കേരളത്തിലെ മതേതര മുസ്ലിം നാട്യസംഘം - വിനീത് നാരായണന്‍ നമ്പൂതിരി

on Apr 11, 2010

കേരളത്തിലെ മതേതര മുസ്ലിം നാട്യസംഘം വിനീത് നാരായണന്‍ നമ്പൂതിരി

Thursday, April 8, 2010 ' Madhyamam Daily

ഫാഷിസ്റ്റുകളോ ഇംപീരിയലിസ്റ്റുകളോ എന്ത് കൊടുംപാതകം നാട്ടിലെ മുസ്ലിംകളോട് കാണിച്ചാലും അതിനെ ന്യായീകരിക്കുന്ന തെറ്റുകുറ്റങ്ങള്‍ വേദഗ്രന്ഥത്തിലോ ഹദീസുകളിലോ ലോകത്തെവിടെയെങ്കിലുമുള്ള ഇസ്ലാമികസമൂഹങ്ങളിലോ ഹമീദ് (ചേന്ദമംഗല്ലൂര്‍) കണ്ടെത്തിക്കൊടുക്കുന്നതായിരിക്കും. നീ ചെയ്തിട്ടില്ലെങ്കില്‍ നിന്റെ മുത്തപ്പായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കരെ മര്‍ദിക്കുന്ന പൊലീസിന്റെ രീതിശാസ്ത്രമാണിത്' (കെ.പി. രാമനുണ്ണി^ 'ഇവരെക്കൊണ്ട് എന്താണ് ചെയ്യുക'. പച്ചക്കുതിര മാസിക, ഫെബ്രുവരി 2010). കേരളീയസമൂഹം ഇന്ന് അവശ്യം വായിച്ചിരിക്കേണ്ട ശ്രദ്ധേയനായ ഒരു എഴുത്തുകാരന്റെ അനുഭവമാണിത്. കേരളത്തില്‍ എന്നല്ല, ലോകത്തിന്റെ ഏതു മൂലയില്‍ മുസ്ലിംപേരുകള്‍ ഉള്‍പ്പെടുന്ന എന്ത് കാര്യം സംഭവിച്ചാലും ചില മുസ്ലിംമാഷന്‍മാരുടെ ഗീര്‍വാണങ്ങള്‍ മലയാളമാധ്യമങ്ങളിലെ ചില ക്ഷേത്രമുറ്റങ്ങളില്‍ തെയ്യമാടുന്നുണ്ടാവും. സൂര്യതാപനത്തിന്റെ കാരണവും ലോഡ്ഷെഡിങ് വരാനുള്ള കാരണവുമെല്ലാം മുസ്ലിംസ്ത്രീകളുടെ പര്‍ദയായിരിക്കും ഇക്കൂട്ടരുടെ കണ്ണില്‍. ഇന്ത്യയിലെ കലാപങ്ങളോ ദാരിദ്യ്രമോ തൊഴിലില്ലായ്മയോ ഒന്നും ഇവര്‍ക്ക് പ്രശ്നമല്ല. മുസ്ലിംസ്ത്രീകള്‍ പര്‍ദ ധരിക്കുന്നത് മാത്രമാണ് ലോകപ്രശ്നങ്ങള്‍ക്ക് മൊത്തംകാരണം. പട്ടികജാതിക്കാര്‍ക്കോ നമ്പൂതിരിക്കോ നായര്‍ക്കോ പ്രശ്നങ്ങളില്ലേ എന്നൊന്നും ഇവരോട് ചോദിക്കരുത്.
ഒരു മാഷ് 'മാതൃഭൂമി'യിലാണ് കൂടുതലായി കളിക്കുന്നതെങ്കില്‍, മറ്റേ മാഷ് 'മനോരമ ന്യൂസി'ലാണ് ഇസ്ലാമിനെ ഇങ്ങനെ ലൈവാക്കി നിറുത്തുന്നത്. ഇവരുടെയൊക്കെ ഇസ്ലാമികജ്ഞാനം (വിരോധം) മനസ്സിലാക്കാന്‍ അവരുടെ വാക്കുകള്‍ അഞ്ച് മിനിറ്റ് പോലും ശ്രവിക്കണമെന്നില്ല. ഇവര്‍ക്കു മാത്രം ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാന്‍ അവസരം നല്‍കുന്നവരുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാന്‍ ഒരു ചാനല്‍ അവതാരികയുടെ ബുദ്ധിപോലും വേണ്ടാ. 'അറിഞ്ഞതിലുമപ്പുറം' എന്ന പരസ്യവാചകം ഇവര്‍ അന്വര്‍ഥമാക്കുന്നു. കെ.പി. രാമനുണ്ണി പ്രസ്തുതലേഖനത്തില്‍ പറഞ്ഞതുപോലെ 'മുസ്ലിംകളെകൊണ്ട് എന്താണ് ചെയ്യുക എന്ന് കുരിശുയുദ്ധ പാരമ്പര്യക്കാര്‍ക്ക് ഇപ്പോഴും തോന്നുന്നതില്‍ ചരിത്രപരമായ ഉള്ളടക്കങ്ങള്‍ കണ്ടേക്കാം'. പക്ഷേ, ഈ കുമ്മിയടിക്ക് രംഗമൊരുക്കുന്നവര്‍ യഥാര്‍ഥത്തില്‍ തിരശãീലയുയര്‍ത്തുന്നത് മുസ്ലികളുടെയും കേരളത്തിലെ മറ്റു മതസ്ഥരുടെയും മനസ്സുകള്‍ക്കിടയിലാണ്.
ആളുകളുടെ സാഹചര്യങ്ങളോ അനുഭവങ്ങളോ ആണ് നയങ്ങളെ രൂപപ്പെടുത്തുന്നത്. വ്യക്തിപരമായ ദുരനുഭവമോ വീക്ഷണവൈകല്യങ്ങളോ സൈദ്ധാന്തികവത്കരിക്കുന്നതും അത് സ്വസമുദായത്തിന്റെ മേല്‍ ചാപ്പകുത്തുന്നതും തികഞ്ഞ അല്‍പത്തം എന്നല്ലാതെന്തുപറയാന്‍. മുസ്ലിംകളുടെ പ്രവര്‍ത്തനമണ്ഡലം തീവ്രവാദവും പര്‍ദയും മാത്രമാണ് എന്ന നിലക്ക് വിഷയങ്ങളെ ലഘൂകരിക്കുന്ന മാധ്യമങ്ങള്‍ ഒരു സമുദായത്തിന്റെ ചലനാത്മകതകളും പരിവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് മുസ്ലിംവിഷയങ്ങളിലുള്ള മാധ്യമങ്ങളുടെ ഇരട്ടത്താപ്പു മറ നീക്കുന്ന മറ്റൊരു ഉദാഹരണമാണ്.
ഈ ലേഖകന്‍ ഇക്കഴിഞ്ഞ ജനുവരി രണ്ടിന് 'മാധ്യമ'ത്തില്‍ ഒരു കുറിപ്പെഴുതി. അതിനുലഭിച്ച പ്രതികരണം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ആയിരത്തിലധികം മെയിലുകളാണ് തദ്സംബന്ധമായി ലഭിച്ചത്. ഒരു സമൂഹത്തിന്റെ ഭയവിഹ്വലതകളുടെ ഉപ്പുരസമുള്ള അനുഭവങ്ങളുടെ ഒരു കൂമ്പാരം. മറ്റൊരു കൂട്ടം കത്തുകള്‍ കൂടിയുണ്ടായിരുന്നു ഇ-മെയില്‍ ബോക്സില്‍. എന്റെ സമുദായത്തില്‍ മാത്രമല്ല, മുസ്ലിം സമുദായപാര്‍ട്ടിയിലും കൊടുങ്ങല്ലൂരമ്മക്ക് ധാരാളം ഭക്തഫാന്‍സുകളുണ്ടെന്ന് തെളിയിക്കുന്ന കത്തുകള്‍ (അമ്മേ, മഹാമായേ!). യഥാര്‍ഥത്തില്‍ അന്ന് ആ കുറിപ്പെഴുതുമ്പോള്‍ ഏതെങ്കിലും സംഘത്തെ കുറ്റപ്പെടുത്തുക എന്റെ ലക്ഷ്യമേ ആയിരുന്നില്ല. ഓരംചേര്‍ന്ന് നടക്കുന്നവര്‍ക്ക് ഓളവും ഇരമ്പലുകളും അനുഭവപ്പെടും എന്നതാണല്ലോ സത്യം. അതിനാല്‍ത്തന്നെ, അയല്‍വാസിസമുദായത്തിലേക്ക് ദൃഷ്ടി അയച്ച് വീണ്ടും കുത്തിക്കുറിക്കുകയാണിവിടെ.
മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് കെ.എം. ഷാജിയുടെ 'മാതൃഭൂമി' ദിനപത്ര (ഫെബ്രുവരി 2, 2010)ലെ ലേഖനവും ഇത്തരുണത്തിലാണ് വായിക്കപ്പെട്ടത്. മുച്ചുന്തി പള്ളി നിര്‍മിച്ചത് ഹിന്ദുക്കളുടെ സഹായത്താലാണെന്നും മുസ്ലിംലീഗ് കേരളത്തിന് നല്‍കിയ ഇമ്മിണി മതസൌഹാര്‍ദങ്ങളുടെ പച്ച തുളുമ്പുന്ന വരികള്‍. 'പച്ചക്കുതിര'യിലെ രാമനുണ്ണിയുടെ വാക്കുകള്‍ എത്ര ശരിയാണെന്ന് തോന്നിപ്പോയി. 'നിങ്ങള്‍ ഈ നാടിന്റേതല്ല എന്ന് അധിക്ഷേപിച്ചുകൊണ്ടാണ് ഫാഷിസ്റ്റുകള്‍ എപ്പോഴും ന്യൂനപക്ഷത്തെ ഒതുക്കാറുള്ളത്. മറ്റുള്ളവര്‍ അന്യരാണെന്ന് പറയുമ്പോഴേക്കും തങ്ങള്‍ അന്യരാണോ എന്ന് മുസ്ലിംകള്‍ക്ക് സംശയം തോന്നിയാല്‍ വര്‍ഗീയവാദികളുടെ പണി എളുപ്പമാവുകയേയുള്ളൂ. എന്നാല്‍, സ്വന്തം മുതലുകള്‍ സ്വന്തമാണെന്ന് ഉറപ്പിച്ചുപറയാന്‍ ത്രാണിയില്ലാത്തവരില്‍നിന്ന് മുറ്റുള്ളവര്‍ അത് തട്ടിയെടുക്കും. ഇവിടെയാണ് മണ്ണിന്റെ ഇസ്ലാം എന്ന സ്ഥാപിക്കലിന് പ്രസക്തിയേറുന്നത്'(കെ.പി. രാമനുണ്ണി).
എന്തിനാണ് മുസ്ലിംകള്‍ ഒരു പടക്കംപൊട്ടി എന്ന് കേള്‍ക്കുമ്പോഴേക്ക് സ്വത്വബോധം വലിച്ചെറിയുന്നതാവോ? സമുദായ പാര്‍ട്ടിനേതൃത്വം ഭയവിഹ്വലരാവുന്നത്? നന്മയില്‍ വിശ്വസിക്കാത്ത ചില കുരിശുകള്‍ ലശ്കര്‍തുറുപ്പുകള്‍ കളിക്കുമ്പോള്‍ മുസ്ലിംരാഷ്ട്രീയം നടത്തുന്ന ഈ മതേതരപ്രസംഗം ആത്മവിശ്വാസമില്ലായ്മയുടെ കെട്ടുകാഴ്ചയായാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത്.
കപടഹിന്ദുത്വത്തിന്റെ ശൂലം മനുഷ്യമക്കളെ കുത്തിക്കീറിയപ്പോള്‍ അതിനെതിരെ പേന ചലിപ്പിച്ച ഒരാളാണ് ഒരു മതത്തിലും വിശ്വസിക്കാത്ത കെ.ഇ.എന്‍. ഇവരെ ഇരവാദികള്‍ എന്ന് താറടിച്ച് ലേഖനമെഴുതുന്ന സംഘ് ഇതരരായ രണ്ട് പേരെയേ ഈ ലേഖകനറിയൂ - കെ.എം. ഷാജിയും എം.കെ മുനീറും. പക്ഷേ, ഇരവാദികളുടെ ദേശീയനേതാവായ ടീസ്റ്റ സെറ്റല്‍വാദിനെ ഈയിടെ ലീഗിന്റെ സമ്മേളനത്തില്‍ എഴുന്നള്ളിച്ചത് ഏത് വാദമില്ലായ്മയുടെ ഇരട്ടത്താപ്പാണെന്ന് ഈ ലേഖകനറിയില്ല. വംശഹത്യക്ക് ശേഷം ഗുജറാത്തിനെ വീക്ഷിച്ച, നെറ്റിയില്‍ കുങ്കുമം പൂശിയ നന്ദിത എന്നൊരു ഹിന്ദുപെണ്ണ് കാമറ ചലിപ്പിച്ചപ്പോള്‍ പിറന്ന 'ഫിറാഖ്' എന്ന സിനിമ മതേതര ഇന്ത്യക്കൊരു നെടുവീര്‍പ്പായെങ്കില്‍. ചാനലുകളിലെ മറ്റൊരു മുസ്ലിംസാന്നിധ്യമായ ഒരു ആര്യാടന്‍, ഗുജറാത്തില്‍ നിന്നു തീവണ്ടി കയറിയൊളിച്ച് മലപ്പുറത്തിന്റെ വിലാപങ്ങളുടെ മറുപാഠം രചിക്കുകയായിരുന്നു. മലയാളത്തിലെ മതേതര മണ്ഡലത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുന്നതിന് ഒപ്പന കളിച്ച് പച്ചയും കത്തിയും വേഷമാടി രംഗം തിമിര്‍ക്കുന്ന ഈ സാഹിബുമാരെ കണ്ടാല്‍ 'കള്ളക്കുയില്‍ കളിക്കുന്ന 'കാക്ക'മാര്‍ എന്നല്ലാതെന്തു പറയാന്‍.
മുസ്ലിംകള്‍ അവരുടെ ബാങ്ക് മലയാളത്തില്‍ വിളിക്കണമെന്നാണ് നമ്മുടെ മാഷ് ഈയിടെ പെരുമ്പറ മുഴക്കിയത്. തുടര്‍ന്നദ്ദേഹം സുബഹി ബാങ്കിന്റെ അര്‍ഥവും വിശദീകരിച്ചു. 'കൌസല്യ സുപ്രഭാതം', സരസ്വതി ദേവിക്കുള്ള 'വരദഃകാമ രൂപിണി' തുടങ്ങി ക്ഷേത്രങ്ങളില്‍ നിന്നും മുഴങ്ങുന്ന പ്രഭാത കീര്‍ത്തനം മലയാളത്തില്‍ ആക്കണമെന്ന് നൂറുവട്ടം ജനിച്ചാലും ഈ മുസ്ലിംമാഷ് ആവശ്യപ്പെടാന്‍ ധൈര്യം കാണിക്കുകയില്ല. കാരണം, മുസ്ലിം ഇതരരെ തൊടാതിരിക്കുക എന്നതാണ് സാംസ്കാരികനേതാവാകാനുള്ള ബുദ്ധി എന്നത് തന്നെ. ഇനി, മുസ്ലിംകള്‍ അറബിയില്‍ പ്രാര്‍ഥിച്ചാല്‍ എന്താണാവോ പൊല്ലാപ്പ്? ഒരു എം.എഫ്. ഹുസൈനിക്ക ചിത്രം വരച്ചപ്പോഴേക്കും നഗ്നത മറനീക്കിയ ഭാരതസംസ്കാരം ഗംഗയില്‍ ഒലിച്ചുപോകുമോ ആവോ? കര്‍മങ്ങളെയും ചടങ്ങുകളെയും അതിന്റെ തനതുരൂപത്തില്‍ അംഗീകരിക്കുകയാണ് ഹൈന്ദവ സംസ്കാരം എന്ന് ഒരു പക്ഷേ ഈ സാംസ്കാരികനായകര്‍ക്ക് അറിയണമെന്നില്ല. ആചാരങ്ങള്‍ക്ക് മാറ്റം വരുത്തിയാല്‍ ചടങ്ങു പിഴച്ചു എന്നാണ് ഹൈന്ദവദര്‍ശനം. എന്നാല്‍, നിങ്ങള്‍ ബാങ്കും നിസ്കാരവും മലയാളത്തിലാക്കി ഭാരതവത്കരിക്കണമെന്നതാണ് ശുദ്ധഫാഷിസം. മുസ്ലിംകള്‍ അറബിയില്‍ പ്രാര്‍ഥിച്ചാലും തൊപ്പി ധരിച്ചാലും താടിവെച്ചാലും ഈ മഹത്തായ ഇന്ത്യാ രാജ്യത്തിന് ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കാനില്ല. അല്ലെങ്കിലും പര്‍ദ ധരിക്കുന്ന മുസ്ലിംസ്ത്രീകള്‍ക്ക് അനുഭവപ്പെടാത്ത ചൂടും പുകയും എന്തിനാണാവോ അത് കണ്ട് നില്‍ക്കുന്ന ആണുങ്ങളായ ഈ മാവിലായിക്കാര്‍ക്ക്!
ഇന്ന് വായനക്കാര്‍ക്ക് ലേഖനങ്ങള്‍ എഴുതുന്നവരേക്കാള്‍ വിവരങ്ങള്‍ ലഭ്യമാണെന്നിരിക്കെ എന്തിനാണാവോ ഈ മതേതര മുസ്ലിംവേഷക്കാരുടെ കെട്ടുകാഴ്ചകളും പെരുങ്കളിയാട്ടങ്ങളും. ഈയിടെ വായിച്ച ഒരു മുസ്ലിംവാരികയില്‍ മുഹമ്മദ് നബിയെക്കുറിച്ച് എഴുതിയവരെല്ലാം അമുസ്ലിംകള്‍! ഇവര്‍ ഖുര്‍ആനെയും പര്‍ദയെയും ഇജ്തിഹാദിനെയും നിരൂപണം ചെയ്യുന്നു. അത് കേള്‍ക്കാനും ഉള്‍ക്കൊള്ളാനുമുള്ള കരുത്ത് കേരള മുസ്ലിംകള്‍ നേടിയിരിക്കുന്നു. ചിലര്‍ പള്ളികളില്‍ ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും പ്രവേശനം നല്‍കുന്നു. ദുരന്തങ്ങളില്‍ ജാതി മത ഭേദമെന്യേ ജനങ്ങളെ സഹായിക്കുന്നു. ഇതിലൊന്നും ഈ മുസ്ലിം മതേതരനാട്യക്കാര്‍ക്ക് പ്രാതിനിധ്യമില്ല എന്നത് മറ്റൊരു സത്യം.
ജനങ്ങളെ സ്നേഹിക്കുന്ന ഈ മുസ്ലിംകള്‍ അവരുടെ ഇസ്ലാമില്‍ ആത്മവിശ്വാസവുമുള്ളവരാണ്. മുഹമ്മദ് നബി ആരാധനകള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ത്തന്നെ രാഷ്ട്ര നായകനും ജനങ്ങളുടെ കണ്ണീരൊപ്പുന്നവനുമായിരുന്നെന്ന് അവര്‍ തിരിച്ചറിയുന്നു. എം.എന്‍. കാരശേãരി മാഷ് പറയുന്ന മതരാഷ്ട്രവാദമാണ് ഇതെങ്കില്‍ ഈ മതരാഷ്ട്രവാദം തന്നെയാണ് ഇസ്ലാം എന്നാണ് എന്റെ കണ്ടെത്തല്‍. കാരണം, രാഷ്ട്രീയം ഇസ്ലാമികദര്‍ശനത്തിന്റെ തന്നെ ഭാഗമായതിനാലാണ് നബി രാഷ്ട്രത്തലവനായതും ഖലീഫമാര്‍ ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രങ്ങള്‍ ഭരിച്ചതും അവിടെ ക്ഷേമം കളിയാടിയതും. ഇതുതന്നെയാണ് ഗാന്ധിജിയുടെ രാമരാജ്യവും ബുദ്ധന്റെ ക്ഷേമരാഷ്ട്രവും ക്രൈസ്തവരുടെ ദൈവരാജ്യവും. സത്യവും ധര്‍മവും നീതിയും പൂത്തുലയുന്ന ഈ സങ്കല്‍പം കപട മതവാദികള്‍ക്കും കപട മതേതരവാദികള്‍ക്കും മനസ്സിലാകില്ല. അതിനാല്‍ത്തന്നെയാണ് മതേതരനായ ജിന്നയേക്കാള്‍ രാമഭക്തനായ ഗാന്ധിജിയെ ജനങ്ങള്‍ സ്നേഹിക്കുന്നതും ആരാധിക്കുന്നതും.
കപടനാട്യക്കാരേക്കാള്‍ രാജ്യത്തിന് ഇന്നാവശ്യം യഥാര്‍ഥ മതഭക്തരെയും അല്ലെങ്കില്‍ പൂര്‍ണ മതമുക്തരെയുമാണ്; രണ്ടുംകെട്ട അവസരവാദികളെയല്ല. അനാവശ്യചര്‍ച്ചകളും മിഥ്യകളും സൃഷ്ടിച്ച് അതിന്മേലുള്ള കടന്നുകയറ്റമാണ് ഫാഷിസത്തിന്റെ രീതിശാസ്ത്രം. ഏതു മനുഷ്യനും പ്രത്യുല്‍പന്നരാഹിത്യമാണ് അത് നല്‍കുക. തസ്ലീമ നസ്രീനും പര്‍ദയും തീവ്രവാദവും മാത്രം ചര്‍ച്ചയാകുന്നത് ഫാഷിസത്തിന്റെ വിജയമാണ്. ശിവജിയും ഔറംഗസീബും ചരിത്രങ്ങളാണ്. അതുപോലെ ടിപ്പു സുല്‍ത്താനും പഴശãിരാജയും മറ്റൊരു ചരിത്രവും. അതിന്മേല്‍ മാത്രമുള്ള മുസ്ലിംകളുടെ സുഡോകു കളി ചരിത്രത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നുള്ള വഴിതിരിച്ചുവിടലാണ്. അത് മാത്രം ചര്‍ച്ചക്കുവരുമ്പോള്‍ വിജയിക്കുന്നത് ഈ പിത്തലാട്ടക്കാരും ഫാഷിസ്റ്റുകളുമാണ്. അതിനാല്‍, സാംസ്കാരിക കേരളവും മുസ്ലിം സമുദായവും 'തൊട്ടാല്‍ പൊള്ളുന്ന' വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാതെ തന്നെ സമൂഹങ്ങളുടെ മുമ്പില്‍ എത്രയെത്ര സാധ്യതകള്‍. ബഹുമാന്യനായ മുന്‍ രാഷ്ട്രപതി എ.പി.ജെ. കലാം പറയുന്നതുപോലെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് ഉറങ്ങാതിരുന്ന് പ്രവര്‍ത്തിച്ചു കൂടേ?
vineethnamboothiri@gmail.com

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com