ഉദുമ: ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി.) പണം അടയ്‌ക്കാത്തതിനാല്‍ ചേറ്റുകുണ്ടിലെ റെയില്‍വേ ഗേറ്റ് അധികൃതര്‍ പൂട്ടി മുദ്ര വെച്ചു. ബി.ആര്‍.ഡി.സി.യുടെ ആവശ്യ പ്രകാരമായിരുന്നു ഇവിടെ ഗേറ്റ് സ്ഥാപിച്ചത്. ഇതിന് ചെലവായ 2.47 കോടി രൂപ ബി.ആര്‍.ഡി.സി. അടയ്‌ക്കാമെന്നായിരുന്നു വ്യവസ്ഥ. ഒരുകോടി ഇവര്‍ അടച്ചു. ബാക്കി തുകയില്‍ 23 ലക്ഷം വീതമുള്ള രണ്ടു ഗഡു മുടങ്ങിയതോടെയാണ് റെയില്‍വേ അധികൃതര്‍ ഗേറ്റ് മുദ്ര വച്ചത്. പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട് നിവാസികള്‍ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയുമായി ബന്ധപ്പെട്ടിരുന്നത് ഈ ഗേറ്റ് വഴിയാണ്. ഗേറ്റ് അടഞ്ഞതോടെ ഇവര്‍ക്ക് പുറംലോകവുമായി ബന്ധമറ്റു.
എല്ലാവര്‍ഷവും മാര്‍ച്ച്, സപ്‌തംബര്‍ മാസങ്ങളിലാണ് തവണ അടയേ്‌ക്കണ്ടത്. പണം അടയ്‌ക്കാത്തതിനാല്‍ ഗേറ്റ് മുദ്ര വെയ്‌ക്കുന്നു എന്ന് റെയില്‍വേ ഇംഗ്ലീഷിലും മലയാളത്തിലും നോട്ടീസ് പതിച്ചിട്ടുണ്ട്. 2008 ഡിസംബറിലാണ് ഗേറ്റ് തുറന്നത്. അതിന് ശേഷം ഒരു ഗഡുവും അടച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി 15 ദിവസം മുന്‍പ് റെയില്‍വേ നോട്ടീസ് നല്‍കിയിരുന്നു.
ബി.ആര്‍.ഡി.സി. ചേറ്റുകുണ്ട് കടപ്പുറത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമഗ്രികള്‍ കൊണ്ടുപോയിരുന്നത് ഇതുവഴിയായിരുന്നു. ഗേറ്റ് അടച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. സുനാമി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച്, ചിത്താരി കടപ്പുറത്തേക്ക് 1.36 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പണിയും നിലച്ചു.
ചിത്താരി കടപ്പുറത്തെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട റോഡാണിത്.
പി. കുരുണാകരന്‍ എം.പിയുടെയും റെയില്‍വേ സഹമന്ത്രിയുടെയും കോലം സ്ഥാപിച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ റെയില്‍വേ ഗേറ്റ് മുദ്ര വെച്ചതില്‍ പ്രതിഷേധിച്ചു.
കാഞ്ഞങ്ങാട്: ചേറ്റുകുണ്ടില്‍ പൂര്‍ത്തിയാക്കിയ റെയില്‍വേ ഗേറ്റ് അടച്ചിട്ടതില്‍ പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് ക്യാമ്പ് പ്രതിഷേധിച്ചു. നൂറ്‌കണക്കിന് കുടുംബങ്ങള്‍ ഗേറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന രീതിയില്‍ ഗേറ്റ് അടച്ചിട്ടും സ്ഥലം എം.പി. ബി.ആര്‍.ഡി.സി.യുമായി ബന്ധപ്പെട്ട് ബാക്കി തുക നല്‍കുവാനുള്ള സംവിധാനം ഉണ്ടാക്കിയിട്ടില്ല.
റെയില്‍വേ ഗേറ്റ് ഉടന്‍ തുറക്കുവാനുള്ള സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ ബി.ആര്‍.സി. ഓഫീസിനു മുന്നില്‍ പ്രത്യക്ഷ സമരപരിപാടിയുമായി രംഗത്തിറങ്ങുമെന്ന് ക്യാമ്പ് മുന്നറിയിപ്പ് നല്‍കി.
കല്ലിങ്കാലില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കോടോത്ത് ഗോവിന്ദന്‍ നായര്‍ ഉല്‍ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. തച്ചങ്ങാട് ബാലകൃഷ്‌ണന്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, സത്യന്‍ പൂച്ചക്കാട്, സി.കെ.ഭാസ്‌കരന്‍, ഹക്കീം കുന്നില്‍, സാജിദ് മൗവ്വല്‍, എം.കുഞ്ഞിരാമന്‍ നായര്‍, വി.വി.കൃഷ്‌ണന്‍, കെ.എം.സാലിഹ് ഹാജി, എം.പി.എം.ഷാഫി, മാധവ ബേക്കല്‍, വി.ബാലകൃഷ്‌ണന്‍ നായര്‍, പി.ദാമോദരന്‍, രവീന്ദ്രന്‍ കരിച്ചേരി, ചന്ദ്രന്‍ തച്ചങ്ങാട് എന്നിവര്‍ സംസാരിച്ചു.
സുരേഷ്‌ബാബു എളയാവൂരും സി.ബാലകൃഷ്‌ണന്‍ പെരിയയും ക്ലാസ്സെടുത്തു.
**കാഞ്ഞങ്ങാട്: ചേറ്റുകുണ്ട് റെയില്‍വേ ഗേറ്റ് അടച്ചിടാന്‍ കാരണക്കാരായ ബി.ആര്‍.സി.ക്കെതിരെ സമര രംഗത്തിറങ്ങുമെന്ന് ചേറ്റുകുണ്ട് കടപ്പുറം വികസന സമിതി മുന്നറിയിപ്പ് നല്‌കി. റോഡ് വികസനം അടക്കമുള്ള കാര്യങ്ങളില്‍ തടസ്സപ്പെടാനിടയാക്കിയ സംഭവത്തില്‍ ചെയര്‍മാന്‍ പി.കെ.അബ്ദുറഹിമാന്‍, വൈസ് ചെയര്‍മാന്‍ കെ.എ.കൃഷ്‌ണന്‍, വാര്‍ഡ് അംഗം കെ.ഗണേഷ് എന്നിവര്‍ പ്രതിഷേധിച്ചു.
0 comments:
Post a Comment