പോര്‍ച്ചുഗീസ് ആധിപത്യത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചത് മാപ്പിളമാരുടെ ചെറുത്തുനില്‍പ് : ഡോ. എം. ഗംഗാധരന്‍

on Feb 2, 2010

malik deenar
കാസര്‍കോട്: മാലിക് ദീനാറും അനുയായികളും വരുന്നതിന് വളരെ മുമ്പുതന്നെ കേരളത്തില്‍ മുസ്ലിം സാന്നിധ്യമുണ്ടായിരുന്നതായി പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍. തളങ്കര മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1120കളിലാണ് മാലിക് ദീനാര്‍ കേരളത്തിലെത്തി കാസര്‍കോട്ടേതടക്കം എട്ടോളം പള്ളികള്‍ സ്ഥാപിച്ചത്. എന്നാല്‍, അറേബ്യന്‍ നാടുകളില്‍ ഇസ്ലാം നിലവില്‍വന്നയുടന്‍തന്നെ കേരളത്തിലും മുസ്ലിംകളുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ മരിച്ച മുസ്ലിംകളുടെ ഖബറിടങ്ങളും എട്ടാം നൂറ്റാണ്ടിലെ ഭൂമി കൈമാറ്റത്തിന്റെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ട മുസ്ലിം പേരുകളും ഇതിന് തെളിവാണ്. മാലിക് ദീനാറിന്റെ വരവോടെയാണ് കേരളത്തില്‍ മുസ്ലിം സാന്നിധ്യമുണ്ടായതെന്ന ധാരണ തെറ്റാണ്.
പോര്‍ച്ചുഗീസ് ആധിപത്യത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചത് മാപ്പിളമാരുടെ ചെറുത്തുനില്‍പാണ്. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച മാപ്പിളമാരുടെ ചരിത്രം വേണ്ടവിധത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അക്കാലത്തെ പോര്‍ച്ചുഗീസുകാര്‍ മൃഗങ്ങള്‍ക്ക് തുല്യരായിരുന്നെന്നാണ് ചരിത്രം പറയുന്നത്. മാപ്പിള ചെറുത്തുനില്‍പ് ഇല്ലായിരുന്നെങ്കില്‍ ഗോവയെപ്പോലെ വടക്കേ മലബാറും പോര്‍ച്ചുഗീസുകാരുടെ പിടിയിലാകുമായിരുന്നു. പിന്നീട് വന്ന ബ്രിട്ടീഷുകാര്‍ പരിഷ്കൃതരായിരുന്നു.
ഹിന്ദു^മുസ്ലിം^ക്രിസ്ത്യന്‍ മതസ്ഥര്‍ പരസ്പര ആശ്രിതരായി ജീവിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരമൊരു മതമൈത്രി അവകാശപ്പെടാനില്ല. കേരളത്തിലെ ഹിന്ദു രാജാക്കന്മാര്‍ മുസ്ലിംകളെ ഉപദ്രവിച്ചിരുന്നില്ല. വെള്ളിയാഴ്ച പള്ളിയില്‍ പോകാത്ത മുസ്ലിംകളെ സാമൂതിരി ശിക്ഷിച്ചിരുന്നു.
പൌരോഹിത്യത്തിന്റെ കല്‍പനകള്‍മൂലം മുസ്ലിം സ്ത്രീകള്‍ മുഖ്യധാരയില്‍നിന്ന് അകറ്റിനിറുത്തപ്പെടുന്നത് ശരിയല്ല. പുരോഹിതന്മാര്‍ പറയുന്നത് കേട്ടല്ല, ഖുര്‍ആനെ അടിസ്ഥാനമാക്കി മതാചാരങ്ങള്‍ നിര്‍വഹിക്കാനാണ് പ്രവാചകന്‍ നിര്‍ദേശിച്ചതെന്നും ഗംഗാധരന്‍ പറഞ്ഞു.
കെ.എം. അഹ്മദ് അധ്യക്ഷത വഹിച്ചു. റഹ്മാന്‍ തായലങ്ങാടി അതിഥികളെ പരിചയപ്പെടുത്തി. ഇബ്രാഹിം ബേവിഞ്ച, ഡോ. മുണ്ടോള്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. എ. അബ്ദുറഹ്മാന്‍ സ്വാഗതവും കെ.എം. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com