ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ 30 ശതമാനമെങ്കിലും ന്യൂനപക്ഷവിദ്യാര്‍ഥികള്‍ വേണം

on Mar 8, 2010

-mathrubhumi

പല ന്യൂനപക്ഷ സ്ഥാപനങ്ങളിലും ന്യൂനപക്ഷക്കാര്‍ വളരെ കുറവ്‌.

ന്യൂനപക്ഷങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞത് 30 ശതമാനം പ്രവേശനം നിര്‍ബന്ധമാക്കണമെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.എസ്.എ. സിദ്ദിഖിയാണ് കഴിഞ്ഞയാഴ്ച ഈ ഉത്തരവു പുറപ്പെടുവിച്ചത്. എന്നാല്‍ ഇത്തരമൊരു നിബന്ധന വയ്ക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും വാദമുയര്‍ന്നിട്ടുണ്ട്.

മധ്യപ്രദേശ്, അസം, യു.പി. സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകള്‍ പരിഗണിക്കുമ്പോഴാണ് കമ്മീഷന്‍ 30 ശതമാനം ന്യൂനപക്ഷ വിദ്യാര്‍ഥിപ്രവേശനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ സംവരണം പത്തു ശതമാനം പോലുമില്ലെന്ന് നിരീക്ഷിച്ച ചെയര്‍മാന്‍ സംസ്ഥാനങ്ങളുടെ അപേക്ഷകളെല്ലാം തള്ളി. മാര്‍ച്ച് രണ്ടു മുതല്‍ നാലുവരെ നടന്ന സിറ്റിങ്ങില്‍ ഇത്തരം നൂറോളം അപേക്ഷകള്‍ നിരസിച്ചതായി അറിയുന്നു. അസമിനോട് 30 ശതമാനം ന്യൂനപക്ഷപ്രവേശനം നിര്‍ദേശിച്ച ചെയര്‍മാന്‍ യു.പി.യോട് അത് 50 ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ടതായും കമ്മീഷന്‍ വൃത്തങ്ങള്‍ മാതൃഭൂമി ദിനപത്രത്തോട് പറഞ്ഞു.

അംഗങ്ങളുടെ കാലാവധി തീര്‍ന്ന സാഹചര്യത്തിലും പുതിയവര്‍ നാമനിര്‍ദേശം ചെയ്യപ്പെടാത്തതിനാലും ചെയര്‍മാന്‍ മാത്രമാണ് ഇപ്പോള്‍കമ്മീഷനിലുള്ളത്. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശം ഏകപക്ഷീയമാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം സിസ്റ്റര്‍ ജെസ്സി കുര്യന്‍ വ്യക്തമാക്കി.

ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രാഥമികമായി ന്യൂനപക്ഷങ്ങളുടെ ഗുണത്തിനുള്ളതു മാത്രമെന്നാണ് സുപ്രീംകോടതി കാഴ്ചപ്പാട്. എന്നാല്‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സീറ്റു നിര്‍ബന്ധമാക്കിയുള്ള പ്രത്യേക ഉത്തരവൊന്നും സുപ്രീംകോടതിയോ ഹൈക്കോടതിയോ നല്‍കിയിട്ടില്ലെന്നിരിക്കെ പുതിയ നിര്‍ദേശം സാധുവല്ല. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 30 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവൊന്നും നിലവിലില്ല - അവര്‍ പറഞ്ഞു.

ഇപ്പോഴത്തെ ചെയര്‍മാന്‍ ജസ്റ്റിസ് സിദ്ദിഖിക്ക് കഴിഞ്ഞ ഡിസംബര്‍ 18നാണ് കേന്ദ്രസര്‍ക്കാര്‍ പുനര്‍നിയമനം നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കമ്മീഷന്‍ അംഗം ബി.എസ്. രാമുവാലിയ രാജിവെച്ചിരുന്നു. ഡിസംബര്‍ അഞ്ചിന് സിസ്റ്റര്‍ ജെസ്സി കുര്യന്റെ കാലാവധിയും അവസാനിച്ചു. കമ്മീഷന്‍ അംഗങ്ങളില്‍ ഒഴിവുള്ള രണ്ടു തസ്തികകളിലേക്കും ഇതുവരെ കേന്ദ്രംനിയമനം നടത്തിയിട്ടില്ല.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com