കുവൈത്തില്‍ തൊഴില്‍ വിസ ലഭിക്കാന്‍ ഇനി നാട്ടില്‍ പരീക്ഷ

on Jun 21, 2010

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍വിസ ലഭിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ സ്വന്തം രാജ്യത്തുവെച്ചു തന്നെ തൊഴില്‍ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള പരിശോധന നേരിടുകയും സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയും വേണമെന്നാണ് നിയമം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് ഇതു വിനയായേക്കും. രാജ്യത്തെ തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് പുതിയ രീതിയെന്നാണ് അധികൃതരുടെ വിശദീകരണം. സ്വദേശത്തുവെച്ചു നടക്കുന്ന പരീക്ഷയില്‍ ജയിച്ചു വരുന്നവര്‍ കുവൈത്തില്‍ വീണ്ടും പരീക്ഷയെ നേരിടണം. ഗവണ്‍മെന്റ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. കുവൈത്ത് പ്രൊഫഷന്‍സ് ഓര്‍ഗനൈസേഷനാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്. രാജ്യത്ത് തൊഴില്‍ മേഖലയിലേക്കു വരുന്നവരുടെ യോഗ്യതയും മികവും ഉറപ്പു വരുത്തുന്നതിന് പുതിയ രീതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അതതു രാജ്യത്തെ ഗവണ്‍മെന്റുകളുമായി സഹകരിച്ച് നടത്തുന്ന പരീക്ഷകള്‍ക്ക് കുവൈത്ത് എംബസികളാണ് മേല്‍നോട്ടം വഹിക്കുക. സാമൂഹികക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയുമായി പുതിയ രീതി നടപ്പില്‍ വരുത്തുന്നതു സംബന്ധിച്ചും അതിനായി അവലംബിക്കാവുന്ന മാര്‍ഗങ്ങള്‍ സംബന്ധിച്ചും പല തവണ ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് പ്രൊഫഷന്‍സ് ഓര്‍ഗനൈസേഷന്‍സ് മേധാവി ഹമൂദ് അല്‍ മദഫ് പറഞ്ഞു. തൊഴില്‍ മന്ത്രാലയവുമായും റിക്രൂട്ടിംഗ് സ്ഥാപനങ്ങളുമായും ചര്‍ച്ച ചെയ്തു ധാരണയിലെത്തിയിട്ടുണ്ട്. മതിയായ യോഗ്യതയില്ലാത്ത തൊഴിലാളികളെ നിയോഗിക്കുന്നതില്‍നിന്നും തൊഴിലുടമകളെ തടയുന്നതിനൊപ്പം രാജ്യത്തെ തൊഴില്‍ വിപണിയുടെ മികവു ഉറപ്പു വരുത്തുന്നതിനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തില്‍ ആറു ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇപ്പോള്‍ ജോലി ചെയ്തു വരുന്നത്. കുവൈത്തില്‍ ഏറ്റവും കൂടുതലുള്ള വിദേശ സമൂഹവും ഇന്ത്യക്കാരാണ്. പുതിയ നിയമം തൊഴില്‍ സുരക്ഷിതത്വം നല്‍കുന്നുവെങ്കിലും കേരളമുള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് പുതിയ നിയമം അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനിടയാക്കും

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com