നാടന്‍ പച്ചക്കറിവിത്തുകള്‍ അപ്രത്യക്ഷമാവുന്നു

on Mar 11, 2010

ഹൊസ്ദുര്‍ഗ്ഗ്: ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പച്ചക്കറിവിത്തുകള്‍ വിപണി കീഴടക്കിയതോടെ നാടന്‍ വിത്തിനങ്ങള്‍ അപ്രത്യക്ഷമായിത്തുടങ്ങി. വിപണിയില്‍നിന്ന് കിട്ടുന്ന വിത്തുകള്‍ കൃഷിചെയ്താല്‍ അതില്‍നിന്ന് വിത്തെടുക്കാന്‍ കഴിയില്ല. വീണ്ടും കൃഷിചെയ്യണമെങ്കില്‍ വിപണിയെത്തന്നെ ആശ്രയിക്കണം. കൂടുതല്‍ വിളവ് കിട്ടുന്നതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറികൃഷി നടത്തുന്നവര്‍ ഇത്തരം വിത്തിനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്തരം വിത്തിനങ്ങള്‍ക്കാവട്ടെ തൊട്ടാല്‍ പൊള്ളുന്ന വിലയും. ബാംഗ്ലൂര്‍, മുംബൈ ആസ്ഥാനമായ നിരവധി കമ്പനികളുടെ വിത്തുകള്‍ വിപണിയില്‍ലഭ്യമാണ്. 25 ഗ്രാം കക്കിരി വിത്തിന്റെ വില 385 രൂപ മുതല്‍ 440 രൂപ വരെയാണ്. പയര്‍ (250 ഗ്രാം 350 രൂപ), പയര്‍ (ജര്‍മന്‍ ഹൈബ്രീഡ് 500 ഗ്രാം 400 രൂപ), പാവയ്ക്ക (50 ഗ്രാം 190 രൂപ), നരമ്പന്‍ (50 ഗ്രാം 250 രൂപ), വെണ്ട (100 ഗ്രാം 133 രൂപ), കുമ്പളം, മത്തന്‍ (50 ഗ്രാം 165 രൂപ), പടവലം (50 ഗ്രാം 210 രൂപ), പച്ചമുളക് (10 ഗ്രാം 250 രൂപ). വിലക്കൂടുതലൊന്നും പച്ചക്കറിവിത്തിന്റെ വില്പനയെ ബാധിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നാടന്‍ വിത്തിനങ്ങളില്‍ വെണ്ടയും ചീരയുമാണ് കിട്ടാനില്ലാത്തത്. ഇതോടെ നീളംകൂടിയ നാടന്‍ വെണ്ട ഇനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടി. വില്ലേജ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ പച്ചക്കറിവിത്തുകള്‍ വിതരണംചെയ്യുന്നുണ്ടെങ്കിലും നാടന്‍ ഇനങ്ങള്‍ കിട്ടാനില്ല. സര്‍ക്കാര്‍ വിത്തുല്പാദനകേന്ദ്രങ്ങള്‍ വഴിയുള്ള പച്ചക്കറിവിത്ത് വിതരണവും കാര്യക്ഷമമല്ല. കീടബാധ അകറ്റാനുള്ള വിഷമരുന്ന് പ്രയോഗം രൂക്ഷമായതോടെ നല്ല ഇനം പച്ചക്കറികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്.
-mathrubhumi

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com