ഉത്സവം ക്ഷണിക്കാന്‍ പള്ളിയിലേക്ക്‌ ഇത്തവണയും വെളിച്ചപ്പാടുകള്‍ എത്തി

on Apr 24, 2010

മഞ്ചേശ്വരം: മഞ്ചേശ്വരം മാട അരസു ക്ഷേത്രത്തിലെ ഉത്സവം ക്ഷണിക്കാന്‍ ആഘോഷ പൂര്‍വ്വം ഇത്തവണയും ഉദ്യാവാര്‍ പള്ളിയില്‍ വെളിച്ചപ്പാടുകള്‍ എത്തി. നൂറ്റാണ്ടായി നടന്നു വരുന്ന ആചാരത്തിന്റെ ഭാഗമായാണ്‌ ഇത്തവണയും ഉത്സവത്തിന്‌ പള്ളി ഭാരവാഹികളെയും മഹല്ല്‌ നിവാസികളെയും ക്ഷണിക്കാന്‍ വെള്ളിയാഴ്‌ച്ച ജുമാനമസ്‌ക്കാരത്തിനു ശേഷം വെളിച്ചപ്പാടുകളും ക്ഷേത്രഭാരവാഹികളുമെത്തിയത്‌. വെള്ളിയാഴ്‌ച്ച ക്ഷേത്രത്തില്‍ ഉച്ച പൂജ കഴിഞ്ഞാണ്‌ വാദ്യമേളങ്ങളോടെ ഉദ്യാവാര്‍ ആയിരം ജുമാ മസ്‌ജിദിലേക്ക്‌ വെളിച്ചപ്പാടുകളും ക്ഷേത്ര ഭാരവാഹികളും പുറപ്പെട്ടത്‌. ജുമാ നമസ്‌ക്കാരം കഴിഞ്ഞ്‌ പുറത്തിറങ്ങി വന്നവരെയെല്ലാം ഉത്സവത്തിന്‌ കൂടാന്‍ ക്ഷണിക്കുകയും ചെയ്‌തു. മുല്ലപ്പൂ മാലയണിഞ്ഞാണ്‌ വെളിച്ചപ്പാടുകള്‍ വാളുമായി ഉറഞ്ഞുകൊണ്ട്‌ പള്ളിയിലെത്തിയത്‌. കൊമ്പുവിളിയും വാദ്യ മേളങ്ങളും ഘോഷയാത്രയ്‌ക്ക്‌ കൊഴുപ്പേകി. ആയിരം ജുമാ മസ്‌ജിദ്‌ ഭാരവാഹികളായ പി. ഹുസൂര്‍ റഹ്മാന്‍, ഖാദര്‍ ഫാറൂഖ്‌, അമീര്‍ അലി, എസ്‌.എം. ബഷീര്‍, മുക്താര്‍ ഉദ്യാവാര്‍, സൂപ്പി ഹാജി, പള്ളിക്കുഞ്ഞി തുടങ്ങിയവര്‍ വെളിച്ചപ്പാടുകളെയും, ക്ഷേത്രേശന്‍മാരെയും സ്വീകരിച്ചു. ആഘോഷ പൂര്‍വ്വം തന്നെയായിരുന്നു പിന്നീട്‌ ക്ഷേത്രത്തിലേക്ക്‌ വെളിച്ചപ്പാടുകളുടെ മടക്കം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com