ന്നു.
തുടര്‍ന്ന് കലവറനിറയ്ക്കല്‍ ചടങ്ങ്. കോയ്മക്കാരായ വെള്ളിക്കോത്ത് പനയന്‍തറവാട്ടില്‍നിന്നാണ് ആദ്യ കലവറ സാധനങ്ങളെത്തിയത്. തുടര്‍ന്ന് ദേശവാസികളും അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമായെത്തി. കലവറനിറച്ചു.
ഉച്ചയ്ക്ക്‌ശേഷം സംാസ്‌കാരികഘോഷയാത്ര നടന്നു. ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണമന്ദിരത്തിനടുത്തുനിന്ന് തുടങ്ങിയ ഘോഷയാത്രയില്‍ 150 കേരളീയ വേഷധാരികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.
കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരികസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. രാത്രി കുളിച്ച്‌തോറ്റവും തുടര്‍ന്ന് വിവിധതെയ്യങ്ങളുടെ പുറപ്പാടും നടന്നു.
M.B News

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com