'സ്ത്രീത്വം ആദരിക്കപ്പെടേണ്ടത് രാഷ്ട്രീയ അധികാരം നല്‍കിക്കൊണ്ടല്ല.'

on Apr 26, 2010

കോഴിക്കോട്: കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ അതിജയിക്കാന്‍ പണ്ഡിത നേതൃത്വത്തിന്‍ കീഴില്‍ സമസ്ത അജയ്യമാണെന്ന് തെളിയിച്ച്, കോഴിക്കോട് കടപ്പുറത്ത് ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിറുത്തി എസ്.കെ.എസ്.എസ്.എഫ് 'മജ്ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ടെലിഗെറ്റ്സ് ക്യാമ്പസി'നു (വാര്‍ഷിക സമ്മേളനം) പ്രൌഢോജ്ജ്വല സമാപനം. ജനാധിപത്യത്തിനും മതേതര സങ്കല്‍പത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ തീവ്രവാദത്തെ ജനാധിപത്യ കക്ഷികള്‍ തിരിച്ചറിയണമെന്ന ആഹ്വാനത്തോടെയാണ് മൂന്നു ദിവസത്തെ ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചത്.
എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ ഉല്‍പന്നങ്ങളായി ജീര്‍ണതകള്‍ വര്‍ധിക്കുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മികത കാക്കേണ്ട ഉത്തരവാദിത്തം യുവ സമൂഹത്തിനാണെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍മബോധം നിലനിറുത്തി രാഷ്ട്രനിര്‍മാണ പ്രക്രിയയുടെ ഭാഗമാവാന്‍ കഴിയണം. തീവ്രവാദ ചിന്ത നവോത്ഥാനത്തെ പിറകോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് സ്ത്രീത്വത്തെ തെരുവിലെ തര്‍ക്കവിഷയമാക്കി മാറ്റുന്നത് മതത്തെക്കുറിച്ച അജ്ഞത മൂലമാണെന്ന് അധ്യക്ഷത വഹിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പറഞ്ഞു.
സ്ത്രീത്വം ആദരിക്കപ്പെടേണ്ടത് രാഷ്ട്രീയ അധികാരം നല്‍കിക്കൊണ്ടല്ല.
പ്രകൃതിപരമായിത്തന്നെ സ്ത്രീ, പുരുഷ സമത്വത്തിന് പരിമിതികളുണ്ട്. ഇത് അവഗണിച്ച് ഭരണ രംഗത്തുപോലും തുല്യപ്രാധാന്യമെന്ന വാദം പ്രകൃതി വിരുദ്ധമാണ്. സ്വര്‍ഗം മാതാവിന്‍റെ കാല്‍പാതത്തിലാണെന്നു പഠിപ്പിച്ച ഇസ്ലാം അവളോട് മതത്തിന്റെ കണിശമായ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കാനും പറയുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക പ്രമാണങ്ങള്‍ക്കന്യമായ രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയ മൌദൂദിയുടെ ആശയമാണ് കേരളത്തില്‍ മുസ്ലിംപക്ഷ തീവ്രവാദത്തിന് അടിത്തറ പാകിയതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
ഇതിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതിരോധനിര സൃഷ്ടിച്ചപ്പോള്‍ രാഷ്ട്രീയ മുഖംമൂടിയണിഞ്ഞവര്‍ നിലനില്‍പിന് പുതിയ വഴി തേടുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
പാണക്കാട് സയ്യദ്‌ അബ്ബാസലി ശിഹാബ് തങ്ങള്‍ മജ്ലിസ് സന്ദേശ പ്രഖ്യാപനം നടത്തി. കേന്ദ്രമന്ത്രി ഇ. അഹമ്മദ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.കെ.എം. ബാവ മുസ്ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍, ടി.എം. ബാപ്പു മുസ്ലിയാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.ഐ. ഷാനവാസ് എം.പി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ എന്നിവര്‍ സംസാരിച്ചു.
സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കെ.എന്‍.എസ് മൌലവി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന 'നാഷനല്‍ കാമ്പസ്' പരിപാടി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
'ഗ്ലോബല്‍ കോണ്‍ഫറന്‍സ്' ഉദ്ഘാടനം ലക്ഷദ്വീപ് എം.പി. ഹംദുല്ലാ സഈദ് നിര്‍വഹിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com