ഫാമിലി മ്യൂസിക് റിയാലിറ്റി ഷോയില്‍ ഒന്നാം സമ്മാനം കാഞ്ഞങ്ങാട്ടേക്ക്; പ്രമോദും കുടുംബവും 20 ലക്ഷം രൂപയുടെ ഫ്ളാറ്റ് സ്വന്തമാക്കി

on Jul 29, 2010


കാഞ്ഞങ്ങാട്: കൈരളി ടി.വി യുടെ ഫാമിലി മ്യൂസിക് പരിപാടിയില്‍ ഒന്നാം സ്ഥാനം നേടിയ അരയിയിലെ പ്രമോദും കുടുംബവും കാഞ്ഞങ്ങാടിന് അഭിമാനമായി.ഇക്കഴിഞ്ഞ ജൂലൈ 11നാണ് പതിമൂന്നംഗ ടീം ഫൈനല്‍ മത്സരത്തില്‍ 20 ലക്ഷം രൂപയുടെ ഫ്ളാറ്റ് സ്വന്തമാക്കിയത്. യേശുദാസ്, ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തുടങ്ങിയവരുടെ ഗാനമേളകള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന തബലിസ്റ് പ്രമോദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കുടുംബാംഗങ്ങളാണ് മലബാറിലേക്ക് ആദ്യമായി റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനം കൊണ്ടുവന്നത്. പ്രമോദിന്റെ മൂന്നര വയസുള്ള മകള്‍ അമയ മുതല്‍ ഏഴുപത്തൊന്നുകാരനും റിട്ട. എ.എസ്.ഐയുമായ അച്ഛന്‍ പുരുഷോത്തമന്‍ ഉള്‍പ്പെടെയുള്ള ഗായകരാണ് എല്ലാരും പാടണ പരിപാടിയില്‍ പങ്കെടുത്ത് വിജയം കൊയ്തത്. സംഘത്തില്‍ പ്രൊഫഷണല്‍ ഗായകരുമുണ്ട്. രഘൂത്തമന്‍, കവിത, ശ്രീഷ എന്നിവര്‍ ഗാനമേള വേദികളില്‍ തിളങ്ങി നിന്നവരാണ്. റിട്ട. എ.എസ്.ഐ പുരുഷോത്തമനെ കൂടാതെ മറ്റൊരു റിട്ട. ഉദ്യോഗസ്ഥനും ഗായക സംഘത്തിലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിരമിച്ച ബാലകൃഷ്ണനാണ് മറ്റൊരംഗം. നളിനി, രജിത, വിനയന്‍, അഭിരാജ്, അനുശ്രീ, ശരണ്യ എന്നിവരും സംഘത്തിലെ അംഗങ്ങളാണ്. ഫൈനല്‍ റൌണ്ടിലെന്നപോലെ തങ്ങള്‍ക്ക് മികച്ച മാര്‍ക്കുകള്‍ കിട്ടിയത് തീം റൌണ്ടിലും, ദേശഭക്തി ഗാന ഫെസ്റിവെല്‍ റൌണ്ടിലുമാണെന്ന് സംഘത്തിന് ചുക്കാന്‍ പിടിച്ച പ്രമോദ് പറഞ്ഞു. കതിവന്നൂര്‍ വീരന്‍ തെയ്യത്തെയാണ് തീം റൌണ്ടില്‍ അവതരിപ്പിച്ചത്. നൂറില്‍ 92 മാര്‍ക്ക് ലഭിച്ചു. ദേശഭക്തി ഗാനം റൌണ്ടിന് ലഭിച്ചത് 99 മാര്‍ക്കും ഫെസ്റിവല്‍ റൌണ്ടില്‍ 96 മാര്‍ക്കുമാണ് ലഭിച്ചത്.ഫൈനല്‍ മത്സരത്തിലെ മൂന്ന് റൌണ്ടുകളും നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. സോളോ പിന്നണി ഗോയകര്‍ക്കൊപ്പം ഡ്യൂയിറ്റ്, ഗ്രൂപ്പ് സോങ്ങ് റൌണ്ടുകളാണുണ്ടായത്. പ്രൊഫഷണല്‍ ഗായകരായ രഘൂത്തമനും കവിതയുമാണ് ഫൈനലില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച് ഫ്ളാറ്റ് സ്വന്തമാക്കാന്‍ സഹായിച്ചതെന്ന് കുടുംബാംഗങ്ങള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു.കൈരളി ടി.വി യുടെ പരിപാടിയില്‍ നിന്നും ലഭിച്ച അനുഭവം തങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്നും കുടംബത്തിന്റെ നേതൃത്വത്തില്‍ ഗാനമേള ട്രൂപ്പ് ഉണ്ടാക്കാനാണ് അടുത്ത ശ്രമമെന്നും പ്രമോദ് പറഞ്ഞു. സംഗീത സംവിധായകന്‍ രാജാമണി നടന്‍ മാള അരവിന്ദന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com