അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ്; മുറികളുടെ ലേലം നടന്നില്ല

on Jul 18, 2010


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ അലാമിപ്പള്ളിയില്‍ നിര്‍മിച്ച ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ മുറികളുടെ ലേലം നടന്നില്ല. പങ്കെടുക്കാനെത്തിയവര്‍ ആരും നിരതദ്രവ്യം കെട്ടിവെക്കാത്തതിനാലാണ് ലേലം നടക്കാതിരുന്നത്. ശനിയാഴ്ച 11 മണിക്ക് ടൗണ്‍ ഹാളിലായിരുന്നു ലേലം തീരുമാനിച്ചിരുന്നത്. ജില്ലയ്ക്കകത്തും പുറത്തും നിന്നെത്തിയവര്‍ ലേലം തുടങ്ങും മുമ്പേ പരസ്​പരം ഒത്തുചേര്‍ന്ന് നിക്ഷേപ തുക കൂടുതലാണെന്ന് വിലിയിരുത്തി. തുടര്‍ന്ന് ലേലത്തില്‍ ആരും പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. 11 മണിക്ക് ലേലത്തിന് ഒരുക്കം തുടങ്ങി. മുക്കാല്‍ മണിക്കൂറോളം കാത്ത് നിന്ന ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ആരും നിരതദ്രവ്യം കെട്ടിവച്ചില്ല. ലേലം നടക്കില്ലെന്നായപ്പോള്‍ ഒരാള്‍ മാത്രം തുക കെട്ടിവെക്കാന്‍ തയ്യാറായി. എന്നാല്‍ ലേലത്തില്‍ മത്സര സ്വഭാവം കൈവരില്ലെന്ന കാരണത്താല്‍ ഉദ്യോഗസ്ഥര്‍ നിരതദ്രവ്യം സ്വീകരിച്ചില്ല.ഉടന്‍ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ 22 മുറികളാണ് ലേലം നടത്താന്‍ നഗരസഭ തീരുമാനിച്ചത്. ആദ്യ 11 മുറികള്‍ക്ക് 10 ലക്ഷം രൂപ നിക്ഷേപവും 10,000 രൂപ പ്രതിമാസ വാടകയുമാണ് നിശ്ചയിച്ചത്. അടുത്ത 11 മുറികള്‍ക്ക് അഞ്ച് ലക്ഷം നിക്ഷേപതുകയും 5,000 രൂപ വാടകയും നിശ്ചയിച്ചു. ഒരു ലക്ഷം രൂപയാണ് നിരതദ്രവ്യം. നേരത്തെ മൂന്ന് പേര്‍ ടെന്‍ഡര്‍ ഫോറങ്ങള്‍ വാങ്ങിയിരുന്നു. എന്നാല്‍ ഒരു ടെന്‍ഡര്‍ പോലും ലഭിച്ചിട്ടില്ല.സെക്രട്ടറി എം.സി. ജോണ്‍, റവന്യൂ സൂപ്രണ്ട് ഷര്‍ഫുദ്ദീന്‍, റവന്യു ഇന്‍സ്‌പെക്ടര്‍ ബാബു എന്നിവരാണ് ലേല നടപടികള്‍ക്കായി ടൗണ്‍ ഹാളിലെത്തിയത്. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അശോകനും സ്ഥലത്തെത്തിയിരുന്നു. 22ന് നടക്കുന്ന നഗരസഭാ യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. നിര്‍മാണ പ്രവൃത്തി നൂറ് ശതമാനം പൂര്‍ത്തിയാക്കി ഉദ്ഘാടന തീയതിയും മുന്നില്‍ കണ്ടശേഷം മാത്രമേ ഇനി ലേലം നടത്തേണ്ടതുള്ളൂ എന്നാണ് നിലപാടെന്ന് സെക്രട്ടറി എം.സി. ജോണ്‍ പറഞ്ഞു.നേരത്തെ ലേലം നടത്തുമ്പോള്‍ വന്‍കിടക്കാര്‍ മുറികള്‍ കൈക്കലാക്കാന്‍ ശ്രമിക്കും. നാട്ടുകാരായ പാവപ്പെട്ടവര്‍ക്ക് കൂടി മുറികള്‍ ലഭ്യമാക്കണമെന്നുണ്ടെങ്കില്‍ മുറികള്‍ ഉദ്ഘാടനത്തിന് സജ്ജമാകണമെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു. വന്‍ കിടക്കാരെത്തി ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് ലേല നടപടികള്‍ മുടങ്ങിയതെന്ന് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അശോകന്‍ ആരോപിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com