News Highlight: ഗോവധം നിരോധിക്കാനിരിക്കെ ക്ഷേത്രത്തില്‍ 10,000 ഗോക്കളുടെ കൂട്ടക്കുരുതി

on Feb 18, 2010

മംഗലാപുരം: ഗോവധം നിയമം മൂലം നിരോധിക്കാനിരിക്കെ കര്‍ണാടകയിലെ കൊപ്പാള്‍ കുഷ്ടകി ദുര്‍ഗമ്മ ദേവി ക്ഷേത്രത്തില്‍ പരമ്പരാഗത ആചാരത്തിന്റെ പേരില്‍ ഒരൊറ്റ രാത്രി കൊണ്ട് കുരുതി കഴിച്ചത് പതിനായിരത്തോളം ഗോക്കളെ. രക്തബലിക്ക് ശേഷം അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയത് ക്ഷേത്രപരിസരത്തും.
ദേവീ പ്രീതിക്കായി വെട്ടിക്കൊലപ്പെടുത്തിയ ഗോക്കളില്‍ 7,000 പശുക്കളും 3,000ത്തോളം കാളകളും ഉള്‍പ്പെടുമെന്ന് ചടങ്ങിന് ശേഷം പ്രതിഷേധത്തിനെത്തിയ മൃഗ സ്നേഹികള്‍ പറഞ്ഞു.
സംഘ്പരിവാര്‍ സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങി ഗോവധം നിയമം മൂലം നിരോധിക്കുന്നതിനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് മൃഗസ്നേഹികളുടെ എതിര്‍പ്പ് അവഗണിച്ച് ഗോക്കളുടെ കൂട്ടക്കുരുതിക്ക് ദേവീക്ഷേത്രം വേദിയായത്. കര്‍ണാടകയിലെ അറിയപ്പെടുന്ന സംഘ്പരിവാര്‍ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബലിപൂജ അരങ്ങേറിയതെന്നതും ശ്രദ്ധേയമായി. ഗോക്കളെ കൊലപ്പെടുത്തുന്നതിനെതിരെ കര്‍ണാടകയിലെ പ്രാണി ദയാ സംഘ് രംഗത്തു വന്നെങ്കിലും പൊലീസ്^റവന്യൂ അധികൃതരുടെ അനുമതിയോടെയാണ് ബലിപൂജ നടന്നതെന്ന് സംഘം ഭാരവാഹികള്‍ പറഞ്ഞു.
ദേവീ പ്രീതിക്കായി ദുര്‍ഗമ്മ ക്ഷേത്രത്തില്‍ വര്‍ഷംതോറും പതിനായിരക്കണക്കിന് ഗോക്കളെ വെട്ടിക്കൊലപ്പെടുത്തുന്നുണ്ടെന്നും എന്നാല്‍ പൊലീസും റവന്യൂ അധികൃതരും നടപടിയെടുക്കുന്നില്ലെന്നും പ്രാണി ദയാ സംഘ് ഭാരവാഹി അറിയിച്ചു.
ക്ഷത്രാനുഷ്ഠാനത്തിന്റെ ഭാഗമായതിനാല്‍ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു മൃഗസംരക്ഷണ വകുപ്പ്. എന്നാല്‍ മൃഗസ്നേഹികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ക്ഷേത്രം പ്രസിഡന്റിനെതിരെ പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും ഗോക്കളെ കുരുതി കൊടുക്കുന്നത് തടയാതിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പിന്നീട് കര്‍ണാടക ഡി.ജി.പി അറിയിച്ചു.
ഗോക്കളെ അറുത്ത് വില്‍പന നടത്തുന്നവരുടെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കുന്ന ബജ്റംഗദള്‍^ശ്രീരാമസേന നേതാക്കളും ഇക്കാര്യത്തില്‍ മൌനം അവലംബിക്കുകയാണ്. കുരുതിക്കുള്ള തയാറെടുപ്പുകള്‍ ആഴ്ചകള്‍ക്കു മുമ്പുതന്നെ അറിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാതിരുന്നതും ഇപ്പോള്‍ വിവാദമാകുകയാണ്.
Courtesy: Madhyamam News Article

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com