ദുബായില്‍ നിന്ന് മുക്കാല്‍ കോടിയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയ പ്രതികള്‍ക്കെതിരെ കാഞ്ഞങ്ങാട്ട് കുറ്റപത്രം

on Mar 25, 2010

കാഞ്ഞങ്ങാട്: ദുബായില്‍ നിന്നും മുക്കാല്‍ കോടിയിലേറെ രൂപയുടെ മൊബൈല്‍ ഫോണുകള്‍ തട്ടി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട കാസര്‍കോട് സ്വദേശികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കളനാട് കീഴൂരിലെ അബ്ദുല്ല കുഞ്ഞിയുടെ മകന്‍ സാലി അബ്ദുല്‍ ഖാദര്‍ (39), മുംബൈ സ്വദേശി മെഹബൂബ് അലി മുഹമ്മദ് കത്രിയുടെ മകന്‍ ഫറൂഖ് മെഹബൂബ് കത്രി (30), കീഴൂരിലെ മാഹിന്‍ എന്ന മൊയിച്ചാന്റെ മാഹിന്റെ മകന്‍ ഖാദര്‍ എന്ന അബ്ദുല്‍ ഖാദര്‍ (30), കാസര്‍കോട് കോര്‍ട്ട് റോഡിലെ കുട്ട്യാലി വളപ്പില്‍ സക്കറിയ അബ്ദുള്ള എന്ന സക്കറിയ (37), ഉളിയത്തടുക്ക പായല്‍ എസ്.പി.നഗറിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് നിയാസ് (30) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.2008 ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 19 വരെയുള്ള കാലയളവില്‍ ദേര ദുബായിലെ എം.എസ്.കമ്പ്യൂട്ടറില്‍ സെന്ററില്‍ നിന്നും നോക്കിയ, സാംസണ്‍ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങിയ വകയില്‍ കമ്പനിക്ക് നല്‍കേണ്ട 75,48,000 രൂപയ്ക്ക് പകരം ചെക്ക് നല്‍കുകയും പ്രസ്ത്ുത ചെക്ക് പണമില്ലെന്ന കാരണത്താല്‍ ബാങ്കില്‍ നിന്നും മടങ്ങിയതോടെ പ്രതികള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. എം.എസ്.കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ജനറല്‍ കണ്ണൂര്‍ കുഞ്ഞിമംഗലം തെരുവിലെ കിഴക്കേ വീട്ടില്‍ കെ.വി. നാരായണന്റെ മകന്‍ കെ.വി. അശോകന്‍ (36) തട്ടിപ്പ് സംബന്ധിച്ച് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹബീബ് റഹ്മാന് പരാതി നല്‍കുകയും ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതികളെ പോലീസ് വിവിധ സ്ഥലങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തു. ഐ.പി.സി 406,420 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രതികളില്‍ ചിലര്‍ക്ക് ദുബായില്‍ ഉണ്ടായിരുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഹൊസ്ദുര്‍ഗ് അസി.സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com