കുണിയയിലെ ജിന്ന്‌ ചികിത്സ: താക്ക യുടെ പ്രസ്താവന ഇസ്ലാമിക ശരിഅത്തിന്റെ നിയമങ്ങള്‍ ക്കെതിര് : മസ്‌ജിദ്‌ പ്രസിഡണ്ട്

on Jul 17, 2010

കാഞ്ഞങ്ങാട്‌: കുണിയ മുഹ്‌യദ്ധീന്‍ മസ്‌ജിദിന്‌ സമീപം നടത്തുന്ന ജിന്ന്‌ ചികിത്സയേയും സ്വലാത്ത്‌ മജ്‌ലിസിനേയും കുറ്റപ്പെടുത്തുന്ന രീതിയില്‍ ഖാസിയെ കൊണ്ടു പ്രസംഗിപ്പിച്ചത്‌ ജമാഅത്ത്‌ അംഗങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള തല്‍പരകക്ഷികളായ ചിലരുടെ ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണെന്ന്‌ കുണിയ അടുക്കം മുഹ്‌യദ്ധീന്‍ മസ്‌ജിദ്‌ പ്രസിഡണ്ട് മുഹമ്മദ്‌ അടുക്കം പറഞ്ഞു. ഇസ്ലാമിക ശരിഅത്തിന്റെ നിയമങ്ങള്‍ അനുസരിച്ചും അഹ്‌ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ അനുസരിച്ചും നടത്തുന്ന ജിന്ന്‌ ചികിത്സ തട്ടിപ്പാണെന്ന്‌ പറയാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്‌ച ദിവസം ജമാഅത്ത്‌ കമ്മിറ്റിക്ക്‌ മുമ്പാകെ ഹാജരാകാന്‍ ചികിത്സ നടത്തുന്ന ശരീഫിനോട്‌ ആവശ്യപ്പെട്ടപ്പോള്‍ ജിന്ന്‌ ഹാളിറാകുന്ന ദിവസമായതുകൊണ്ടും ചികിത്സാവശ്യാര്‍ത്ഥം വിദൂര സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതുകൊണ്ടും അന്നേ ദിവസം വരാന്‍ സാധ്യമല്ലെന്ന്‌ രേഖാമൂലം കുണിയ ജമാഅത്ത്‌ കമ്മിറ്റിയെ അറിയിക്കുകയും ചെയ്‌തിരുന്നു. ഈ വസ്‌തുത മറച്ചുവെച്ച്‌ ഖാസിയെ തെറ്റിദ്ധരിപ്പിക്കുകയും ചൊവ്വാഴ്‌ച ദിവസം തന്നെ ധൃതിപ്പെട്ട്‌ ഖാസിയെ ജമാഅത്തിലേക്ക്‌ ക്ഷണിച്ചുവരുത്തി പ്രസ്താവന നടത്തുകയുമായിരുന്നു. കുണിയയില്‍ നിന്ന്‌ വിളിപ്പുറത്തകലെയുള്ള ജിന്ന്‌ ചികിത്സ നടത്തുന്ന മുഹ്‌യദ്ധീന്‍ മസ്‌ജിദ്‌ കാന്തപുരം ഏ.പി.അബൂബക്കര്‍ മുസ്‌ലിരെകൊണ്ട്‌ ഉദ്‌ഘാടനം ചെയ്യിപ്പിച്ചതും മദ്രസ്സ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‌ കീഴിലാക്കിയതും ചില ആളുകള്‍ക്ക്‌ ഇഷ്ടപ്പെട്ടിരുന്നില്ല. ജമാഅത്ത്‌ കമ്മിറ്റിയുടെയും ഖാസിയുടെയും പ്രസ്‌താവന വരുന്നതിന്‌ മുമ്പ്‌ തന്നെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസ്‌താവന ഇറക്കി വിവാദമുണ്ടാക്കിയതും ഇതിന്റെ ഭാഗമാണ്. മഹല്ലിന്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുന്നതിന്‌ വേണ്ടി തെറ്റിദ്ധരിപ്പിച്ച്‌ മുതലെടുപ്പ്‌ നടത്തുന്നത്‌ ന്യായീകരിക്കാവുന്നതല്ലെന്നും മുഹ്‌യദ്ധീന്‍ മസ്‌ജിദ്‌ പ്രസിഡന്റ്‌ അറിയിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com