ഈ തെളിനീര്‍ മുഹമ്മദ്ഹാജിയുടെ സ്നേഹവായ്പ്‌

on Mar 13, 2010

കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ റോഡിനോട് ചേര്‍ന്നുള്ള വീടിന്റെ മതില്‍ കെട്ടില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന പൈപ്പിനെ അപരിചിതരായെത്തുന്നവര്‍ ഒരു പക്ഷെ ഗൗനിച്ചേക്കില്ല. എന്നാല്‍ കാഞ്ഞങ്ങാട്ടുകാര്‍ക്ക് അറിയാം ഈ പൈപ്പ് മുഹമ്മദ്ഹാജിയുടെ സ്നേഹ വായ്പാണെന്ന്.... രാപകല്‍ ഭേദമില്ലാതെ ദാഹജലത്തിന്റെ തെളിനീരുറവാണ് ഈ പൈപ്പ്.

കാഞ്ഞങ്ങാട് ബസ്സ്റ്റാന്റില്‍ നിന്ന് കുന്നുമ്മലിലേക്ക് പോകുന്ന റോഡരികിലാണ് കാഞ്ഞങ്ങാട്ടെ വ്യാപാരി കോപ്പാട്ടി മുഹമ്മദ്ഹാജിയടെ വീട്. ഈ വീടിന്റെ മതില്‍ കെട്ടിലാണ് പുറത്തേക്ക് കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷമായി ഇവിടെ പൈപ്പ് സ്ഥാപിച്ചിട്ട്. എല്ലാ ദിവസവും വിദ്യാര്‍ഥികളും തൊഴിലാളികളും തുടങ്ങി ബസ്സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍വരെ ഇവിടെ വെള്ളം കുടിക്കാനെത്തും. കാഞ്ഞങ്ങാട് നഗരത്തിലെത്തുന്നവരുടെ കുടിവെള്ള കേന്ദ്രമായി മാറിയ ഈ പൈപ്പിന്‍ ചോട്ടില്‍ ചൂടുകാലമായതോടെ തിരക്കേറി. കുടിവെള്ളത്തിനായി ജനങ്ങള്‍ പരക്കം പായുന്നത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ആശയമാണിതെന്ന് മുഹമ്മദ്ഹാജി പറയുന്നു.

വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ ഉണ്ടെങ്കിലും വീട്ട് കിണറ്റിലെ തെളിനീര്‍ തന്നെയാണ് മുഹമ്മദ്ഹാജി നാട്ടുകാര്‍ക്ക് നല്‍കുന്നത്. പ്രത്യേക ടാങ്ക് സ്ഥാപിച്ച് അതില്‍ നിന്ന് മതില്‍കെട്ടിനടുത്തേക്ക് 50 മീറ്റര്‍ ദൂരത്തില്‍ പൈപ്പിട്ടാണ് കുടിവെള്ളടാപ്പ് സ്ഥാപിച്ചത്. ഇവിടെ കയര്‍ കോര്‍ത്തിണക്കിയ ഒരു ഗ്ലാസുംഉണ്ട്.

പൈപ്പില്‍ നിന്ന് വെള്ളം തെറിച്ച് റോഡ് നനയുമ്പോള്‍ ഇത് എടുത്ത് മാറ്റണമെന്ന് ചിലര്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ദാഹിക്കുന്നവരുടെ കാര്യമോര്‍ക്കുമ്പോള്‍ ഇത്തരം ഭീഷണി താന്‍ കാര്യമാക്കുന്നില്ലെന്നും മുഹമ്മദ്ഹാജി പറയുന്നു.
courtesy to Mathrubhumidailynewspaper

1 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com