പെരിയയില്‍ ഹെലിപ്പാഡ് നിര്‍മിക്കുന്നു; വഴിയാധാരമാകാന്‍ 60 കുടുംബങ്ങള്‍

on Jul 5, 2010

പെരിയ : കാസര്‍കോട് ജില്ലയില്‍ പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ മുത്തനടുക്കത്ത് ഹെലിപ്പാഡ് നിര്‍മിക്കാന്‍ 60 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു. 600 ഏക്കറോളം വരുന്ന സര്‍ക്കാര്‍ സ്ഥലവും തൊട്ടടുത്ത് 60 കുടുംബങ്ങള്‍ താമസിക്കുന്ന 300 ഏക്കറുമാണ് ഹെലിപ്പാഡ് നിര്‍മാണത്തിനും അനുബന്ധ കാര്യങ്ങള്‍ക്കുമായി അധികൃതര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. ബേക്കല്‍ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ഇവിടെ ഹെലിപ്പാഡ് നിര്‍മിക്കുന്നത്. ബേക്കല്‍കോട്ട സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ അവിടെ എത്തിച്ചേരാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ഹെലിപ്പാഡ് നിര്‍മാണ നടപടി തുടങ്ങിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് ഉദ്യോഗസ്ഥര്‍ മൂത്തനടുക്കത്തെത്തി ചെറു വിമാനത്താവളത്തിനാവശ്യമായ സ്ഥലം പരിശോധിച്ച് വിലയിരുത്തിയിരുന്നു. 600 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലത്തിനു പുറമെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന 300 ഏക്കര്‍ ഭൂമിയും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അതിരുകള്‍ നിര്‍ണയിച്ചു. പ്രദേശവാസികളുടെ ആശങ്കയകറ്റാതെയാണ് ഇതിനുവേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ചെറു വിമാനത്താവളത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു ഉറപ്പും അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഏതു പദ്ധതി തുടങ്ങുമ്പോഴും സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ക്ക് ബദല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് അധികൃതരുടെ ബാധ്യതയാണ്. ഹെലിപ്പാഡിനുവേണ്ടി കണ്ടെത്തിയ 300 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തവര്‍ ഏറെയാണ്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷികയിനങ്ങള്‍ ഏക്കറുകളോളം വ്യാപിച്ചിട്ടുണ്ട്. ഈ കൃഷിയൊക്കെ സ്ഥലം ഏറ്റെടുക്കുമ്പോള്‍ നശിപ്പിക്കപ്പെടുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്. സര്‍ക്കാര്‍ സ്ഥലത്ത് ഹെലിപ്പാഡ് നിര്‍മിക്കുമ്പോള്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ വേണ്ട ക്വാര്‍ട്ടേഴ്‌സുകളും മറ്റു കെട്ടിടങ്ങളും നിര്‍മിക്കാനാണ് ജനവാസ കേന്ദ്രത്തിലെ സ്ഥലം ഏറ്റെടുക്കാന്‍ പോകുന്നതെന്നാണ് വിവരം. ഹെലിപ്പാഡിന്റെ പേരില്‍ 60 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടെങ്കിലും കൂട്ടായ എതിര്‍പ്പ് ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com