സഞ്ചാരികളെ കാത്ത് മഞ്ഞംപൊതിക്കുന്ന്

on Mar 30, 2010

കാഞ്ഞങ്ങാട്: ആകാശ നീലിമയുടെ അപാരതയില്‍ അലിഞ്ഞില്ലാതാകുന്ന കുന്നുകള്‍; വൃക്ഷത്തലപ്പിലെ ഹരിതാഭയില്‍ ഇടക്കിടെ തെളിയുന്ന കെട്ടിടങ്ങള്‍, പുഴയും വയലേലകളുമായി എങ്ങും പ്രകൃതിഭംഗി, കടല്‍കാറ്റിന്റെ ശീതളിമയില്‍ നട്ടുച്ചയ്ക്കുപോലും കുളിരേകുന്ന കാലാവസ്ഥ. വളഞ്ഞു പുളഞ്ഞു കയറുന്ന ചെമ്മണ്‍ പാതയിലൂടെ മഞ്ഞംപൊതിക്കുന്നിന് നെറുകയിലെത്തുന്നവരെ കാത്തിരിക്കുന്നത് കാഴ്ചയുടെ വിസ്മയങ്ങള്‍. മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപമാണ് ഈ സ്ഥലം. ആനന്ദാശ്രമത്തിലെത്തുന്ന ഭക്തരോടൊപ്പം ജില്ലയിലെ മറ്റു പ്രദേശങ്ങളിലുള്ളവരും മഞ്ഞംപൊതിക്കുന്നിലെത്താറുണ്ട്. കാഞ്ഞങ്ങാടിന്റെ പൈതൃക സ്വത്തായാണ് നാട്ടുകാര്‍ കുന്നിനെ കാണുന്നത്. രാമരാവണയുദ്ധത്തില്‍ മോഹലാസ്യത്തിലമര്‍ന്ന ശ്രീരാനും സൈന്യത്തിനും ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവരുമ്പോള്‍ @ഷഭാദ്രിയില്‍ നിന്ന് അടര്‍ന്നുവീണ ഒരു കഷണമാണ് മഞ്ഞംപൊതിക്കുന്നെന്നാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മ്മയ്ക്ക് കുന്നിന്റെ നെറുകയില്‍ ഒരു ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്നു. കുന്നിന്‍ ചെരിവില്‍ ഭീമാകാരമായൊരു ഗുഹ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മഞ്ഞംപൊതിക്കുന്നിലെ ടൂറിസം സാധ്യതകള്‍ ആരായുകയാണ് നാട്ടുകാര്‍. പൈതൃക സംരക്ഷണസമിതി ഇതിന് നേതൃത്വം നല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കില്‍ കുന്നിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ബി.ആര്‍.ഡി.സി.യും തയ്യാറാണ്. മഞ്ഞംപൊതിക്കുന്നിന്റെ പൈതൃകം വെളിപ്പെടുത്തുന്ന രീതിയില്‍ മനോഹരവും വ്യത്യസ്തവുമായൊരു ശില്പം നിര്‍മ്മിക്കാനാണ് പൈതൃക സമിതി പദ്ധതിയിടുന്നത്. ഇതിന് ശില്പി കാനായി കുഞ്ഞിരാമന്റെ പിന്തുണയുമുണ്ട്. തന്റെ നാടിന്റെ യശസ്സുയര്‍ത്താന്‍ എന്ത് സഹായം ചെയ്യാനും ഒരുക്കമാണെന്ന് അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com