കരിയേട്ടന്റെ ചായക്കട: പുല്ലൂര്‍കാര്‍ക്ക് ഇനി മധുരസ്മരണ

on Jun 17, 2010

പുല്ലൂര്‍: ചായയും പലഹാരവും നല്കിയുള്ള കരിയേട്ടന്റെ സ്‌നേഹവായ്പ് ഇനി പുല്ലൂര്‍ ഗ്രാമങ്ങള്‍ക്ക് ഇല്ല. പ്രായാധിക്യത്താല്‍ കരിയേട്ടന്‍ കട പൂട്ടുമ്പോള്‍ ഓര്‍മയാകുന്നത് അരനൂറ്റാണ്ട് മുമ്പ് പുല്ലൂരില്‍ തുടങ്ങിയ ആദ്യ ചായക്കടകൂടിയാണ്. കാളവണ്ടിക്കാരനായി ജീവിതംതുടങ്ങിയ കരിയന്‍ ഗ്രാമത്തിലെ ആദ്യകാല അധ്യാപകനായ വി.കോമന്‍ മാസ്റ്ററുടെ മുറിയിലാണ് ആദ്യം കച്ചവടംതുടങ്ങുന്നത്. കച്ചവടം വിപുലമാക്കുന്നതിന്റെ ഭാഗമായി പിന്നീട് ചായക്കടയാക്കി. അന്ന് പുല്ലൂരില്‍ മറ്റ് കച്ചവടമുണ്ടായിരുന്നില്ലെന്ന് കരിയേട്ടന്‍ പറയുന്നു. പൊള്ളക്കടയിലെ കുഞ്ഞിക്കണ്ണന്റെ കച്ചവടം മാത്രമാണ് കൂടെയുണ്ടായത്. മറ്റ് കെട്ടിടങ്ങളൊക്കെ വരുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. തുടക്കത്തില്‍ കടലയും അവലും മാത്രമായിരുന്നു കരിയന്‍ സ്‌പെഷല്‍. സ്റ്റേറ്റ് സീഡ് ഫാം തുടങ്ങിയതോടെ എണ്ണപ്പലഹാരങ്ങളും ഉണ്ടാകാന്‍ തുടങ്ങി. ടൗണില്‍ ആദ്യമായി ബസ്സിറങ്ങുന്ന ഏതൊരാള്‍ക്കും വിളിച്ചുവരുത്തി ചായനല്കി കുശലംപറഞ്ഞ് വഴി പറഞ്ഞുകൊടുത്തേ കരിയേട്ടന്‍ യാത്രയയക്കൂ. സാധനങ്ങളുടെവില കയറിയതിനെക്കുറിച്ച് പറയുമ്പോള്‍ കരിയേട്ടന് പറയാനുള്ളത് ഇങ്ങനെ - 'രണ്ട് മുക്കാലിന് ചായകൊടുത്തകാലത്താണ് ഞാന്‍ കച്ചവടം തുടങ്ങിയത്. ഒരണക്ക് വയറ് നിറയെ ചായയും പലഹാരവും കഴിച്ചാണ് ആളുകള്‍ ഇവിടുന്ന് മടങ്ങിയത്. എല്ലാവിഭാഗം രാഷ്ട്രീയപ്രവര്‍ത്തകരും ഈ ചായപ്പീടികയിലെ സന്ദര്‍ശകരായിരുന്നു. എ.കെ.ജി. പുല്ലൂരില്‍ എത്തിയപ്പോള്‍ ചായക്കടയില്‍ വന്ന് പോയതും പി.എസ്.പി. യുടെ ശക്തികേന്ദ്രമായ പുല്ലൂരിലെ അന്നത്തെ നേതാവായിരുന്ന വക്കീല്‍ കൃഷ്ണന്‍ നായര്‍ കടയിലെ നിത്യസന്ദര്‍ശകനായിരുന്നതും പറയുമ്പോള്‍ കരിയേട്ടന്‍ വാചാലനാവും. ദീര്‍ഘനാളത്തെ ഹോട്ടല്‍ ജീവിതത്തിനിടയില്‍ ഒരാളോടുപോലും കയര്‍ത്ത് സംസാരിക്കേണ്ടി വന്നിട്ടില്ലെന്ന് ഇദ്ദേഹംപറയുന്നു. ചായക്കട വിട്ടൊഴിയുമ്പോഴും കരിയേട്ടന് തിരക്കൊഴിഞ്ഞ നേരമില്ല; മഡിയന്‍ കൂലോത്തിന്കീഴില്‍ വയലില്‍ തണ്ടാനായി ആചാരംകൊണ്ട് ഗ്രാമത്തിലെ ദേവസ്ഥാനങ്ങളിലും തറവാടുകളിലും കലശക്കാരന്റെ ചുമതലവഹിക്കുകയാണ് ഈ 85 കാരന്‍.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com