എമു വളര്‍ത്തി വിജയം കൊയ്തു; കാര്‍ഷികവൃത്തിയുടെ പുതിയ മുഖമായി ഹനീഫ

on Apr 28, 2010

പള്ളിക്കര: എമുപക്ഷി വളര്‍ത്തലിലൂടെ സംസ്ഥാനത്തെ കാര്‍ഷിക ജീവിതത്തില്‍ വിജയത്തിന്റെ വേറിട്ട തലം കാഴ്ചവെക്കുകയാണ് കണ്ണൂര്‍ ചാല സ്വദേശി ഹനീഫ. 18 വര്‍ഷം പ്രവാസി ജീവിതം നയിച്ച് നാട്ടില്‍ തിരിച്ചെത്തി 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് ബിസിനസ് തുടങ്ങി തകര്‍ന്ന ഈ നാല്‍പതുകാരന്‍ അഞ്ചുവര്‍ഷം മുമ്പ് ഇറച്ചിക്കോഴി കൃഷിയിലേക്ക് തിരിയുകയും പിന്നീട് എമു വളര്‍ത്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു.ഇറച്ചിക്കോഴി കൃഷിയില്‍ ആകൃഷ്ടനായ ഹനീഫ ഹൈദരാബാദിലെ പഠനകേന്ദ്രവുമായി ബന്ധപ്പെട്ടാണ് എമുവിനെ വാങ്ങിയത്. രണ്ട് എമുവില്‍ തുടങ്ങി അഞ്ചുവര്‍ഷത്തിനകം 350ഓളം എമു വില്‍പന നടത്തി. എമുവിന്റെ ഒരു മുട്ടക്ക് 1500 രൂപയാണ് വില. ലേപനങ്ങളുടെ (കോസ്മെറ്റിക്സ്) ഉല്‍പാദനത്തിനാണ് മുട്ട ഉപയോഗിക്കുന്നത്. കൂടുതല്‍ വിലക്ക് റിലയന്‍സ് ഗ്രൂപ്പ് മുട്ട ശേഖരിക്കുന്നതായി ഹനീഫ പറയുന്നു.ഇപ്പോള്‍ എമു പ്രദര്‍ശനത്തിനും വില്‍പനക്കുമായി പള്ളിക്കര ബീച്ച് പാര്‍ക്കിലെ ടൂറിസം കാര്‍ണിവലില്‍ എത്തിയിരിക്കുകയാണ് ഹനീഫ. 45 ദിവസം പ്രായമെത്തിയ എമുവാണ് വില്‍പന നടത്തുന്നത്. രണ്ടുമാസം മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള 300ഓളം എമു പക്ഷികള്‍ ഇപ്പോള്‍ വില്‍പനക്ക് തയാറായിട്ടുണ്ട്. ഈ വര്‍ഷം 140 എണ്ണം വില്‍പന നടത്തി. മൂന്നുമാസം പ്രായമെത്തിയ എമുവിന്റെ വില 3500 രൂപയാണ്. കാബേജിന്റെ ഇല, കോളിഫ്ലവര്‍, പച്ചകപ്പ, തണ്ണിമത്തന്റെ തൊലി തുടങ്ങിയവയാണ് എമുവിന്റെ പ്രധാന ഭക്ഷണം. എമുവില്‍നിന്നെടുക്കുന്ന നെയ്യ് എല്ലാതരം വ്രണങ്ങളും മാറ്റുന്ന ഔഷധം കൂടിയാണ്. 100 മില്ലിക്ക് 350 രൂപയാണ് വില. എമുവിന് പുറമെ ടര്‍ക്കി, ഗിനി, താറാവ് എന്നിവയും ഫാന്‍സി കോഴികളും വളര്‍ത്തി വില്‍പന നടത്തുന്നുണ്ട്. നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് കോഴിവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനവും ഹനീഫ നല്‍കുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com