മതസൗഹാര്‍ദ്ദ സ്‌മാരകമായി കോട്ടപ്പള്ളി മഖാം

on Jun 5, 2010



മതസൗഹാര്‍ദ്ദത്തിന്റെയും പരസ്‌പ്പര സ്‌നേഹത്തിന്റെയും സ്‌മാരകമായി കോട്ടപ്പള്ളി മഖാം. ജീവിതപ്രയാസങ്ങള്‍ അകറ്റാനും രോഗശമനത്തിനും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഇവിടെ തീര്‍ത്ഥാടകരെത്തുന്നു. ചെറുവത്തൂര്‍ മടക്കര ഫിഷ്‌ലാന്റിംഗിനു സമീപമാണ്‌ ഈ വിശ്വാസകേന്ദ്രം. പടിഞ്ഞാറു ഭാഗം മടക്കര അഴിമുഖവും, കിഴക്ക്‌ തേജസ്വിനി പുഴയുടെ സൗന്ദര്യവും കാണാനാകുന്ന ഈ കുന്ന്‌ സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ്‌. സിമന്റ്‌ തേച്ച കല്‍പ്പടവുകള്‍ ചവുട്ടി കുന്നിന്‍ മുകളിലെത്തിയാല്‍ വിശാലമായ സ്ഥലത്താണ്‌ അപൂര്‍വ്വ സിദ്ധികാണിച്ച ദിവ്യന്റെ ഖബറിടം. ഇതിന്റെ തൊട്ടടുത്തായി ദിവ്യന്റെ സഹായിയുടെയും ഖബറിടമുണ്ട്. മരുന്നും മന്ത്രങ്ങളും അറിയാവുന്ന ദിവ്യന്റെ അടുത്ത്‌ പഴയകാലത്ത്‌ ജാതി മത ഭേദമന്യേ വിശ്വാസികളെത്തിയിരുന്നു.
ഏവരുടെയും പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കിയ ദിവ്യനെ ദൈവതുല്യനായിട്ടാണത്രെ അമുസ്ലിംകള്‍ കരുതിയിരുന്നത്‌. ഉദ്ദിഷ്ടകാര്യഫലസിദ്ധി ലഭിക്കാന്‍ മഖാമിലേക്ക്‌ വരുന്നവര്‍ പണവും മറ്റുദ്രവ്യങ്ങളും നല്‍കി സ്വലാത്ത്‌ നടത്തുന്നു. കാണാനെത്തിയവര്‍ക്കെല്ലാം ദിവ്യന്‍ പലതരം അത്ഭുതസിദ്ധികള്‍ കാണിച്ചുകൊടുത്തുവെന്നാണ്‌ വിശ്വാസം. ദിവ്യനെ അടക്കിയ ശവകുടീരത്തിനു മുകളില്‍ ഓലഷെഡ്‌ കെട്ടി ഉയര്‍ത്തിയിട്ടുണ്ട്‌. നേരത്തെ കോണ്‍ഗ്രീറ്റ്‌കൊണ്ടുള്ള ഷെഡാണ്‌ നിര്‍മ്മിച്ചിരുന്നത്‌. ഇതില്‍ വിള്ളല്‍വീണ്‌ തകര്‍ന്നതുകാരണമാണ്‌ ഓലമേഞ്ഞത്‌. ഇവിടെയെത്തുന്ന തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്‌. ഷെഡ്ഡിനകത്ത്‌ കയറി പ്രാര്‍ത്ഥിക്കുന്നതിന്‌ സ്‌ത്രീകള്‍ക്ക്‌ വിലക്കുണ്ട്‌. പുറത്തുള്ള ജാലകപഴുതിലൂടെ ശവകുടീരത്തിലേക്ക്‌ നോക്കിയാണ്‌ ഇവര്‍ പ്രാര്‍ത്ഥന നടത്തുന്നത്‌. മക്കയില്‍ നിന്ന്‌ മതപ്രചരണത്തിന്‌ വന്ന വലിയിയുടെയും ഹമീദിന്റെയും ഖബറുകളാണിതെന്ന്‌ വിശ്വസിക്കുന്നു. എണ്ണവിളക്കുകള്‍ ഇവിടെ തെളിയിക്കുന്നു. ഹിന്ദുദേവാലയങ്ങളിലുള്ളത് പോലുള്ള മധുരച്ചോറാണ്‌ മഖാമിലെ നിവേദ്യം. കാടങ്കോട്‌, തുരുത്തി ഭാഗങ്ങളില്‍ 17-ാം നൂറ്റാണ്ടിന്റെ അവസാനം ഷെയ്‌ഖ്‌മാര്‍ കൂട്ടത്തോടെ അധിനിവേശം നടത്തിയതായി ചരിത്രരേഖകളില്‍ പറയുന്നു.
കോട്ടപ്പള്ളി ചേക്കന്‍(ഷെയ്‌ഖ്‌) എന്ന പേരിന്റെ ഉത്ഭവം ഇതായിരിക്കാം. കാടങ്കോട്‌, മടക്കര, തുരുത്തി, അച്ചാംതുരുത്തി, ഓരി പ്രദേശത്തുകാരുടെ മതസൗഹാര്‍ദ്ദ സ്‌മാരകമാണ്‌ ഈ മഖാം. കാടങ്കോട്‌ നെല്ലിക്കാവ്‌ ഭഗവതിക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്കു മുന്നോടിയായി ഇവിടേക്ക്‌ നേര്‍ച്ച നല്‍കുന്ന പതിവ്‌ ഇപ്പോഴും തുടരുന്നു. മടക്കരയിലെ മത്സ്യബന്ധനബോട്ടുകള്‍ കടലിറക്കുന്നതിന്‌ മുമ്പ്‌ മഖാമില്‍ നിന്നു പൂജിച്ചുകൊണ്ടുവരുന്ന കൊടികെട്ടുന്ന പതിവുണ്ട്‌. കടലമ്മ കനിയാനും ചാകര ലഭിക്കാനും മഖാമില്‍ പ്രാര്‍ത്ഥിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സ്വലാത്ത്‌ ഇവിടുത്തെ പ്രധാന ആഘോഷം. ഉത്സവകാലത്ത്‌ മംഗലാപുരം, ഉഡുപ്പി, കുമ്പള, കാസര്‍കോട്‌ എന്നിവിടങ്ങളില്‍ നിന്നും ആളുകളെത്താറുണ്ട്‌. കോട്ടപ്പള്ളിയുടെ ചുമതലയിലാണ്‌ മഖാമിന്റെ പ്രവര്‍ത്തനം.



തയ്യാര്‍ ചെയ്തത് : ചന്ദ്രന്‍ മുട്ടത്ത് , ഫോട്ടോ ഷാഫി ചിത്താരി



0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com