ചില്ലറവ്യാപാരരംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയാണ് റീട്ടെയില്‍ ഭീമന്മാരെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്. ചില്ലറവ്യാപാരമേഖലയില്‍ നിലവില്‍ അമ്പതിനായിരം കോടി ഡോളറിന്റെ വാര്‍ഷികവിറ്റുവരവാണ് ഇന്ത്യയിലുള്ളത്. സംഘടിത ചില്ലറവില്പനശാലകള്‍ വര്‍ഷംതോറും 20 ശതമാനത്തിലേറെ വളര്‍ച്ചപ്രാപിക്കുന്നുണ്ടെന്നാണ് കണക്ക്. നിലവില്‍ ആറു ശതമാനം പേര്‍ മാത്രമേ സംഘടിത ചില്ലറവില്പന നടത്തുന്നുള്ളൂ. 94 ശതമാനം റീട്ടെയില്‍ ശാലകളും താഴ്ന്ന-ഇടത്തരം വരുമാനക്കാരായ അസംഘടിതരുടെ കൈകളിലാണ്.
കരെഫോറിനും ലൈഫ്‌സ്റ്റൈല്‍ ഇന്റര്‍നാഷണലിനും ഓസ്‌ട്രേലിയന്‍ ഫുഡ് റീട്ടെയിലിനും ഇന്ത്യയില്‍ മൊത്ത വ്യാപാരശാലകള്‍ സ്ഥാപിക്കാനേ നിലവിലുള്ള നിയമം അനുവദിക്കുന്നുള്ളൂ. നോക്കിയ പോലുള്ള സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലിനു മാത്രമേ നിലവില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളൂ. 51 ശതമാനമാണ് പരിധി. മൊത്തവ്യാപാരശാലകള്‍ക്ക് നൂറുശതമാനം നിക്ഷേപം നടത്താം.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ റീട്ടെയില്‍ ഭീമനായ കരെഫോര്‍ ഇന്ത്യയിലെ ആഭ്യന്തര കമ്പനിയുമായി കൈകോര്‍ത്താണ് പുതിയ വിപണനശാല തുടങ്ങുന്നത്. എന്നാല്‍, ഏതു കമ്പനിയുമായാണ് സംരംഭത്തിലേര്‍പ്പെടുന്നതെന്ന് കരെഫോര്‍ വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് കഴിഞ്ഞവര്‍ഷം ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്ന് ഇന്ത്യയില്‍ വ്യാപാരശാല തുടങ്ങിയിരുന്നു. സമാനമായ ബിസിനസ് സംരംഭം ഈവര്‍ഷം കരെഫോറും തുടങ്ങുന്നതോടെ ഇന്ത്യയില്‍ സംഘടിത റീട്ടെയില്‍ മേഖലയുടെ വളര്‍ച്ച ശക്തിപ്പെടുമെന്നാണ് കരുതുന്നത്.
ഫ്രാന്‍സില്‍ 46 ശതമാനവും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ 35 ശതമാനവും ലാറ്റിന്‍ അമേരിക്കയില്‍ 12 ശതമാനവും ഏഷ്യയില്‍ ഏഴു ശതമാനവുമാണ് ഇപ്പോള്‍ കരെഫോറിന്റെ വിപണിവിഹിതം. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാവുക ഇന്ത്യയിലാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഹാര്‍ഡ് ഡിസ്‌കൗണ്ട് ആന്‍ഡ് കണ്‍വീനിയന്‍സ് സ്റ്റോര്‍ എന്നിവയാണ് കരെഫോര്‍ സ്ഥാപിക്കുക.
അഞ്ചുവര്‍ഷത്തിനകം 87 കോടി ഡോളര്‍ റവന്യൂ ഇന്ത്യയില്‍നിന്ന് നേടാനാകുമെന്നാണ് ഓസ്‌ട്രേലിയന്‍ റീട്ടെയില്‍ ഫുഡ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. 20 വര്‍ഷത്തിനകം ഓസ്‌ട്രേലിയയിലേതിനെക്കാള്‍ കൂടുതല്‍ ബിസിനസ് ഇന്ത്യയിലുണ്ടാക്കാനാവുമെന്നും അവര്‍ കണക്കുകൂട്ടുന്നു. അപ്പാരല്‍, കോസെ്മറ്റിക്‌സ്, പാദരക്ഷ എന്നിവയുള്‍പ്പെടെ ലൈഫ്‌സ്റ്റൈല്‍ രംഗത്ത് 35 സ്റ്റോറുകളുള്‍പ്പെടെ മൂന്നുവര്‍ഷത്തിനകം 50 വ്യാപാരശാലകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനാണ് ദുബായ് ലൈഫ് സ്റ്റൈല്‍ ഇന്റര്‍നാഷണലിന്റെ പദ്ധതി.
ഇവയെല്ലാം മെട്രോ നഗരങ്ങളിലോ രണ്ടാംനിര നഗരങ്ങളിലോ ആയിരിക്കും സ്ഥാപിക്കുക. അതിനാല്‍ ഗ്രാമങ്ങളിലെ ചില്ലറവ്യാപാരമേഖലയെ ഇത് ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ബ്രിട്ടനിലെ യൂകോ, സ്‌പെന്‍സര്‍, ജര്‍മനിയിലെ മെട്രോ എന്നിവ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് രാജ്യത്ത് മൊത്ത വ്യാപാരസ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ടാറ്റ, ബിര്‍ള, റിലയന്‍സ്, വിശാല്‍, പാന്റലൂണ്‍ എന്നിവയാണ് പ്രമുഖ ആഭ്യന്തര റീട്ടെയില്‍ കമ്പനികള്‍.
Mathrybhumi Article.
0 comments:
Post a Comment