റോട്ടറി ക്ലബ്ബിന്‌ വിപുലമായ സേവന പദ്ധതി

on Jun 27, 2010

കാഞ്ഞങ്ങാട്‌: തമിഴ്‌നാട്ടിലെയും കേരളത്തിലെയും എട്ടു ജില്ലകള്‍ അടങ്ങുന്ന റോട്ടറി ഡിസ്‌ട്രിക്‌ട്‌ 3202 ന്റെ കീഴില്‍ ഒരു വര്‍ഷത്തേക്കുള്ള ബ്രഹത്തായ സേവന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി റോട്ടറി ഡിസ്‌ട്രിക്‌ട്‌ അസി. ഗവര്‍ണര്‍ കെ.ആര്‍. ബല്‍രാജ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട പയ്യന്നൂര്‍ സ്വദേശി വി.ജി. നായനാര്‍ ഞായറാഴ്‌ച പിലാത്തറ കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും.
പിന്നോക്ക നില്‍ക്കുന്ന വിദ്യാലയങ്ങള്‍ക്ക്‌ കുടിവെള്ളം, ടോയ്‌ലെറ്റ്‌ സൗകര്യം, പുസ്‌തകം, കമ്പ്യൂട്ടര്‍, എട്ടാം ക്ലാസില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പത്ത്‌ പെണ്‍കുട്ടികള്‍ക്ക്‌ സൈക്കിള്‍ എന്നിവ നല്‍കും. ഉന്നത വിജയം കരസ്ഥമാക്കിയ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള 50 കുട്ടികള്‍ക്ക്‌ തമിഴ്‌ നാട്ടിലെ പാര്‍ക്ക്‌ എഞ്ചിനിയറിംഗ്‌ കോളജില്‍ വര്‍ഷംതോറും സൗജന്യമായി പഠന സൗകര്യം ഏര്‍പ്പെടുത്തും. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുകയും മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുകയും സ്‌കൂള്‍-കോളജ്‌ തലങ്ങളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
50 മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ കൊതുകവലകള്‍ നല്‍കും. കൊതുകു നിവാരണ പദ്ധതി, പൊതുജനങ്ങള്‍ക്ക്‌ ശുദ്ധജല വിതരണം, ബസ്‌ ഷെല്‍ട്ടറുകള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക്‌ സ്‌മാരകങ്ങള്‍, സൗജന്യ നിയമ സഹായം, പാവപ്പെട്ടവര്‍ക്ക്‌ സമൂഹ വിവാഹം, വിവിധ ആരോഗ്യ ക്യാമ്പുകള്‍, മാരകരോഗം ബാധിച്ചവരെ സംരക്ഷിക്കല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ വിശ്രമ കേന്ദ്രങ്ങള്‍, കലാകായിക മേഖലയില്‍ പ്രോത്സാഹനം എന്നിവയും ക്ലബ്ബിന്റെ പരിപാടികളാണ്‌. മുച്ചിറി വിമുക്ത റോട്ടറി ജില്ല എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന്‌ മംഗലാപുരം ഫേസ്‌ ഫൗണ്ടേഷനുമായി സഹകരിച്ച്‌ സൗജന്യ ശസ്‌ത്രക്രിയകള്‍ ചെയ്‌തുകൊടുക്കുമെന്നും ബല്‍രാജ്‌ അറിയിച്ചു.
വിവിധ ക്ലബ്ബുകളിലെ ഭാരവാഹികളായ അഡ്വ. വിശാല്‍ കുമാര്‍, അജയ്‌ നമ്പ്യാര്‍, ഡോ. ജയപ്രകാശ്‌ ഉപാദ്ധ്യായ, വി. കൃഷ്‌ണന്‍ മാസ്റ്റര്‍, കെ. ദാമോദരന്‍, രാമചന്ദ്രന്‍, വിനോദ്‌ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

1 comments:

Anonymous said...

good

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com