ഭക്ഷണം നല്‍കുമ്പോഴും ദാന ധര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അവരുടെ മത വിശ്വാസം നാം പരിഗണിക്കാവതല്ല

on Jul 8, 2010

ഇബ്രാഹിം നബി (അ) തനിച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ആരെങ്കിലുമൊരാള്‍ അതിഥിയായി ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ ഏഴു ദിവസം തുടർച്ചയായി ഒരൊറ്റ അതിഥിയെ പോലും കിട്ടാതെ വന്നു. അങ്ങനെ ഒരതിഥിയെ അന്വേഷിച്ച് അദ്ദേഹം പുറത്തിറങ്ങി. നടന്ന് നടന്ന് അവസാനം ഒരു കാട്ടിലെത്തി. അവിടെ ഒരു വൃദ്ധനെ കണ്ടു മുട്ടി. തല മുടിയും താടി രോമങ്ങളുമെല്ലാം പഞ്ഞി പോലെ വെളുത്ത ഒരു പടു കിഴവന്‍. ഇബ്രാഹിം നബി ആ വൃദ്ധനേയും കൂട്ടി വീട്ടിലേക്ക് നടന്നു.അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോന്‍ ഇബ്രാഹിം നബി ഒരു കാര്യം ശ്രദ്ധിച്ചു.അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെയാണ് വൃദ്ധന്‍ തീറ്റ ആരംഭിച്ചത്.“ഇത്രയൊക്കെ പ്രായമായിട്ടും അതിനൊത്ത പക്വത താങ്കൾക്കില്ലാതെ പോയല്ലോ” ഇബ്രാഹിം നബി അയാളെ ഗുണദോഷിച്ചു."എന്താണ് കാര്യം?" കിഴവന്‍ ചോദിച്ചു.“ഭക്ഷണം കഴിക്കുമ്പോള്‍ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് തുടങ്ങണമെന്ന് താങ്കള്‍ക്കറിയില്ലേ?”"ശരിയാണ്, പക്ഷെ ഞാന്‍ താങ്കളുടെ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്റെ ദൈവം അഗ്നിയാണ്. താങ്കളുടെ മതം പിഴച്ചതാണെന്ന് ഞങ്ങളുടെ മത പുരോഹിതന്മാർ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്" - വൃദ്ധൻ പറഞ്ഞു നിർത്തി.തന്റെ അതിഥി അഗ്നിയെ പൂജിക്കുന്നവനാണെന്നറിഞ്ഞപ്പോള്‍ ഇബ്രാഹിം നബിക്ക് കടുത്ത നിരാശയുണ്ടായി. അദ്ദേഹം അയാളോട് ഉടനെത്തന്നെ സ്ഥലം വിടാൻ കൽപിച്ചു.അന്നേരം ആകാശ ലോകത്ത് നിന്ന് ഇപ്രകാരം വെളിപാടുണ്ടായി:" ഓ ഇബ്രാഹിം, താങ്കള്‍ ആട്ടിയിറക്കിയ വൃദ്ധനുണ്ടല്ലോ. അയാളെ സൃഷ്ടിച്ചത് ഞാനാണ്. നൂറുകൊല്ലക്കാലം അയാള്‍ക്ക് ഞാന്‍ മുടങ്ങാതെ ഭക്ഷണം കൊടുത്തു.അയാള്‍ എന്നിൽ വിശ്വസിക്കുന്നില്ല എന്നറിഞ്ഞു കൊണ്ടു തന്നെ.പക്ഷെ ഒരു നേരം പോലും അയാള്‍ക്ക് ഭക്ഷണം കൊടുക്കാൻ താങ്കള്‍ക്ക് കഴിഞ്ഞില്ല. അഗ്നി പൂജകനാണെന്നത് ശരി തന്നെ. പക്ഷെ, എല്ലാ മനുഷ്യരേയും പോലെ അയാള്‍ക്കും ഒരു ചാൺ വയറുണ്ടെന്നത് താങ്കള്‍ ഓർക്കേണ്ടതായിരുന്നു."
ഗുണപാഠം:അന്യരെ ഊട്ടുമ്പോഴും അവര്‍ക്കു ദാന ധര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അവരുടെ മത വിശ്വാസം നാം പരിഗണിക്കാവതല്ല, കാരണം അല്ലാഹു സര്‍വ്വ സൃഷ്ടികള്‍ക്കും അവന്റെ കാരുണ്യം ഒരേ പോലെ നല്‍കുന്നു. വായു, വെള്ളം, വെളിച്ചം എല്ലാം എല്ലാവരും ഒരേപോലെ അത് അനുഭവിക്കുന്നു. നമുക്കു നഷ്ടമായതും നാം സ്വായത്തമാക്കേണ്ടതും ആ ഗുണം തന്നെ!!

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com