ഹജ്ജ്‌ ക്യാമ്പ്‌ ഇന്നുമുതല്‍; ആദ്യവിമാനം നാളെ

on Oct 19, 2009

haji-meet-relatives.jpg (215×155)
കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ്‌ വിമാനസര്‍വീസുകള്‍ നാളെ കരിപ്പൂരില്‍നിന്ന്‌ ആരംഭിക്കും. 238 തീര്‍ത്ഥാടകരാണു നാളെ 3.50നു പുറപ്പെടുന്നത്‌. സൌദി സമയം ആറുമണിയോടെ വിമാനം ജിദ്ദയിലെത്തും. ഇതാദ്യമായാണു തീര്‍ത്ഥാടകര്‍ അന്താരാഷ്ട്ര പാസ്പോര്‍ട്ട്‌ ഉപയോഗിച്ചു ഹജ്ജിന്‌ പുറപ്പെടുന്നത്‌. മുന്‍വര്‍ഷങ്ങളില്‍ കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയില്‍നിന്നു ലഭിക്കുന്ന പ്രത്യേക പാസ്പോര്‍ട്ടിലായിരുന്നു ഹജ്ജ്‌ യാത്ര. പന്നിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ തീര്‍ത്ഥാടകരെ കൊണ്ടുവരുന്ന രാജ്യങ്ങളോട്‌ സൌദി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതനുസരിച്ചു തീര്‍ത്ഥാടകരുടെ ശരീരോഷ്മാവ്‌ അടക്കം തിട്ടപ്പെടുത്തി ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റാണ്‌ തീര്‍ത്ഥാടകര്‍ക്കു നല്‍കുന്നത്‌. തീര്‍ത്ഥാടകരുടെ ആരോഗ്യപരിശോധനയ്ക്കായി അഞ്ച്‌ ഉപകരണങ്ങളും ഹജ്ജ്‌ ഹൌസില്‍ എത്തിച്ചിട്ടുണ്ട്‌. തീര്‍ത്ഥാടകര്‍ ഇന്നുമുതല്‍ കരിപ്പൂറ്‍ ഹജ്ജ്‌ ഹൌസില്‍ എത്തുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ്‌ ക്യാംപിനും തുടക്കമാവും. വൈകുന്നേരം നാലുമണിയോടെ ഹജ്ജ്‌ കമ്മിറ്റി പ്രതിനിധികളുടെ നേതൃത്വത്തിലാണു ക്യാമ്പ്‌ ആരംഭിക്കുന്നത്‌. തീര്‍ത്ഥാടകരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത്‌ ആരോഗ്യപരിശോധന നടത്തും. പിന്നീട്‌ എമിഗ്രേഷന്‍, കസ്റ്റംസ്‌ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനസമയത്തിനു മൂന്നുമണിക്കൂറ്‍ മുമ്പായിരിക്കും വിമാനത്താവളത്തിലേക്കു കൊണ്ടുപോവുക. സൌദിഅറേബ്യന്‍ വിമാനക്കമ്പനിയായ നാസ്‌ എയര്‍വെയ്സ്‌ 250 പേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനങ്ങളാണു ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും അവസാനനിമിഷം 238 പേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനങ്ങളാക്കി മാറ്റുകയായിരുന്നു. ഇതനുസരിച്ചു നിശ്ചയിച്ച ഹജ്ജ്‌ സംഘങ്ങളില്‍നിന്നു 12 പേരെ തൊട്ടടുത്ത ദിവസങ്ങളിലേക്കു ക്രമീകരിച്ചാണ്‌ ഓരോ വിമാനത്തിലേക്കുള്ള തീര്‍ത്ഥാടകരെയും ഹജ്ജ്‌ കമ്മിറ്റി ക്രമീകരിച്ചിരിക്കുന്നത്‌. 32 സര്‍വീസുകളാണ്‌ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്‌. News report

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com