ഹൊസ്ദുര്‍ഗ് കോട്ടയുടെ പുനരുദ്ധാരണം ആരംഭിച്ചു

on Feb 23, 2010

കാഞ്ഞങ്ങാട്: തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഹോസ്ദുര്‍ഗ് കോട്ട നവീകരിച്ച് പൂര്‍വ്വസ്ഥിയിലാക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. ദേശീയ പുരാവസ്തു സംരക്ഷണ വകുപ്പിന്റെ കീഴിലാണ് കോട്ടയുടെ പുനര്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇക്കേരി രാജാക്കന്‍മാര്‍ പണിതതാണ് ഹോസ്ദുര്‍ഗ് കോട്ട. ആറേക്കറോളം സ്ഥലവിസ്തൃതിയില്‍ പണിതുയര്‍ത്തിയ കോട്ടയുടെ ഭാഗങ്ങളും ചുറ്റുമതിലും കാലപ്പഴക്കം കൊണ്ടും വിവിധതരം കയ്യേറ്റങ്ങള്‍ കൊണ്ടും ഓരോ ഭാഗങ്ങളും തകരുകയായിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസ് കോംപ്ലക്‌സ്, കോടതി സമുച്ചയങ്ങള്‍, പൊതുമരാമത്ത് വകുപ്പ് ഓഫീസുകള്‍, ചേയര്‍ ഹൗസ് കാംപാകൊ, വൈദ്യുതി ബോര്‍ഡ്, വിദ്യാഭ്യാസ ഓഫീസ്, മൃഗാശുപത്രി, പൊലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങിയവയും ഹൊസ്ദുര്‍ഗ് ഗവ.ഹൈസ്‌കൂളിന്റെ ഗ്രൗണ്ട്, ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവയ്ക്ക് പുറമെ ഏതാനും സ്വകാര്യാശുപത്രികളും വീടുകളും ക്വാര്‍ട്ടേഴ്‌സുകളും എല്ലാം കോട്ടയ്ക്ക് അകത്താണ്. കോട്ട പണിയുമ്പോള്‍ ഇവിടെയുണ്ടായിരുന്നത് പൂങ്കാവ് ശിവക്ഷേത്രം മാത്രമാണ്. ഇത് നേരത്തെ ദേവി ക്ഷേത്രമായിരുന്നുവത്രെ. ശേഷിക്കുന്ന രണ്ടര ഏക്കര്‍ സ്ഥലം മാത്രമാണ് ഇപ്പോള്‍ കോട്ടയ്ക്ക് സ്വന്തമായുള്ളത്. അതിന്റെ നടുവില്‍ തലയെത്തിനില്‍ക്കുന്നതാകട്ടെ ഒരു പൊതുശ്മശാനവും. ഇതടക്കമാണിപ്പോള്‍ പുരാവസ്തുവകുപ്പിന് കൈമാറിയിട്ടുള്ളത്. തകര്‍ന്ന കോട്ടഭാഗങ്ങള്‍ പൂര്‍വ്വസ്ഥിയിലാക്കാന്‍ ലക്ഷകണക്കിന് ചെങ്കല്ലുകള്‍ ആവശ്യമാണ്. ഇതിന് കോടികള്‍ ചിലവ് പ്രതീക്ഷിക്കുന്നു.

1 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com