സ്വകാര്യത ചോരുന്നു മൊബൈല്‍ ബില്‍ ഉയരുന്നു : തട്ടിപ്പിന്‌ പുതിയ മുഖം ; സിംകാര്‍ഡ്‌ പകര്‍ത്തല്‍

on Mar 20, 2010

തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ ക്യാമറയും ഇന്റര്‍നെറ്റ്‌ വൈറസുകളും വ്യക്തികളുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറ്റം തുടങ്ങിയതിനു പിന്നാലെ ഒരുപടികൂടി കടന്ന്‌, സിംകാര്‍ഡുകള്‍ അനധികൃതമായി പകര്‍ത്തിയെടുത്ത്‌ തട്ടിപ്പുനടത്തുന്ന വിദ്യ(സിംകാര്‍ഡ്‌ ക്ലോണിങ്‌)യും പടരുന്നു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും മറ്റൊരാളുടെ മൊബൈല്‍ഫോണ്‍ അക്കൗണ്ട്‌ ഉപയോഗിച്ച്‌ ഐ.എസ്‌.ഡി.കോള്‍ വിളിക്കാനും സൗകര്യമൊരുക്കുന്ന സിംകാര്‍ഡ്‌ ക്ലോണിങ്‌ സംഘങ്ങള്‍ കേരളത്തിലും സജീവമാകുകയാണ്‌.
ദേശീയവും അന്തര്‍ദേശീയവുമായ മൊബൈള്‍ഫോണ്‍ സേവനദാതാക്കള്‍ക്ക്‌ ബദലായി സംസ്ഥാനത്ത്‌ വിവിധ ഭാഗങ്ങളില്‍ അന്‍പതോളം അനധികൃത സമാന്തര മൊബൈല്‍ഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഇതേക്കുറിച്ച്‌ നടത്തിയ അന്വേഷണത്തില്‍ തെളിയുന്നു. വളരെക്കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക്‌ ഫോണ്‍ വിളിക്കാനുള്ള സൊകര്യമൊരുക്കുന്ന സംഘങ്ങളാണിവ. ഉപഭോക്താവിന്‌ വില്‍ക്കുന്നതിന്‌ മുമ്പ്‌തന്നെ കടകളില്‍ നിന്ന്‌ സംഘടിപ്പിക്കുന്ന സിംകാര്‍ഡുകളുടെ പകര്‍പ്പുകളെടുത്താണ്‌(സിംക്ലോണുകള്‍) ഇവര്‍ തട്ടിപ്പു നടത്തുന്നത്‌.
(പുതുതായി വാങ്ങുന്ന സിംകാര്‍ഡുകള്‍ പലപ്പോഴും ഇത്തരക്കാരുടെ കൈയിലെത്തി പകര്‍പ്പെടുക്കപ്പെട്ടശേഷമാണ്‌ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത്‌). നിരവധി ചൈനീസ്‌ കമ്പനികള്‍ സിംകാര്‍ഡ്‌ ക്ലോണിങ്‌ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്‌. അയ്യായിരം രൂപ മുതല്‍ എണ്‍പതിനായിരം രൂപവരെ മുടക്കിയാല്‍ ഇത്തരം യന്ത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്യാം. ഓരോ യന്ത്രത്തിനൊപ്പവും നിരവധി ബ്ലാങ്ക്‌ സിംകാര്‍ഡുകള്‍ സൗജന്യമായി ലഭിക്കും. കടകളില്‍ നിന്ന്‌ സംഘടിപ്പിക്കുന്ന സിംകാര്‍ഡുകള്‍ ഈ യന്ത്രത്തിന്റെ സഹായത്തോടെ പകര്‍ത്തിയശേഷം മടക്കി നല്‍കുന്നു. ഒരു സമാന്തര എക്‌സ്‌ചേഞ്ചുകാരന്റെ കൈവശം ഇത്തരത്തില്‍ നൂറുകണക്കിന്‌ സിംകാര്‍ഡ്‌ പകര്‍പ്പുകളുണ്ടാകും. നിലവിലെ കോള്‍ നിരക്കിന്റെ നാലിലൊന്നുമാത്രം ഈടാക്കി, ഐ.എസ്‌.ഡി.കോള്‍ വിളിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ്‌ തട്ടിപ്പിലെ പ്രധാന ഭാഗം. യഥാര്‍ത്ഥ സിംകാര്‍ഡ്‌ കൈയിലിരിക്കുന്നയാളിന്റെ ചെലവിലായിരിക്കും ഇത്തരം കോളുകള്‍ ചാര്‍ജ്‌ ചെയ്യപ്പെടുന്നത്‌. ചെറിയ തുകയുടെ വ്യത്യാസം മൊബൈല്‍ ഉപഭോക്താക്കള്‍ അറിയാതെ പോവുകയാണെങ്കിലും പലപ്പോഴും തങ്ങളറിയാത്ത ഫോണ്‍വിളിക്ക്‌ വന്‍തുക നല്‍കേണ്ടിവരുമ്പോള്‍ സേവനദാതാക്കളുമായി വഴക്കുണ്ടാകുന്നതും വ്യാപകമാവുകയാണ്‌. ഇടപാടുകാര്‍ക്ക്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ വിളിക്കാനാണ്‌ ഇത്തരം സമാന്തരക്കാര്‍ സൗകര്യം ചെയ്‌തുകൊടുക്കുന്നത്‌.
" സിംകാര്‍ഡ്‌ ക്ലേണിങ്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തന്നെ രംഗത്തുണ്ടെങ്കിലും കേരളത്തില്‍ സജീവമായത്‌ ഇപ്പോഴാണ്‌. സിംകാര്‍ഡിലെ വിവരങ്ങളുടെ പകര്‍പ്പെടുത്ത്‌ ബാക്‌അപ്‌ സൂക്ഷിക്കാനാണ്‌ ക്ലോണ്‍ യന്ത്രങ്ങള്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളതെങ്കിലും പല സ്ഥലങ്ങളിലും അത്‌ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു. ചില സ്വകാര്യ ഡിറ്റക്ടീവ്‌ ഏജന്‍സികളും ഇത്തരം ക്ലോണിങ്‌ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌." കൊച്ചിയിലെ ഇന്റഗ്രേറ്റഡ്‌ ബിസിനസ്‌ പ്രൊമോഷന്‍ എന്ന സ്ഥാപനത്തിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ പി.ശിവശങ്കര്‍ പറയുന്നു. ഭാര്യയുടെ ഫോണ്‍വിളി രഹസ്യങ്ങള്‍ ചോര്‍ത്താന്‍, അവരുടെ സിംകാര്‍ഡ്‌ ഡിറ്റക്ടീവ്‌ ഏജന്‍സിക്ക്‌ നല്‍കി ക്ലോണ്‍ ചെയ്‌തശേഷം തിരികെ ഫോണിലാക്കുന്ന ഭര്‍ത്താവും ക്ലോണ്‍ചെയ്‌ത സിമ്മും പുത്തന്‍ മൊബൈലും ഭര്‍ത്താവിന്‌ സമ്മാനമായി നല്‍കി, ഡിറ്റക്ടീവ്‌ ഏജന്‍സികളുടെ സഹായത്തോടെ രഹസ്യം ചോര്‍ത്തുന്ന ഭാര്യയും കേരളത്തില്‍ വിരളമല്ല.
സിംകാര്‍ഡ്‌ ക്ലോണിങ്‌ യന്ത്രങ്ങള്‍ വിദേശത്ത്‌ നിന്ന്‌ കൊണ്ടുവരുന്നതിന്‌ ചിലവുണ്ടെങ്കിലും കൊറിയര്‍ സര്‍വീസ്‌ വഴി പലപ്പോഴും കസ്‌റ്റംസ്‌ പരിശോധനയിലെ പഴുതുകളിലൂടെ ഇവ ആവശ്യക്കാരുടെ കൈയിലെത്തുന്നു. ഏറ്റവും കുറഞ്ഞ യന്ത്രത്തിന്‌ ഒരു പകര്‍പ്പെടുക്കാന്‍ നാലു മുതല്‍ എട്ടുമണിക്കൂര്‍ വരെ വേണം. പുത്തന്‍ യന്ത്രങ്ങള്‍ക്ക്‌ മണിക്കൂറില്‍ നാലും അഞ്ചും കാര്‍ഡുകളുടെ പകര്‍പ്പെടുക്കാം. വന്‍കിട സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക്‌ നല്‍കുന്ന പൊതു മൊബൈല്‍ സംവിധാനത്തിലേക്ക്‌ കടന്നുകയറി അനധികൃത ഐ.എസ്‌.ഡി.കോളുകള്‍ തരപ്പെടുത്തി നല്‍കുന്ന ഏജന്‍സികളും സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com