കാഞ്ഞങ്ങാട്: വന്‍ ടൂറിസം വികസനം

on Jan 31, 2010



കാഞ്ഞങ്ങാട്: ജില്ലയിലെ വിനോദ സഞ്ചാര സ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകു മുളയ്ക്കുന്നു. ലോകടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ടയും ബീച്ചും, 'കേരളത്തിലെ ഊട്ടി'യെന്നറിയപ്പെടുന്ന റാണിപുരം, ബളാല്‍ പഞ്ചായത്തിലെ കര്‍ണാടക കുടക് മലനിരകളെ തൊട്ടുരുമ്മിനില്‍ക്കുന്ന കോട്ടബേരിയേയും ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം രംഗത്ത് മെച്ചപ്പെട്ട സൌകര്യങ്ങളേര്‍പ്പെടുത്താന്‍ കഴിഞ്ഞദിവസം ബേക്കല്‍ബീച്ച് സന്ദര്‍ശിച്ച നിയമസഭ കമ്മിറ്റി ശിപാര്‍ശ ചെയ്തു. റാണിപുരത്ത് ഇപ്പോള്‍ നാലുകോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ അവിടേക്കുള്ള ഗതാഗത സൌകര്യം പൂര്‍ണ്ണമായിട്ടില്ല. ആയിരം കോടിയുടെ ടൂറിസം പദ്ധതി പ്രഖ്യാപിച്ച ബേക്കല്‍ കോട്ടയില്‍ ഇപ്പോള്‍ 20 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയത്. ബേക്കല്‍ ടൂറിസ്റ് കേന്ദ്രത്തിന്റെ ഭാഗമായി ഇപ്പോള്‍ സ്വകാര്യമേഖലയില്‍ അഞ്ചോളം റിസോര്‍ട്ടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ 90 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയ ഭൂമിയിലാണ് ഫൈവ് സ്റാര്‍ സൌകര്യമുള്ള റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ കീഴിലാണ് ബി.ആര്‍.ഡി.സി ഒഴിച്ചുള്ള വിനോദ സഞ്ചാര മേഖല പ്രവര്‍ത്തിക്കുന്നത്. ടൂറിസ്റ് കേന്ദ്രമാപ്പില്‍ മൂന്നാംസ്ഥാനത്തുള്ള കോട്ടച്ചേരി മലനിരകളില്‍ എത്തിപ്പെടുന്ന സഞ്ചാരികള്‍ക്ക് വേണ്ടുന്ന ഒരു സൌകര്യവും ഒരുക്കിയിട്ടില്ല. പുതിയ ടൂറിസം പദ്ധതി നടപ്പിലായാല്‍ ഇതിനെല്ലാം പരിഹാരമാവുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ടൂറിസത്തിന്റെ ഭാഗമായി നീലേശ്വരം കോട്ടപ്പുറം പുഴയില്‍ നാലു ഹൌസ് ബോട്ടുകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ അഞ്ചു റിസോര്‍ട്ടുകളുടെ നിര്‍മാണവും പുരോഗമിച്ചുവരികയാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com