ഗുജറാത്തില്‍ നടന്ന നരനായാട്ടില്‍ സര്‍വതും നഷ്ടപ്പെട്ട സുല്‍ഫിക്കര്‍ മലയാളികളുടെ കരുണാകടാക്ഷത്തില്‍ നാളുകള്‍ തള്ളിനീക്കുന്നു

on Apr 26, 2010


കാസര്‍കോട് : ഗുജറാത്തില്‍ നടന്ന നരനായാട്ടില്‍ സര്‍വതും നഷ്ടപ്പെട്ട മുഹമ്മദ് സുല്‍ഫിക്കര്‍ മലയാളികളുടെ കരുണാകടാക്ഷത്തില്‍ നാളുകള്‍ തള്ളിനീക്കുന്നു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് ഭീതിയോടെ കഴിഞ്ഞുകൂടുന്ന ഇദ്ദേഹം ജനങ്ങള്‍ നല്‍കുന്ന നാണയതുട്ടുകള്‍കൊണ്ടാണ് ഉപജീവനം കഴിക്കുന്നത്. ഗുജറാത്തിലെ ഷാദര്‍വാസയിലെ മസ്ജിദെ നൂറിലെ ഇമാമായിരുന്ന മുഹമ്മദ് സുല്‍ഫിക്കര്‍. വര്‍ഗീയവാദികളുടെ കത്തിക്കിരയാകാതിരിക്കാന്‍ രക്ഷപ്പെട്ട് കേരളത്തിലെത്തുകയായിരുന്നു. സഹോദരിയും ഭര്‍ത്താവും കൊല്ലപ്പെട്ടതോടെ തീര്‍ത്തും അനാഥനായ മുഹമ്മദ് സുല്‍ഫിക്കര്‍ ദുഃഖംമനസ്സിലൊതുക്കി പള്ളികളില്‍ അന്തിയുങ്ങി ജീവിക്കുകയാണ്. തന്റെവീട്ടില്‍ അതിക്രമിച്ചുകയറിയ ആറുപേരടങ്ങിയ സ്ത്രീസംഘമാണ് സഹോദരിയേയും ഭര്‍ത്താവിനേയും ഒന്നരയും മൂന്നുംവയസുള്ള പിഞ്ചുകുട്ടികളേയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തികൊലപ്പെടുത്തിയത്. താന്‍ജോലി ചെയ്തിരുന്ന മസ്ജിദും അതിനു സമീപത്തെ നൂറോളംവീടുകളും അക്രമകാരികള്‍ അഗ്നിക്കിരയാക്കി. തന്റെ നട്ടെല്ലിന് മര്‍ദ്ദനമേറ്റു. വേദന കടിച്ചമര്‍ത്തി അവിടെനിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഗുജറാത്തിലെ തെരുവുകളില്‍ സഹോദരങ്ങള്‍ കൂട്ടകുരുതിക്ക് ഇരയായത് ഞെട്ടലോടുകൂടിയാണ് ഇദ്ദേഹം ഓര്‍ക്കുന്നത്. കാഴ്ചനഷ്ടപ്പെട്ട കണ്ണുകളില്‍ നിന്ന് കണ്ണീര്‍തുടച്ചുകൊണ്ട് മുഹമ്മദ് സുല്‍ഫിക്കറെന്ന 35 കാരന്‍ പറഞ്ഞു.ഗുജറാത്തില്‍ മുസ്ലിംകളെ കൂട്ടകൊല ചെയ്തതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ സ്വദേശികളായ രണ്ടുപേരുടെസഹായത്തോടെയാണ് ഇദ്ദേഹം ഗുജറാത്തില്‍നിന്ന് കേരള എക്സ്പ്രസില്‍ ട്രെയിന്‍ കയറിയത്. തുടര്‍ന്ന് തിരുവനന്തപുരത്തെത്തി പാളയം പള്ളിയില്‍ അഭയംതേടി. കുറേനാളുകള്‍ അവിടെ നിന്നശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി പൊതുജനങ്ങള്‍ നല്‍കുന്നസഹായങ്ങള്‍കൊണ്ട് ജീവിച്ചുവരികയാണ്.കാസര്‍കോട് നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ മതപ്രഭാഷണ പരിപാടിയില്‍ മുഹമ്മദ് സുല്‍ഫിക്കര്‍ എത്തിയിരുന്നു. ഗുജറാത്തിലേക്ക് മടങ്ങിപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനിച്ചനാട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്യ്രം പോലും നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് വന്നത്. എന്നാല്‍ കേരളീയര്‍ നല്‍കുന്ന സ്നേഹലാളനം തന്നെ ഏറെ സന്തോഷിപ്പിക്കുന്നു. മതേതരത്വത്തിന്റെ കാഹളംമുഴങ്ങുന്ന കേരളം പോലുള്ള നാട്ടില്‍ ജീവിക്കാന്‍ ഏറെ ഇഷ്ടമാണ്.ഇവിടെ ആരേയും ഭയപ്പെടണ്ട. എന്നാല്‍ ഞാന്‍ ജനിച്ച ഗുജറാത്തില്‍ ജാതിയുംപേരും നോക്കിഅക്രമങ്ങളും കലാപങ്ങളും നടത്തി ന്യൂനപക്ഷ വിഭാഗങ്ങളെ കൊന്നൊടുക്കുകയാണ്. ഇതിന് പരിഹാരംകാണാന്‍ ഭരണകൂടം തയ്യാറാവാണമെന്നാണ് അന്ധനായ മുഹമ്മദ് സുല്‍ഫിക്കറിന്റെ അഭിലാഷം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com