അരിയും ഇളനീരുമായി ക്ഷേത്ര ഭാരവാഹികള്‍ മാലിക്‌ദീനാറില്‍; മതസൗഹാര്‍ദ്ദത്തിന്‌ തളങ്കര പുതിയ ചരിത്രമെഴുതി

on Feb 7, 2010



തളങ്കര: അരിയും ഇളനീരുമായി ക്ഷേത്ര ഭാരവാഹികള്‍ തളങ്കര മാലിക്‌ ദീനാറില്‍ എത്തുകയും അവരെ ഇളനീരും മധുര പാനിയങ്ങളും മധുര പലഹാരങ്ങളുമായി ഉറൂസ്‌ ഭാരവാഹികള്‍ വരവേല്‍ക്കുകയും ചെയ്‌ത്‌ കൊണ്ട്‌ തളങ്കര മതസൗഹാര്‍ദ്ദത്തിന്‌ പുതിയ ചരിത്രമെഴുതി. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ച്‌ മണിയോടെയാണ്‌ തളങ്കര ചീരുമ്പ ഭഗവതി ക്ഷേത്രസ്ഥാനികരും ക്ഷേത്ര ഭാരവാഹികളുമടങ്ങുന്ന സംഘം മാലിക്‌ ദീനാറില്‍ എത്തിയത്‌. അവരെ ഉറൂസ്‌ കമ്മിറ്റി ഭാരവാഹികള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിരുത്തുകയും ദാഹമകറ്റാന്‍ ശീതളപനിയവും മധുര പലഹാരങ്ങളും നല്‍കുകയും ചെയ്‌തു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ ജനാര്‍ദന്‍, സെക്രട്ടറി രാഘവന്‍, ഖജാന്‍ജി ബാലന്‍ ചെന്നിക്കര, ക്യഷ്‌ണന്‍ ഹൈതര്‍, കരിയന്‍ കാര്‍ണവര്‍, സദാനന്ദന്‍ , മജ്ജു കര്‍ണവര്‍, സദാനന്ദന്‍ വെള്ളിച്ചപ്പാടന്‍, ഗിരീഷന്‍ നദിയ, വി. സതീശന്‍ കെ.വി ഗംഗാധരന്‍ എന്നിവരടങ്ങുന്ന എഴുപതോളം അംഗങ്ങളുള്ള സംഘത്തെ ഉറൂസ് കമ്മിറ്റി ഭാരവാഹികളായ മഹ്‌ദൂദ്‌ ഹാജി, ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ തളങ്കര, അസ്‌ ലം പടിഞ്ഞാര്‍, വോളിബോള്‍ ബഷീര്‍, എ.അബ്ദുറഹ്മാന്‍ എന്നിവരുടെ നേത്യത്തതിലാണ്‌ സ്വീകരിച്ചത്.
കാസര്‍കോട്‌ സംഘര്‍ഷ ഭൂമിയില്‍ മാനവ ഐക്യത്തിന്റെ പുതിയ അധ്യായമാണ്‌ ഇത് വഴി എഴുതിചേര്‍ത്തത്‌. നേരത്തെ മറുപുത്തിരി ഉത്സവം നടന്ന ചീരുമ്പ ഭഗവതി ക്ഷേത്രത്തിലും ഉറൂസ്‌ കമ്മിറ്റി ഭാരവാഹികള്‍ എത്തുകയും അവരെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. മാനവഐക്യം പുതു തലമുറയ്‌ക്ക്‌ കൈമോശം വന്നിട്ടില്ലെന്നും ഒരിക്കല്‍കൂടി തെളിയിക്കുകയാണ്‌ തളങ്കരയിലെ ജനങ്ങള്‍. ഉറൂസും ക്ഷേത്ര ഉത്സവവും ഞങ്ങള്‍ ഒന്നിച്ച്‌ കൊണ്ടാടുമെന്നും ഞങ്ങള്‍ക്കിടയില്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ക്ക്‌ സ്ഥാനമില്ലെന്നും അവര്‍ തെളിയിച്ചു. മാതൃകാപരമായ സമീപനമാണ്‌ ക്ഷേത്ര ഭാരവാഹികളും ഉറൂസ്‌ കമ്മിറ്റി ഭാരവാഹികളും കൈകൊണ്ടത്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com