നിത്യാനന്ദ പോളിടെക്നിക്: മാനേജ്മെന്റ് സീറ്റ് പ്രവേശനം നിയമവിരുദ്ധം: എസ്എഫ്ഐ

on Jun 4, 2010

നിത്യാനന്ദ പോളിടെക്നിക്: മാനേജ്മെന്റ് സീറ്റ് പ്രവേശനം നിയമവിരുദ്ധം: എസ്എഫ്ഐ
കാഞ്ഞങ്ങാട്: സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജില്‍ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നിലവിലെ മാനേജ്മെന്റ് സമിതി നടത്തരുതെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പോളിയുടെ ഭരണം നടത്തുന്നത് സ്വാമി നിത്യാനന്ദാവിദ്യാകേന്ദ്രം എന്ന സൊസൈറ്റിയാണ്. 1964 ല്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി നിയമപരമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇപ്പോള്‍ കാലഹരണപ്പെട്ട സൊസൈറ്റിയുടെ പട്ടികയിലാണ് വിദ്യാകേന്ദ്രത്തെ റജിസ്ട്രേഷന്‍ വകുപ്പ് ഉള്‍പ്പെടുത്തിയത്. നിലവില്‍ മാനേജ്മെന്റ് സമിതി എന്ന നിലയില്‍ പോളിടെക്നിക് കാര്യങ്ങളില്‍ ഇടപെടുന്നവര്‍ അംഗീകാരമില്ലാത്ത സൊസൈറ്റി ഭാരവാഹികളാണ്.
ഇവര്‍ മാനേജ്മെന്റ് സീറ്റുകളില്‍ കോഴ വാങ്ങി അഡ്മിഷന്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. മാനേജ്മെന്റ് സീറ്റിലേക്കുള്ള വിദ്യാര്‍ഥിപ്രവേശനത്തിനും അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുന്നതിനും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുന്നുണ്ട്. മാനേജ്മെന്റിന്റെ അംഗീകാരം സംബന്ധിച്ച് ആക്ഷേപമുയര്‍ന്നതോടെ രക്ഷിതാക്കളും ജീവനക്കാരും വിദ്യാര്‍ഥികളും ആശങ്കയിലാണ്. 1963 ല്‍ തുടങ്ങിയ പോളിടെക്നിക്കിന്റെ ഭൌതികസാഹചര്യം മെച്ചപ്പെടുത്താന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഓട്ടോമൊബൈല്‍ കോഴ്സിന് ആധുനിക സാങ്കേതിക സംവിധാനങ്ങളോ, ഡ്രൈവിങ് പഠനത്തിന് നല്ല വാഹനങ്ങളോ ഇല്ല. 15 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെങ്കിലും കളിസ്ഥലമില്ല. ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍ താല്‍പര്യമെടുക്കാത്ത മാനേജ്മെന്റ് സ്വാശ്രയ മേഖലയില്‍ എജിനിയറിങ് കോളേജ് ആരംഭിക്കാന്‍ ശ്രമിക്കുകയാണ്. സ്വാശ്രയസ്ഥാപനത്തിന് എസ്എഫ്ഐ എതിരല്ല. സാമൂഹ്യനീതി ഉറപ്പ്വരുത്തിക്കൊണ്ടാകണം സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത്. ഇതിന്റെ നടപടിക്രമം സുതാര്യമായിട്ടല്ല നടക്കുന്നത്.

കര്‍ണാടക കേന്ദ്രീകരിച്ച് ഒരു ലോബി ആശ്രമത്തെ മറയാക്കി നടത്തുന്ന ഏകപക്ഷീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉയര്‍ത്തിയ ആശങ്കകളുടെ പശ്ചാത്തലത്തില്‍ പോളിടെക്നിക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ സബീഷ്, പ്രസിഡന്റ് എം സുമേഷ്, പി നൂര്‍ജഹാന്‍, ടി വി രജീഷ്കുമാര്‍, അജിത്ത് പന്നിക്കുന്ന്, വി ഗിനീഷ്, നയനന്‍, അരു എന്നിവര്‍ പങ്കെടുത്തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com