തീപ്പന്തങ്ങളും ജ്വലിക്കുന്ന കണ്ണുകളുമായി ചൂളിയാര്‍ ഭഗവതി അരങ്ങിലെത്തിയപ്പോള്‍ പെരുങ്കളിയാട്ട ഭൂമി ഭക്തിയുടെ പാരമ്യതയില്‍

on Feb 9, 2010

കാഞ്ഞങ്ങാട്: തീപ്പന്തങ്ങളും ജ്വലിക്കുന്ന കണ്ണുകളുമായി ചൂളിയാര്‍ ഭഗവതി അരങ്ങിലെത്തിയപ്പോള്‍ പെരുങ്കളിയാട്ട ഭൂമി ഭക്തിയുടെ പാരമ്യതയിലെത്തി. പൊന്‍ പ്രഭ വിടര്‍ത്തി അനുഗ്രഹം ചൊരിഞ്ഞ ഭഗവതിക്ക് മുമ്പില്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി ഭക്തര്‍ കൈകൂപ്പി നിന്നു. ചിലമ്പൊച്ച മുഴക്കിയുള്ള ചടുല താളങ്ങള്‍ക്കൊടുവില്‍ ഭഗവതി ക്ഷേത്രമുറ്റം വലംവച്ചു. കൊട്ടി കയറിയ മേളപ്പെരുക്കത്തിനൊപ്പം ഉഗ്രതാണ്ഡവമാടിയ ചുളിയാര്‍ അമ്മ തിങ്കളാഴ്ച പുന്നക്കാല്‍ ക്ഷേത്ര മുറ്റത്തെ ധന്യമാക്കി. മാണിക്കോത്ത്-മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തോടനുബന്ധിച്ചാണ് ചൂളിയാര്‍ഭഗവതി തെയ്യം കെട്ടിയാടിയത്. മേച്ചേരി ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കല്ലങ്കര ചാമുണ്ഡി, കൊട്ടിലങ്ങാട്ട് ഭഗവതി, മുളവന്നൂര്‍ ഭഗവതി, അസുരാളന്‍, വടക്കന്‍ കോടി, ഗുളികന്‍, ആയിറ്റിഭഗവതി, കുണ്ടോറ ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ പുറപ്പാട് തിങ്കളാഴ്ച നടന്നു. 150 വര്‍ഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടം 10 വരെ നീളും. നെല്ലിക്കാതുരുത്തി കഴകം നീലമംഗലത്ത് ഭഗവതി ക്ഷേത്രത്തിന്റെ പട്ടോല പ്രകാരമാണ് പെരുങ്കളിയാട്ടം നടക്കുന്നത്. ചൊവ്വാഴ്ച ഉച്ചത്തോറ്റം എഴുന്നള്ളത്ത് എന്നിവയും തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി മേച്ചേരി ചാമുണ്ഡി, കല്ലങ്കര ചാമുണ്ഡി എന്നിവയുടെ തുടങ്ങലും നടക്കും. മേച്ചേരി ചാമുണ്ഡി, കല്ലങ്കര ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കൊട്ടിലങ്ങാട് ഭഗവതി, ദണ്ഡ്യാഗാനത്ത് ഭഗവതി, അസുരാളന്‍, വടക്കന്‍കോടി, ഗുളികന്‍ ആയിറ്റി ഭഗവതി എന്നീ തെയ്യങ്ങളും ചൊവ്വാഴ്ച കെട്ടിയാടും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com