കേന്ദ്ര ബജറ്റ്‌ സ്വകാര്യവല്‍ക്കരണത്തിന്‌ ആക്കം കൂട്ടും: എംപി

on Mar 14, 2010


കഞ്ഞങ്ങാട്‌: കേന്ദ്ര റെയില്‍വെ-പൊതു ബജറ്റുകള്‍ സ്വകാര്യവല്‍ക്കരണത്തിന്‌ ആക്കം കൂട്ടുമെന്ന്‌ പി കരുണാകരന്‍ എംപി അഭിപ്രായപ്പെട്ടു. ബജറ്റിന്‌ മുന്നോടിയായി പുറത്ത വന്ന സാമ്പത്തിക സര്‍വ്വെയും പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗവും മുന്നോട്ട്‌ വെക്കുന്ന നവലിബറല്‍ നയങ്ങള്‍ തന്നെയാണ്‌ റെയില്‍-പൊതു ബഡ്‌ജറ്റുകളിലും പ്രതിഫലിക്കുന്നത്‌. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പി കരുണാകരന്‍. നികുതി ഘടനയില്‍ മാറ്റം വരുത്തി വന്‍കിടകാര്‍ക്ക്‌ കോടികണക്കിന്‌ രൂപയുടെ ഇളവുകള്‍ നല്‍കിയ ബജറ്റ്‌ സാധാരണക്കാരുടെ ജീവിതഭാരം വര്‍ധിപ്പിക്കും. എക്‌സൈസ്‌ ഡ്യൂട്ടി വര്‍ധനയിലൂടെ എല്ലാ അവശ്യവസ്‌തുക്കളുടെയും വില വന്‍തോതില്‍ഉയരും. ഭക്ഷ്യ സംഭരണ വിതരണസംവിധാനങ്ങളെ തകര്‍ക്കുന്ന നിര്‍ദ്ദേശങ്ങളാണ്‌ ബജറ്റിലുളളത്‌. ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഇന്‍ഡ്യന്‍ റെയില്‍വെ ദേശീയോദ്‌ഗ്രഥനത്തിന്റെ അടയാളമാണ്‌. സ്ഥലം പാട്ടത്തിന്‌ നല്‍കിയും ലൈനുകള്‍ സ്വകാര്യവല്‍ക്കരിച്ചും പുതിയ പദ്ധതികള്‍ പബ്ലിക്ക്‌ പ്രൈവറ്റ്‌ പാര്‍ട്ടിസിപ്പേഷനിലൂടെ (പിപിപി) സ്വകാര്യവല്‍ക്കരിക്കാനാണ്‌ നീക്കം. 17 ലക്ഷം തൊഴിലാളികളുണ്ടായിരുന്ന റെയില്‍വെയില്‍ 14 ലക്ഷമാക്കി കുറച്ചു. ഒഴിഞ്ഞുകിടക്കുന്ന 1.8 ലക്ഷം തസ്‌തികകളില്‍ എണ്‍പതിനായിരം തസ്‌തികകള്‍ റെയില്‍വെ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്‌. കേരളത്തിന്റെ റെയില്‍വെ ആവശ്യങ്ങളോട്‌ നിഷേധ സമീപനമാണ്‌ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com