ജില്ലയില്‍ ജലക്ഷാമം രൂക്ഷം : പദ്ധതികള്‍ ഫയലിലുറങ്ങുന്നു:

on Mar 22, 2010

കാഞ്ഞങ്ങാട്: ജില്ലയില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുമ്പോഴും നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളെല്ലാം ചുവപ്പുനാടയില്‍. അരനൂറ്റാണ്ടുമുമ്പ് നടപ്പാക്കാന്‍ നിര്‍ദേശിച്ച കാക്കടവ് ജലസേചന പദ്ധതി ഇന്നും യാഥാര്‍ഥ്യമായിട്ടില്ല. കുടിയൊഴിപ്പിക്കലില്ലാതെ ചെറിയ ചെക്കുഡാമുകള്‍ നിര്‍മിച്ച് ജലം സംഭരിച്ച് കുടിവെള്ള വിതരണം നടത്തണമെന്ന് നിര്‍ദേശിക്കപ്പെട്ട പദ്ധതികള്‍ക്കും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇത് യാഥാര്‍ഥ്യമായാല്‍ കയ്യൂര്‍, ചീമേനി, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, പയ്യന്നൂര്‍ നഗരസഭ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ശുദ്ധജലം എത്തിക്കാനും ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആര്‍.പി ക്യാംപ് എന്നിവിടങ്ങളിലേക്കും ശുദ്ധജലം എത്തിക്കാന്‍ കഴിയും. ഇപ്പോള്‍ വര്‍ഷംതോറും നിര്‍മിക്കുന്ന താല്‍ക്കാലിക തടയണയില്‍ വെള്ളം തടഞ്ഞുനിര്‍ത്തിയാണ് ഏഴിമല നാവിക അക്കാദമിക്ക് വെള്ളം എത്തിക്കുന്നത്. ഇതിനുവേണ്ടി ഓരോ വര്‍ഷവും ലക്ഷങ്ങളാണ് ചെലവാക്കുന്നത്. കാര്‍ഷിക മേഖലയിലെ ജലസേചനം ലക്ഷ്യംവച്ചു നിര്‍മിക്കാന്‍ നിര്‍ദേശിച്ച മൂന്നാംകടവ് പദ്ധതിയും ഉപേക്ഷിച്ച മട്ടിലാണ്. വര്‍ഷങ്ങായി സര്‍വേ പ്രവര്‍ത്തനത്തിനും ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത് . ജില്ലയ്ക്ക് ഏറെ പ്രയോജനപ്പെടുന്നതായിരുന്ന മൂന്നാംകടവ് പദ്ധതി. വരള്‍ച്ചമൂലം നൂറുകണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷികളാണ് നശിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാവും. ഉപ്പുവെള്ളം കയറുന്നത് തടഞ്ഞു കൃഷിയെ രക്ഷിക്കുന്നതിന് വേണ്ടി 30 വര്‍ഷം മുമ്പ് നിര്‍മിച്ച നമ്പ്യാര്‍കല്‍ അണക്കെട്ട് തകര്‍ന്നതിനാല്‍ ഉപ്പുവെള്ളം കയറി കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളിലെ നിരവധി ഹെക്ടര്‍ കൃഷിസ്ഥലം തരിശായി കിടക്കുകയാണ്. കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് ഒഴുകുന്ന നദികളില്‍ വൈദ്യുതിക്കും ജലസേചനത്തിനുമായി കര്‍ണാടക പ്രയോജനപ്പെടുത്തുമ്പോള്‍ കേരളം നിസ്സംഗത പാലിക്കുകയാണ്. പയസ്വിനിയുടെയും ചന്ദ്രഗിരിയുടെയും ഉല്‍ഭവകേന്ദ്രങ്ങളില്‍ കര്‍ണാടക സര്‍ക്കാര്‍ ഡാമുകള്‍ നിര്‍മിച്ച് ജലസേചനത്തിന് ഉപയോഗിച്ചാല്‍ കേരളത്തിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും നിലയ്ക്കും. ഇതിനായി കര്‍ണാടക സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചുകഴിഞ്ഞു. ജലസംഭരണ കേന്ദ്രങ്ങളായ നിരവധി നീരുറവകളും കുളങ്ങളും ശ്രദ്ധിക്കാനാളില്ലാതെ നശിക്കുകയാണ്. ജലസംഭരണികളായ ചെങ്കല്‍ കുന്നുകള്‍ ഇടിച്ചുനിരത്തിയും നെല്‍വയലുകള്‍ നികത്തുന്നതും ജില്ലയില്‍ അനുദിനം വര്‍ധിച്ചുവരികയാണ്. നീലേശ്വരം, പൂവാലംകൈ, ചായ്യോം, ചെറുവത്തൂര്‍, നീലമലക്കുന്ന്, പുല്ലൂര്‍, കേളോട്ട്, കരക്കക്കുണ്ട്, കോടോം ബേളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുന്നുകള്‍ നാമാവശേഷമായികഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ നെല്‍വയലുകള്‍ നികത്തുന്നതും കുന്നിടിക്കുന്നതും ജില്ലയിലാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ജലക്ഷാമം രൂക്ഷമാവുമ്പോള്‍ ഭൂഗര്‍ഭ ജലചൂഷണം നടത്തുന്ന കുഴല്‍ക്കിണര്‍ നിര്‍മാണം നിയന്ത്രിക്കപ്പെടുന്നില്ല. ഉപരിതല ജലം താഴ്ന്ന സ്ഥലത്തുകൂടി കുഴല്‍ക്കിണര്‍ വ്യാപകമാണ്. ഭൂഗര്‍ഭ ജലവും ഉപരിതല ജലവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com