ഡോ. അഹമദ് അരിമല ആതുരസേവനരംഗത്തെ നിറസാന്നിദ്ധ്യം. ആയിരങ്ങളുടെ അന്ത്യോപചാരം

on Jun 24, 2010

ഡോ. അരിമല ആതുരസേവനരംഗത്തെ നിറസാന്നിദ്ധ്യം
കാഞ്ഞങ്ങാട്: ഡോ. എം. എ അഹമ്മദ് അരിമലയുടെ വിയോഗം കാഞ്ഞങ്ങാട്ടെ ആതുരസേവന മേഖലയ്ക്ക് കനത്ത നഷ്ടമായി. 1959ല്‍ കാഞ്ഞങ്ങാട്ട് പ്രാക്ടീസ് ആരംഭിച്ച ഡോ. അഹമ്മദ് പ്രഗത്ഭനായ ഗൈനക്കോളജിസ്റ്റായിരുന്നു. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി വീടുകളില്‍ ചെന്നുവരെ പ്രസവശുശ്രൂഷ നടത്തിയിട്ടുണ്ട്. ഇതോടൊപ്പം സാമൂഹ്യ- വിദ്യാഭ്യാസ രംഗത്തും അഹമ്മദ് പ്രവര്‍ത്തിച്ചു. മുസ്ലിം അനാഥരുടെ സംരക്ഷണത്തിനായുള്ള യത്തീംഖാന ഉണ്ടാക്കുന്നതിന് മുന്നിട്ടുപ്രവര്‍ത്തിച്ചത് ഡോ. അഹമ്മദ് ആയിരുന്നു. ഇതിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. കാഞ്ഞങ്ങാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ക്രസന്റ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എന്നിവ സ്ഥാപിക്കുന്നതിലും സാംസ്കാരിക സംഘടനയായ വിജ്ഞാന വേദിയുടെ രൂപീകരണത്തിലും മുന്‍നിന്ന് പ്രവര്‍ത്തിച്ചു. ദാറുല്‍ ഹിദായ ഇസ്ലാമിക് ട്രസ്റ്റിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സൌജന്യചികിത്സ നല്‍കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. കോട്ടച്ചേരിയിലായിരുന്നു ദീര്‍ഘകാലം അരിമല ക്ളിനിക് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വിപുലമായ സൌകര്യത്തോടെ ആശുപത്രി ആരംഭിച്ചു. നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു. സര്‍വ്വകക്ഷി അനുശോചനയോഗവും ചേര്‍ന്നു. കോട്ടച്ചേരി മുബാറക്‌ മസ്‌ജിദില്‍ നടന്ന ജനാസ നിസ്‌കാരത്തിന്‌ എം.സി.മുഹമ്മദ്‌ അക്‌ബര്‍ നേതൃത്വം നല്‍കി. ഓര്‍ഫനേജ്‌ ഐ.ടി.സി ഹാളില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി അനുശോചന യോഗത്തില്‍ യതീംഖാന പ്രസിഡന്റ്‌ എം.എ ഹമീദ്‌ ഹാജി അധ്യക്ഷത വഹിച്ചു. മുന്‍ എം.പി ഹമീദലി ഷംനാട്‌, മുന്‍ എം.എല്‍.എ, എ.കെ.പുരുഷോത്തമന്‍, നഗരസഭാ ചെയര്‍മാന്‍ എന്‍. എ.ഖാലിദ്‌, കല്ലട്ര മാഹിന്‍ഹാജി, എം.സി.ജോസ്‌, എ.വി.രാമകൃഷ്‌ണന്‍, എസ്‌.കെ.കുട്ടന്‍, പി.മുഹമ്മദ്‌ കുഞ്ഞിമാസ്‌റ്റര്‍, ടി. മുഹമ്മദ്‌ അസ്‌ലം, ബഷീര്‍ വെള്ളിക്കോത്ത്‌, ഡോ. ഖാദര്‍ മാങ്ങാട്‌, ഹമീദ്‌ ഹാജി, സി. മുഹമ്മദ്‌ കുഞ്ഞി, പി.കെ. രാമന്‍, സി.വി. നാരായണന്‍, എന്‍. മാധവന്‍ മാസ്‌റ്റര്‍, എം.എം. അഷ്‌റഫ്‌, സി. യൂസുഫ്‌ഹാജി, വി. കൃഷ്‌ണന്‍ മാസ്‌റ്റര്‍, കെ.വി. അബ്‌ദുറഹ്‌മാന്‍ ഹാജി, പി.എം കുഞ്ഞബ്‌ദുല്ല ഹാജി, ഫാന്‍സി മുഹമ്മദ്‌ കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. യതീംഖാന ജനറല്‍ സിക്രട്ടറി പി.കെ.അബ്‌ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു. പി അബ്‌ദുല്‍ ഖാദര്‍ മൗലവി ഷാര്‍ജ പ്രാര്‍ത്ഥന നടത്തി. പരേതനോടുള്ള ആദരസൂചകമായി കാഞ്ഞങ്ങാട്ട് ഇന്നലെ വൈകിട്ട് നാലുമണി മുതല്‍ ഹര്‍ത്താലും ആചരിച്ചു.


0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com