News Highlight:'ഖാന്‍ തീവ്രവാദിയല്ല'; സിനിമയിലൂടെ ഷാരൂഖ് മറുപടി നല്‍കുന്നു

on Feb 13, 2010

ദുബൈ: ഐ.പി.എല്‍ ക്രിക്കറ്റിലേക്ക് പാക് താരങ്ങളെ തെരഞ്ഞെടുക്കാത്തതില്‍ വിവാദ പരാമര്‍ശം നടത്തിയ ഷാരൂഖ്ഖാന്‍ ശിവസേന നേതാവ് ബാല്‍ താക്കറെയോട് മാപ്പുപറയാത്തത് എന്തുകൊണ്ടെന്നറിയാന്‍ 'മൈ നെയിം ഈസ് ഖാന്‍' കണ്ടാല്‍ മതി. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ വര്‍ഗീയ കലാപങ്ങള്‍ തീര്‍ത്ത് സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിനോടുള്ള ദൃശ്യ മറുപടിയാണ് ഈ ചിത്രം. താക്കറെയോട് ഇതില്‍പരം ഒരു മറുപടിയില്ലെന്ന് സമര്‍ഥിക്കുകയാണ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് ഖാന്‍.
ഇന്ത്യയിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന്റെ ഒരു ദിവസം മുമ്പാണ് ഈ ചിത്രം യു.എ.ഇയില്‍ റിലീസ് ചെയ്തത്. ശിവസേനയുടെ ഭീഷണിക്ക്മുമ്പില്‍ ആശങ്കയോടെയാണ് ചിത്രം മുംബൈയിലെത്തിയതെങ്കില്‍ യു.എ.ഇയിലെ വിവിധ നഗരങ്ങളിലായി 18 തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ദിവസേന പത്തോളം പ്രദര്‍ശനങ്ങള്‍ ഈ തിയേറ്ററുകളില്‍ നടക്കുന്നുണ്ട്. ആഴ്ചകളോളം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് തിയറ്റര്‍ അധികൃതര്‍ പറയുന്നത്.
അബൂദബിയില്‍ നടന്ന ആദ്യ പ്രദര്‍ശനത്തിന് ഷാരൂഖ് ഖാനും നായിക കജോളും സംവിധായകന്‍ കരണ്‍ ജോഹറും എത്തിയിരുന്നു. ഇതിന്റെ മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ മൂവരും പങ്കെടുത്തു. മുംബൈയില്‍ തന്റെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കാത്തതില്‍ വലിയ ദുഃഖമുണ്ടെന്ന് ഖാന്‍ പറഞ്ഞു. ബോളിവുഡിലെ ദീര്‍ഘകാലത്തെ താരജോഡികളായ ഷാരൂഖ്^കജോളിന്റെ വര്‍ഷങ്ങള്‍ക്കുശേഷമുള്ള സിനിമ എന്ന മാധ്യമവിശേഷണത്തിന് എത്രയോ അപ്പുറമാണ് ഈ ചിത്രം.
9/11നുശേഷം അമേരിക്കയിലും ലോകത്തും മുസ്ലിംകള്‍ക്കെതിരെ രൂപപ്പെടുത്തിയ അസ്പൃശ്യത തുറന്നുകാട്ടി, മുസ്ലിം^അമുസ്ലിം വിവേചനമല്ല മനുഷ്യനെ വേര്‍തിരിക്കുന്നതെന്നും, മതമേതായാലും നല്ല മനുഷ്യനും ചീത്തയുമെന്നതാണ് വേര്‍തിരിവിന്റെ അടിസ്ഥാനമെന്നും ബോധ്യപ്പെടുത്തുന്ന ഒരു ദൃശ്യവിരുന്ന് കൂടിയാണ് ഈ ബോളിവുഡ് ചിത്രം. ഹിന്ദി ചിത്രമാണെങ്കിലും അമേരിക്കയിലാണ് അധികഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. കഥയുടെ പശ്ചാത്തലവും അമേരിക്കതന്നെ.
ചിത്രത്തില്‍ റിസ്വാന്‍ ഖാന്‍ എന്ന ഷാരൂഖിന്റെ കഥാപാത്രം പേര് മുസ്ലിമായതിനാല്‍ അമേരിക്കന്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്ക് വിധേയമായി എഫ്.ബി.ഐ പിടിക്കപ്പെടുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. ഇസ്ലാംമത ഭക്തനായ റിസ്വാന്‍ഖാന്‍ ബുദ്ധിമാനും ആസ്പെര്‍ഗെര്‍സ് സിന്‍ഡ്രം എന്ന മാനസികരോഗിയുമാണ്. രോഗിയായ കഥാപാത്രത്തെ നല്ല വഴക്കത്തോടെയാണ് ഷാരൂഖ് ഖാന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ 11 സംഭവത്തിനുശേഷം പേര് ഖാന്‍ ആയതുകൊണ്ട് മാത്രം അമേരിക്കയില്‍ തനിക്കും കുടുംബത്തിനും അനുഭവപ്പെടുന്ന ദുരിതങ്ങള്‍ വരച്ചുകാട്ടുന്ന ചിത്രം ഇതുമൂലം കുടുംബബന്ധങ്ങളിലും സുഹൃദ്ബന്ധങ്ങളിലും ഉണ്ടാകുന്ന വിള്ളലുകളും എടുത്തുകാണിക്കുന്നു. പേരോ മതമോ അല്ല മനുഷ്യനെ തീവ്രവാദിയാക്കുന്നതെന്നും മനുഷ്യന്റെ പ്രവൃത്തികളാണെന്നുമാണ് ചിത്രം ലോകത്തോട് പറയുന്നത്. ക്ലൈമാക്സില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഷാരൂഖ് ഖാന്റെ മനുഷ്യത്വപൂര്‍വമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും തെറ്റിദ്ധാരണ മൂലം തീവ്രവാദിയായി പിടിക്കപ്പെടേണ്ടിവന്നതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഖാന്‍ തീവ്രവാദിയല്ലെന്ന ഒബാമയുടെ പ്രഖ്യാപനത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
Courtesy : Madhyamam News Article

13/02/2010

1 comments:

sonu said...

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ . ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com