നാടുവിട്ട രാമന്‍ നാട്യരത്നമായി തിരിച്ചെത്തി

on Feb 23, 2010

കാഞ്ഞങ്ങാട്: പള്ളിക്കരയില്‍നിന്ന് നാടുവിട്ട രാമന്‍ നാട്യരത്നമായി തിരിച്ചെത്തി. നീലേശ്വരം പള്ളിക്കരയില്‍നിന്ന് എട്ടാമത്തെ വയസ്സില്‍ നാടുവിട്ട കെ.എം. രാമനാണ് കര്‍ണാടക സര്‍ക്കാറിന്റെ നാട്യരത്ന ബഹുമതിയുമായി 69 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുന്നത്. കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും മികച്ച പുരസ്കാരമായ നാട്യറാണി ശാന്തള അവാര്‍ഡ് അടുത്തമാസം മൂന്നിന് ഏറ്റുവാങ്ങാനിരിക്കേയാണ് കെ.എം. രാമന്‍ ജന്മനാട്ടിലെത്തിയത്. കര്‍ണാടകയിലെ തന്റെ നാട്യജീവിതം വഴി ഒരു ഡസനോളം പുരസ്കാരം ഈ കലാകാരന്‍ നേടിയിട്ടുണ്ട്. പള്ളിക്കര ചന്തേര കൃഷ്ണയോഗിയുടെയും മാണിയമ്മയുടെയും മകനായ രാമന്‍ പിതാവ് മരിച്ചതിനെത്തുടര്‍ന്ന് 1941ല്‍ നാടുവിട്ടു. ഒമ്പത് രൂപയുമായി നീലേശ്വരത്തുനിന്ന് വണ്ടികയറിയ രാമന്‍ മടിക്കേരിയിലെത്തി. കുറച്ചുദിവസം അവിടെ തങ്ങി. കൈയിലുണ്ടായിരുന്ന ഒമ്പത് രൂപ ഒരു മലയാളി തട്ടിയെടുത്തു.മടിക്കേരിയില്‍നിന്ന് മൈസൂരിലെത്തിയ രാമന്‍ ഗുരു രാജഗോപാലിന്റെ കീഴില്‍ കഥകളി അഭ്യസിച്ചു. അന്ന് പ്രായം 10. തുടര്‍ന്ന് ബംഗളൂരുവിലെത്തി ഭരതനാട്യം പഠിച്ചു. പ്രശസ്ത നര്‍ത്തകന്‍ യു.എസ് കൃഷ്ണറാവുവും ഭാര്യ ചന്ദ്രഭാഗ ദേവിയുമായിരുന്നു ഗുരുക്കന്മാര്‍.ഭരതനാട്യത്തിലെ പന്തനല്‍ക്കല്‍ ശൈലിയുടെ കര്‍ണാടകത്തിലെ അവസാനവാക്കായി രാമന്‍ മാറി. പിന്നീട് അദ്ദേഹം നാട്യരത്ന ഗുരു കെ.എം. രാമന്‍ എന്നറിയപ്പെട്ടു. 1962ല്‍ തുംകൂറില്‍ ശ്രീ രാജരാജേശ്വര നൃത്യകലാമന്ദിരം ആരംഭിച്ചു. 'നൃത്തം ജീവിതവും ജീവിതം നൃത്തവും' എന്ന സന്ദേശം പ്രചരിപ്പിച്ചു. 49 വര്‍ഷമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളെ നൃത്തം അഭ്യസിപ്പിച്ചു. 2000 മുതല്‍ കര്‍ണാടക നൃത്തസംഗീത അക്കാദമി അംഗമാണ്. 1993ല്‍ കര്‍ണാടക കലാതിലക അവാര്‍ഡ്, '98ല്‍ കര്‍ണാടക രാജ്യോല്‍സവ അവാര്‍ഡ്, നൃത്തവിദ്യാനിധി പുരസ്കാരം, '86ല്‍ നാട്യശ്രീ അവാര്‍ഡ്, നാട്യകലാ പ്രവീണ, ശ്രീനാട്യാചാര്യ അവാര്‍ഡ്, 2001ല്‍ നാട്യകലാസിന്ധു, 2003ല്‍ രാഷ്ട്രീയ രത്തന്‍ നാഷനല്‍ അവാര്‍ഡ് തുടങ്ങി ഒരു ഡസനോളം പ്രശസ്ത അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞു. രാമന് നാട്ടില്‍ ഇപ്പോള്‍ കാര്യമായ ബന്ധങ്ങളൊന്നുമില്ല. എങ്കിലും താല്‍പര്യമുള്ള ചിലരെ കണ്ട് 'സ്വദേശ'മായ ബംഗളൂരുവിലേക്ക് മടങ്ങും. പാലക്കാട് ചിറ്റൂര്‍ സ്വദേശിയും നര്‍ത്തകിയുമായ ദേവകിയാണ് ഭാര്യ. ബിനീഷ്, സത്യവതി, സുരേഷ്, ഗുണവതി പ്രഭാകര്‍, ഹരീഷ് രാമന്‍, ഗിരീഷ് രാമന്‍ എന്നിവര്‍ മക്കളാണ്.നാട്യകലയെ കച്ചവടവത്കരിക്കാന്‍ പാടില്ലെന്ന് രാമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കല കലയായിത്തന്നെ നിലനിര്‍ത്തണം. ഭരതനാട്യത്തിന് ഭാവവും രസവും താളവുമാണ് പ്രധാനം. ഒമ്പതാം വയസ്സു മുതല്‍ 22ാം വയസ്സ് വരെ പഠിച്ചാല്‍ മാത്രമേ ഒരു യഥാര്‍ഥ ഭരതനാട്യ കലാകാരനാവൂവെന്ന് അദ്ദേഹം പറഞ്ഞു. മകന്‍ ബിനീഷ്, ടി. ബാലകൃഷ്ണന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com