കാഞ്ഞങ്ങാട്:കാസര്‍കോടിന്റെ പുരാതന കാല വാണിജ്യ മേഖലകളില്‍ ഗ്രാമീണ സമൂഹങ്ങളുടെ ശക്തമായ സ്വാധീനത്തിന്റെ ചരിത്രപരവും സാമ്പത്തികവുമായ വിനിമയ വ്യവസ്ഥ ഇന്നും അനുഭവ പാഠങ്ങളില്‍ ആദ്യകാല ഗ്രാമീണ സമൂഹങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ഗ്രാമീണ സമൂഹങ്ങളില്‍ ഉയര്‍ന്നുവന്ന വിഭവ ഉത്‌പാദനം ചെറിയ അളവിലാണെങ്കില്‍ പോസും അതെല്ലാം പരസ്‌പ്പരം കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥ നിലവിലുണ്ടായിരുന്നതായി മനസിലാക്കാന്‍ കഴിയും. ഗ്രാമങ്ങളിലെ നെല്ലും പച്ചക്കറികളും മാത്രമല്ല കടലോരങ്ങളിലെ ഉപ്പും, മീനും, തറികളില്‍ നെയ്‌തെടുക്കുന്ന തുണികളും, നാടന്‍ ചക്കുകളില്‍ ആട്ടിയെടുക്കുന്ന എണ്ണയും പരസ്‌പരം വിനിമയം ചെയ്‌തിരുന്നതായി മനസിലാക്കാം. ആഴ്‌ച്ചചന്തകളും അന്തിചന്തകളും ഈ കൈമാറ്റകച്ചവടത്തിന്റെ അരങ്ങുകളായി ഒരുങ്ങിയുണര്‍ന്നതോടെ കാസര്‍കോടിന്റെ ഗ്രാമീണ അന്തരീക്ഷത്തില്‍ വിപുലമായ ഒരു സാമ്പത്തിക ചുറ്റുപാടിന്റെ ആവിഷ്‌ക്കാരമുണ്ടായി. ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ തുടങ്ങിയ സ്ഥലങ്ങളിലെ ആഴ്‌ച്ചചന്തകള്‍ പിന്നീട് വിപുലമായ ഒരു വ്യപാര സംസ്‌ക്കാരത്തിന്റെ ഭാഗമായി തീരുകായണുണ്ടായത്. പലതും ഇന്ന് അത്ര സജീവമല്ലെങ്കിലും ചില ആഴ്‌ച്ചചന്തകളില്‍ പ്രത്യേക വിഭവങ്ങളുടെ കേന്ദ്രീകൃതമായ ഒരു വ്യാപാര വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. കര്‍ഷകര്‍ അവര്‍ക്കാവശ്യമായ സാധനങ്ങള്‍ ശേഖരിക്കാന്‍ അവരുടെ കാര്‍ഷിക ഉത്‌പന്നങ്ങളുമായി കൈമാറ്റകേന്ദ്രങ്ങളിലെത്തുകയും അവര്‍ക്കാവശ്യമായ സാധനങ്ങള്‍ക്ക് പകരമായി ഇവ മാറ്റി വാങ്ങുകയും ചെയ്യുന്നു. മടിക്കൈ എരിക്കുളത്തെ കുശവന്‍മാര്‍ മണ്‍പാത്രങ്ങളുമായി ഇത്തരം ച്‌നതകളില്‍ ഇപ്പോഴും എത്തുന്നുണ്ട്. പണ്ട് കാലത്ത് മണ്‍പാത്രങ്ങള്‍ക്ക് പകരമായി നെല്ല്, വെള്ളരിക്ക, തേങ്ങ, മുതലായവയായിരുന്നു പ്രതിഫലമായി സ്വീകരിച്ചിരുന്നത്. കാലം മാറിയതോടെ ചന്തകള്‍ അങ്ങാടികളും ചെറിയ പട്ടണങ്ങളുമായി രൂപാന്തരം പ്രാപിക്കുകയുമുണ്ടായി. കൃത്യമായ ഒരു വ്യപാര കൈമാറ്റ വ്യവസ്ഥയുടെ ഉപോത്‌പന്നങ്ങളായി മാറുകയായിരുന്നു ഇവയെല്ലാം. പിന്നീട് അങ്ങാടികളുടെ വളര്‍ച്ച കര്‍ഷകന് ഉത്‌പന്നങ്ങല്‍ നേരിട്ട് കൈമാറ്റം ചെയ്യാനുള്ള സൗകര്യം വിപുലമാക്കിക്കൊടുത്തു. മലയാളത്തിന്റെ തോറ്റം പാട്ടുകളില്‍ പോയകാലത്തിന്റെ പ്രാദേശിക കച്ചവടത്തെക്കുറിച്ചും വാണിജ്യപാതകളെക്കുറിച്ചും തെളിവുകള്‍ നല്‍കുന്നുണ്ട്. കതിവനൂര്‍ വീരനും, മാപ്പിളതെയ്യങ്ങളും എല്ലാം തോറ്റം പാട്ടിലൂടെ മലനാടുകടന്നുള്ള വ്യാപാര ബന്ധങ്ങളുടെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. കുടകിലേക്ക് എണ്ണയുമായി പോകുന്ന മന്തപ്പന്റെ കഥയും കുടകിലേക്കുള്ള വാണിജ്യപാതകളുടെ വിശദാംശങ്ങള്‍ തരുന്നുണ്ട്. കാഞ്ഞങ്ങാട്ടു നിന്ന് പാണത്തൂര്‍ വഴിയും നീലേശ്വരത്ത് നിന്ന് കൊന്നക്കാട് വഴിയും കുടകിലേക്ക് വാണിജ്യ പാതകള്‍ സജീവമായിരുന്നു. സുബ്രഹ്മണ്യത്തെ കാലിച്ചന്തകളും കുടകിലെ കരുമുളക്, നെല്ല് വ്യാപാരവും പഴയു തലമുറ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. തെക്കന്‍ കര്‍ണ്ണാടകത്തിലെ പ്രസിദ്ധമായ സുബ്രഹ്മണ്യത്തെ കാളചന്തയിലേക്ക് കാസര്‍കോട്ട് നിന്നും വടക്കേമലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൃഷിക്കാരും കച്ചവടക്കാരും കാല്‍ നടയായായിരുന്നു കടന്നുപോയിരുന്നത്. ആദ്യകാലങ്ങളില്‍ കാസര്‍കോട് ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന അങ്ങാടികളെല്ലാം തന്നെ കടലോരങ്ങളുമായി ബന്‌ഡപ്പെട്ടതാണ്.ജില്ലയിലെ കടലോരഗ്രാമങ്ങളായ ഉദുമ,കുമ്പള,ഉപ്പള,മഞ്ചേശ്വരം തുടങ്ങിയ കടലോരഗ്രാമങ്ങിളെല്ലാം തന്നെ പിന്നീട് പ്രധാന കച്ചവട കേന്ദ്രങ്ങളായി മാറി.മടിക്കേരി,സുള്ള്യ, ബാഗമണ്‌ഡലം,സുബ്രമണ്യം,മംഗലാപുരം.തുടങ്ങിയ കര്‍ണാടകയിലെ സ്ഥലങ്ങളുമായുള്ള കാസര്‍കോഡ് ജില്ലയുടെ ബന്ധം തോറ്റങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.തുളുവീരന്‍ തോറ്റം പനത്തടിയില്‍ നിന്ന് എരിക്കുളം മട്ടലായി വഴി പയ്യന്നൂരിലേക്കുളള പാത ചിത്രീകരിക്കുന്നു. ഇത് കുടകും,ഏഴിമലയുമായുളള ബന്ധമാണ് വെളിപ്പെടുത്തുന്നത് ഹൊസ്‌ദുര്‍ഗ്ഗ് താലൂക്കിന്റെ കിഴക്കന്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണിത്. വിഷ്‌ണുമൂര്‍ത്തി തോറ്റം മംഗലാപുരത്തുനിന്നും നീലേശ്വരത്തെ കോട്ടപ്പുറത്തേക്കുളള പാതയുടെ ചിത്രമാണ് നല്‍കുന്നത്. കോട്ടപ്പുറം സ്വദേശം പഴയ കാലത്ത് തുറമുഖമായിരുന്നു. കുമ്പളയില്‍നിന്ന് കാസര്‍കോടുവഴി കാലിക്കടവിലൂടെ തൃക്കരിപ്പൂരിലേക്കിലെത്തുന്ന പാതയോരങ്ങളെക്കുറിച്ചാണ് കുണ്ടാര്‍ചാമണ്‌ഡിയുടെ തോറ്റത്തില്‍ പ്രതിപാദിക്കുന്നത്. ഈ സ്ഥലങ്ങളെല്ലാം തന്നെ ഏഴിമലയിലേക്കുളള വഴിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കാസര്‍കോട് ജില്ലയില്‍ പൗരാണികമായതും ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി പാതകളുടെ അവശിഷ്‌ടങ്ങള്‍ ഇന്നും പല ഭാഗങ്ങളിലും ഉണ്ട്. പ്രാദേശിക കച്ചവടവും ,വാണിജ്യപാതകളും ഒരുകാലത്തെ നാടോടിവാണിഭത്തിന്റെ അവിഭാജ്യഘടങ്ങളായിരുന്നു. .
-പ്രഭാകരന്‍ കാഞ്ഞങ്ങാട്
0 comments:
Post a Comment