ലീഗ് കേന്ദ്രങ്ങളില്‍ മഞ്ഞുരുകുന്നു; അണികള്‍ ആഹ്ളാദത്തില്‍

on Jun 5, 2010

കാസര്‍കോഡ്: ഐ.എന്‍.എല്‍ എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെയും മാതൃസംഘടനായ മുസ്ലിംലീഗിന്റെയും കേന്ദ്രങ്ങളില്‍ ആഹ്ളാദം. ഇരു ലീഗുകളും തമ്മില്‍ ശക്തമായ മല്‍സരം നടന്നിരുന്ന ജില്ലയിലെ പല പഞ്ചായത്തുകളിലും ഇത്തവണ വിജയം എളുപ്പമായിരിക്കുമെന്നാണ് രണ്ടു കൂട്ടരുടെയും പ്രതീക്ഷ.
ലീഗും ഐ.എന്‍.എല്ലും തമ്മില്‍ തിരഞ്ഞെടുപ്പിനിടയില്‍ സംഘട്ടനമുണ്ടാകുന്നത് ഒഴിവാക്കാനും ഒരു മുന്നണിയില്‍ പ്രവര്‍ത്തിച്ചാല്‍ സാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട പല വാര്‍ഡുകളും ഇപ്രാവശ്യം തിരിച്ചുപിടിക്കാനാകുമെന്നാണ് ലീഗ്-ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ജില്ലയില്‍ നാഷനല്‍ ലീഗിന് ശക്തമായ അടിത്തറയുള്ള ഉദുമ മണ്ഡലത്തില്‍ അപ്രതീക്ഷിത വിജയം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനെതിരേ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു. ഇതിനിടയിലാണ് പാര്‍ട്ടി ഇടതുബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എല്‍.ഡി.എഫ് ബന്ധം വിച്ഛേദിച്ച് യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ഐ.എന്‍.എല്‍ തീരുമാനം മുസ്്ലിംലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്. ധീരവും ബുദ്ധിപരവുമായ തീരുമാനമാണ് ഐ.എന്‍.എല്‍ കൈക്കൊണ്ടതെന്ന് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. ഐ.എന്‍.എല്‍ യു.ഡി.എഫിനൊപ്പംനിന്നാല്‍ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും തങ്ങള്‍ മാനസികമായി യോജിച്ചുകഴിഞ്ഞുവന്നും ചെര്‍ക്കളം പറഞ്ഞു.
ഇടതുബന്ധം ഉപേക്ഷിക്കാനുള്ള ഐ.എന്‍.എല്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്്ലിംലീഗ് നിയമസഭ പാര്‍ട്ടി ലീഡര്‍ സി ടി അഹമ്മദലി പറഞ്ഞു.
അതിനിടെ, കാസര്‍കോഡ് ജില്ലാ പഞ്ചായത്തിലും ബ്ളോക്ക് പഞ്ചായത്തിലും ചില പഞ്ചായത്തുകളിലും ഐ.എന്‍.എല്‍ പിന്തുണയോടെ സി.പി.എം നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ അവിശ്വാസപ്രമേയത്തിന് യു.ഡി.എഫ് തയ്യാറെടുക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ അടുത്തയാഴ്ച അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്നാണറിയുന്നത്. യു.ഡി.എഫിന് നിലവില്‍ എട്ടംഗങ്ങളുണ്ട്. ഐ.എന്‍.എല്‍ അംഗം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതോടെ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണം അട്ടിമറിയും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com