തട്ടിപ്പിനു പുതിയ വഴികള്‍: ജില്ലയില്‍ മണിചെയിന്‍ സജീവം

on Jul 19, 2010

കാഞ്ഞങ്ങാട്: മണിചെയിന്‍ പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി. ബാംഗ്ളൂര്‍, ഹൈദരാബാദ്, മുംബൈ, ചെന്നൈനഗരങ്ങളില്‍ രജിസ്റര്‍ ചെയ്ത സ്വകാര്യ കമ്പനികളാണ് ഇന്റര്‍നെറ്റിലൂടെ ജനത്തെ കബളിപ്പിച്ച് ചെയിനില്‍ അംഗങ്ങളാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 800 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ പാസി എന്ന മണിചെയിന്‍ കമ്പനിയുടെ കെണിയില്‍പ്പെട്ട് പണം നഷ്ട മായ നൂറുക്കണക്കിനു പേര്‍ ജില്ലയിലുണ്ട്. ബാംഗ്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു മണി ചെയിന്‍ കമ്പനിയാണ് ഇപ്പോള്‍ ജനത്തെ കബളിപ്പിക്കുന്നത്. 1000 രൂപ അടച്ച് ചെയിനില്‍ അംഗമാകുന്നയാള്‍ക്ക് ടീ ഷര്‍ട്ട്, വാച്ച്, ബാഗ് എന്നിവ നല്‍കുമെന്നും ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഒരുലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കാര്‍ഡും നല്‍കുമെന്നുമാണ് വാഗ്ദാനം. ബിസിനസ് സമ്പ്രദായത്തിലേക്ക് കടന്നുവരുന്നയാള്‍ രണ്ടാളെ ചേര്‍ക്കണം. ചെയിനില്‍ നാലുപേരാകുമ്പോള്‍ ഒന്നാമത്തെയാള്‍ക്ക് 800 രൂപ ലഭിക്കും. സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രശസ്തി മുതലെടുത്താണ് പല സ്ഥലങ്ങളിലും ചെയിനില്‍ ആളുകളെ ചേര്‍ക്കുന്നത്. ഉല്‍പ്പാദനം, ചില്ലറ വില്‍പ്പന, ഫാര്‍മസി, ഐ.ടി, കെട്ടിടനിര്‍മാണം, ആശുപത്രി, പരസ്യരംഗം എന്നിവിടങ്ങളിലെല്ലാം കമ്പനി പ്രവര്‍ത്തിക്കുന്നുണ്െടന്നാണ് പ്രചരിപ്പിക്കുന്നത്. ജോലിയുള്ളവര്‍ക്ക് പോലും വരുമാന വര്‍ധനവിലുള്ള മാര്‍ഗമാണ് മണിചെയിന്‍ എന്നാണ് പ്രചാരണം. പല ടൌണുകളിലും യോഗം വിളിച്ചാണ് ചെയിനില്‍ ആളുകളെ ചേര്‍ക്കുന്നത്. കാഞ്ഞങ്ങാട്, കാസര്‍കോഡ് നഗരങ്ങളില്‍ കമ്പനിയുടെ നൂറുക്കണക്കിന് പ്രവര്‍ത്തകരുണ്ട്. രജിസ്റര്‍ ചെയ്ത് കോടികള്‍ പിരിച്ചെടുത്ത ശേഷം കമ്പനി പൊട്ടുന്നത് പതിവാണ്. പാസി കമ്പനിയുടെ പേരില്‍ കോടികള്‍ സമ്പാദിച്ച മാനേജിങ് ഡയറക്്ടര്‍ക്ക് ബിനാമി ഇടപാടില്‍ വന്‍ സമ്പാദ്യമാണുള്ളത്. പണം തിരിച്ചുകിട്ടാന്‍ നൂറുകണക്കിന് ഇടപാടുകാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന മണിചെയിനുകളുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഇന്റര്‍നെറ്റിലൂടെ വന്‍പ്രചാരണം നല്‍കി ആരംഭിക്കുന്ന കമ്പനികള്‍ പിന്നീട് അപ്രത്യക്ഷമാവുന്നത് കോടികള്‍ സമ്പാദിച്ചശേഷമാണ്. സൂപ്പര്‍മാര്‍ക്കറ്റിന്റെ മറവില്‍ പോലും ബൈനറി സിസ്റ്റത്തില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ ജില്ലയിലുണ്ട്. 15,000 രൂപ വീതം ഷെയര്‍ നല്‍കി സൂപ്പര്‍ മാര്‍ക്കറ്റിങ് ചെയിനില്‍ അംഗമാകുന്നവര്‍ രണ്ടുപേരെ ചേര്‍ത്താല്‍ 4000 രൂപയും നാലുപേരെ ചേര്‍ത്താല്‍ 8000 രൂപയും നല്‍കുന്ന സമ്പ്രദായവും നിലവിലുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ആഡംബര വസ്തുക്കള്‍ വരെ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് പല ചെയിനുകളും ജില്ലയില്‍ മുങ്ങിയ നിലയിലാണ്. നാ നോ എക്സല്‍ എന്ന കമ്പനി സര്‍വരോഗ സംഹാരി എന്ന പ്രചരിപ്പിച്ച് കഴുത്തില്‍ തൂക്കിയിടാനുള്ള കാര്‍ഡും കുടിവെള്ളവും നല്‍കിയാണ് ലക്ഷങ്ങള്‍ കൊയ്യുന്നത്. ഹൃദ്രോഗം, ഉദരരോഗം, നടുവേദന തുട ങ്ങിയ വയുള്ളവരെ സമീപിച്ച് രോഗം മാറാനുള്ള ഏകമാര്‍ഗം നാനോ എക്സല്‍ ചെയ്നില്‍ ചേരുകയാണെന്ന് വ്യാമോഹിപ്പിക്കുകയാണ്. ചെയ്നില്‍ ചേര്‍ന്നയാള്‍ പണം തിരിച്ചുപിടിക്കാന്‍ കൂടുതല്‍ ആളുകളെ വലയില്‍ പെടുത്തുന്നു. ആയൂര്‍വേദ പഞ്ചകര്‍മത്തിന്റെ പേരിലും ചെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരം മുതല്‍ 20,000 രൂപ വരെയുള്ള അര ഡസനോളം ചെയിനുകളാണ് ജില്ലയില്‍ സജീവമായിട്ടുള്ളത്. ഇവര്‍ പരസ്യമായി യോഗം ചേരുമ്പോള്‍ പോലും പോലിസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com