Friday's Talk: സിങ്ങിനു ടാറ്റ പറയാം, ടാറ്റയെ കിങ്ങാക്കാം

on Oct 16, 2009

Ratan Tata
രാജേഷ് ജെയിന്‍
അസാധാരണ കര്‍മ്മങ്ങളിലേയ്ക്ക് നയിക്കുന്നത് അസാധാരണമായ സാഹചര്യങ്ങളാണ്. അസാധാരണമായ നേതൃത്വത്തില്‍ നിന്നുമേ അങ്ങനെയൊന്ന് പ്രതീക്ഷിക്കാനാവൂ. ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം വീണ്ടും വീണ്ടും പരാജയപ്പെടുന്നു. സാമ്പത്തിക - ഭീകരവാദ പ്രതിസന്ധികള്‍ നേരിടുകയാണ് നാം. രാജ്യത്തിന്റെ ആഗോള വ്യാപാരത്തിന് തിരശീലയിടുകയാണ് ഭീകരവാദം. രാജ്യ പുരോഗതി തടയുക എന്നു വെച്ചാല്‍, ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ അതിജീവനത്തിനുളള വഴികളാണ് അടയുന്നത്. നമുക്കൊരു ഒബാമയില്ലെങ്കിലും പലതരം ജോര്‍ജു ബുഷുമാര്‍ പല തട്ടുകളിലായുണ്ട്. ഏത് പാര്‍ട്ടി ഭരിച്ചാലും ഈ അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഈ വിഷമവൃത്തത്തില്‍ നിന്ന് പുറത്തു വരണമെങ്കില്‍ അടിസ്ഥാനഘടനയില്‍ മാറ്റമുണ്ടാകണം. അങ്ങനെ മാത്രമേ നമുക്ക് മുന്നേറാനാകൂ.

പുതിയൊരു രാഷ്ട്രീയ ശക്തിയെന്ന ആഡംബരത്തെക്കൂടി താങ്ങാനുളള കരുത്ത് നമുക്ക് ഇപ്പോഴില്ല. ദശാബ്ദങ്ങളെടുക്കുന്ന സുദീര്‍ഘമായ പ്രക്രിയയാണത്. എകെ 47 തോക്കുകളേന്തിയ ഭീകരരെ ലാത്തിയും റൈഫിളുമായി മുംബൈ പോലീസ് നേരിട്ട് പരാജയപ്പെട്ടപ്പോള്‍ സഹായത്തിനെത്തിയ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് തുല്യരായവരെയാണ് നമുക്ക് വേണ്ടത്. എന്‍എസ്ജിക്കാരെത്തി. പ്രശ്നങ്ങള്‍ പരിഹരിച്ചു. എന്നിട്ട് ഭദ്രമായി സിവില്‍ അധികാരികളെ തിരികെയേല്‍പ്പിച്ചു. രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുളള ഒരു സര്‍ക്കാരില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത് അതാണ്. അതിനു വേണ്ടി ഒരു ദശാബ്ദം കാത്തിരിക്കാന്‍ നമുക്ക് കഴിയില്ല.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് മൂന്നു പ്രധാന പോരായ്മകളുണ്ട്. ഒന്നാമത് രാഷ്ട്രീയക്കാര്‍. അവരെക്കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം. അവറ്റയെല്ലാം ചീത്തയാണെന്ന് നമുക്കെല്ലാമറിയാം. അവരുടെ നിഷ്ക്രിയത്വം നമ്മെ വേദനിപ്പിക്കുകയോ കൊല്ലുകയോ ഇല്ലായിരിക്കാം, ഇതുവരെ. നിലവിലുളള സംവിധാനം ഒരു ശുദ്ധീകരണമാവശ്യപ്പെടുന്നു. ഒരു പാര്‍ട്ടിക്കു പകരം വേറൊന്നിനെ വെച്ചുമാറുന്നതു കൊണ്ട് കാര്യമൊന്നുമില്ല.

ബ്യൂറോക്രസിയാണ് രണ്ടാമത്. ബ്രിട്ടീഷ് രാജിന്റെ കാലത്ത് തുടങ്ങിയ സ്ഥാപനങ്ങളും നിയമങ്ങളും പൊളിച്ചടുക്കണം. ഭരണ നേതാക്കളും ഭരണ സംവിധാനവും തമ്മിലുളള കൊടുക്കല്‍ വാങ്ങല്‍ ഒരിക്കലും നിലയ്ക്കുന്നില്ല. പരസ്പരം പാലൂട്ടുകയാണ് അവര്‍. ഈ കൂട്ടുകെട്ട് തകര്‍ക്കുക തന്നെ വേണം.

മൂന്നാമത് വിദ്യാഭ്യാസം. കഴിവു കെട്ടവരെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നത് നമുക്കിടയിലെ പാമരന്മാരാണ്. അത് ഒഴിവാക്കാന്‍ വിദ്യാഭ്യാസ രംഗത്ത് വമ്പന്‍ മൂലധന നിക്ഷേപം നടത്തണം. ഈ മൂന്നു ഘടകങ്ങളെയും ഒന്നിച്ചെടുത്താല്‍ ഒരിക്കലും പുറത്തുകടക്കാന്‍ പറ്റാത്ത ഒരു ചക്രവ്യൂഹം തന്നെയാണ് അത്. നല്ല ഭരണ സംവിധാനം രൂപപ്പെടാന്‍ ഇത് അനുവദിക്കുന്നില്ല.

രത്തന്‍ ടാറ്റയുടെയും സംഘത്തിന്റെയും പ്രസക്തി ഇവിടെയാണ്. എന്‍എസ്ജി കമാന്‍ഡോകള്‍ക്ക് തുല്യരായ സംഘാംഗങ്ങള്‍ക്കൊപ്പം രത്തന്‍ ടാറ്റ ഇന്ത്യയുടെ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങുമ്പോള്‍, പ്രശ്നങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെടും. ആ പ്രശ്നങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് കൈമാറുമ്പോള്‍, അവര്‍ക്ക് തീരുമാനിക്കാം, ഏത് തരത്തിലുളള രാഷ്ട്രീയക്കാരെയാണ് നാം തെരഞ്ഞെടുക്കേണ്ടതെന്ന്.

ശരിയായ നയം സ്വീകരിക്കാനും ഭാവി രാഷ്ട്രം കെട്ടിപ്പെടുക്കാനുളള അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും വികസിപ്പിക്കാനും ഈ ടീമിന് അ‍ഞ്ചു വര്‍ഷത്തെ സമയം നല്‍കണം. ഈ തരത്തിലൊരു മാറ്റമാണ് ഇന്ത്യ കൊതിക്കുന്നത്.

ഈ യഥാര്‍ത്ഥ സര്‍ക്കാര്‍ പരിഗണിക്കേണ്ട അഞ്ച് പ്രധാന മേഖലകള്‍ ഇതാണ്.

1. ദേശീയ സുരക്ഷ - നമ്മുടെ സുരക്ഷ ഉറപ്പു വരുത്തുന്നതോടൊപ്പം എതിരാളികളില്‍ നമ്മെക്കുറിച്ച് ഭയവും നിറയണം.
2. അടിസ്ഥാന സൗകര്യങ്ങള്‍ റോഡുകള്‍, തുറമുഖങ്ങള്‍, അതിവേഗ ട്രെയിനുകള്‍, ഊര്‍ജ നിലയങ്ങള്‍ (സൂര്യതാപത്തില്‍ നിന്ന്) എന്നിവയാണ് രാജ്യം ഉറ്റുനോക്കുന്നത്.
3. വിദ്യാഭ്യാസം - സര്‍ക്കാര്‍ എത്രയും വേഗം ഈ വഴിയില്‍ നിന്ന് പുറത്തുകടക്കണം.
4. ഭരണ സ്ഥാപനങ്ങള്‍ - ഉത്തരവാദിത്തമുളള സ്വയം ഭരണസ്ഥാപനങ്ങളാക്കണം.
5. നഗരവത്കരണം - ആറുലക്ഷം ഗ്രാമങ്ങളെക്കുറിച്ചുളള അഭിമാനം ഉപേക്ഷിച്ച് ആറായിരം പുതിയ നഗരങ്ങള്‍ നിര്‍മ്മിക്കണം.
ഇത്രയും ചെയ്താല്‍ തന്നെ ബാക്കിയുളളവ സ്വാഭാവികമായി അതാതിന്റെ സ്ഥാനത്ത് ആവിര്‍ഭവിക്കും.

തൊലിപ്പുറത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന പരിഹാരങ്ങള്‍ മതിയാക്കാം. അടിമുടിയുളള മാറ്റമാണ് വേണ്ടത്. തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ മാറ്റിവെച്ച് കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നില്‍ക്കുകയും രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ മൂന്നൂറിലധികം കഴിവുറ്റ നേതാക്കളെ പാര്‍ലമെന്റിലേയ്ക്ക് അയയ്ക്കുകയും വേണം. രാഹുലിനും നരേന്ദ്ര മോഡിക്കും (മായാവതിക്കും) 2014ല്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാം. ഭരണാര്‍ഹയായ, അഭിമാനിക്കാന്‍ വകയുളള, ലോകം ബഹുമാനിക്കുന്ന ഒരിന്ത്യയുടെ സൃഷ്ടി അതോടെ നടക്കും.

ഇതൊക്കെ അസാധ്യമാണെന്ന് എനിക്കറിയാം. കഴി‍ഞ്ഞയാഴ്ച നടന്നതെന്തെന്ന് നാം കണ്ടു. അസാധാരണമായ വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. അതുകൊണ്ട് രാജ്യത്തിലെ ഏറ്റവും പരമോന്നതമായ പദവി ആശയങ്ങളും പരിഹാരങ്ങളുമറിയാവുന്ന ആളിനെ ഏല്‍പ്പിക്കാം. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് നാം ആറു പതിറ്റാണ്ടുകള്‍ നല്‍കി. ഇനി അവര്‍ ഒരു ദശാബ്ദത്തിന്റെ പകുതി നമുക്ക് നല്‍കട്ടെ, മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരാളെ ഏല്‍പ്പിക്കട്ടെ.

വിദേശികളുടെ ഭരണം അവസാനിപ്പിച്ച് ഒരു പുതിയ പ്രഭാതത്തിനു വേണ്ടി ഒരാളിന്റെ കീഴില്‍ അണി നിരന്ന ചരിത്രം നമുക്കുണ്ട്. ആ ഒരുമ ഒരിക്കല്‍ കൂടി പ്രകടിപ്പിക്കേണ്ട സമയമാണ് വന്നെത്തിയിരിക്കുന്നത്. ആര്‍ജവവും അന്തസും ഒരു ജീവിതകാലത്തെ പ്രവര്‍ത്തന നേട്ടവും കൈകളിലുളള ഒരു നേതൃത്വം രത്തന്‍ ടാറ്റയിലുളളതില്‍ നാം ഭാഗ്യവാന്മാരാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു പുതിയ രാഷ്ട്രം കെട്ടിപ്പെടുക്കാനുളള യജ്‍ഞത്തില്‍ കൈകള്‍ കോര്‍ക്കുക.

എമര്‍ജിക് (ഡോട്ട്) ഒആര്‍‍ജിയില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com