ജൂത , ക്രിസ്ത്യന്‍ , ഇസ്ലാം മതങ്ങള്‍ സ്വീകരിച്ച ആയിശയുടെ യാത്ര ദുബയില്‍ എത്തി

on Jan 24, 2010

ദുബൈ: പുസ്തകത്താളുകളില്‍ വായിച്ചറിഞ്ഞ മധ്യപൂര്‍വ ദേശത്തെ മുസ്ലിം സംസ്കാരം അനുഭവിച്ചറിയാന്‍ സക്കിയും കുടുംബവും യൂറോപ്പില്‍നിന്ന് കരമാര്‍ഗം യു.എ.ഇയിലെത്തി. ജൂത കുടുംബത്തില്‍ ജനിച്ച് ക്രിസ്ത്യാനിയായി വളര്‍ന്ന് ഒടുവില്‍ ഇസ്ലാം സ്വീകരിച്ച ഭാര്യ ആയിശയുടെ ആഗ്രഹമനുസരിച്ചാണ് സക്കിയുടെയും കുടുംബത്തിന്റെയും പശ്ചിമേഷ്യന്‍ പര്യടനം. വായിച്ചറിഞ്ഞ ഇസ്ലാമിക സംസ്കാരത്തിന്റെ മണ്ണ് തൊട്ടറിയാനാണ് ആസ്ത്രേലിയയില്‍നിന്ന് സക്കി ബയാത്തിയും ഭാര്യ ആയിശയും അഞ്ച് മക്കളും സ്വന്തം കാറില്‍ എട്ട് രാഷ്ട്രങ്ങള്‍ താണ്ടി യു.എ.ഇയിലെത്തിയത്. സ്വീഡനില്‍നിന്നാരംഭിച്ച ഇവരുടെ യാത്ര ജര്‍മനി, ആസ്ത്രിയ, ഇറ്റലി, ഗ്രീസ്, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍, സൌദി, യമന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ താണ്ടിയാണ് യു.എ.ഇയിലെത്തിയത്. 40 ദിവസം നീണ്ട യാത്രയില്‍ പലയിടങ്ങളില്‍ താമസിച്ചു. അവിടുത്തെ ജനങ്ങളുമായി ഇടപെട്ട് ജീവിതരീതിയും ശൈലിയും സംസ്കാരവും അനുഭവിച്ചറിഞ്ഞു. ക്രിസ്റ്റലര്‍ കാറില്‍ 8000 കി.മീ. താണ്ടിയെത്തിയ ഇവര്‍ തിരിച്ചുപോകുന്നത് വിമാനത്തിലാണ്. കാര്‍ തിരിച്ചുകൊണ്ടുപോകാനുള്ള സാങ്കേതിക പ്രയാസമാണ് കാരണം. കാര്‍ യു.എ.ഇയില്‍ വിറ്റശേഷമായിരിക്കും മടക്കയാത്ര. ഇറാഖില്‍നിന്ന് ആസ്ത്രേലിയയിലേക്ക് കുടിയേറിയ സക്കി മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. ഭാര്യ ആയിശയുടെ മാതാവ് ജൂത മതവിശ്വാസിയായിരുന്നു. എന്നാല്‍ മാതാവിനെ പുനര്‍വിവാഹം കഴിച്ചത് ക്രിസ്ത്യന്‍ പാതിരിയാണ്. അങ്ങനെ ആയിശ ക്രിസ്ത്യന്‍ സ്കൂളില്‍ പഠിച്ച് മിഷനറി പ്രവര്‍ത്തനത്തില്‍ മുഴുകി. ഇതിനിടെ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ താരതമ്യപഠനത്തിന് ലഭിച്ചു. മുസ്ലിം സുഹൃത്തുക്കളുമായുള്ള സഹവാസം ഇവരെ ഇസ്ലാമിലെത്തിച്ചു. 10 വര്‍ഷം മുമ്പാണ് ഇസ്ലാംമതം സ്വീകരിച്ചത്. പഠിച്ച് മനസ്സിലാക്കിയ ഇസ്ലാമിനെ മുസ്ലിം ലോകത്ത് കാണാന്‍ കഴിയാത്തതില്‍ ദുഃഖിതയാണ് ആയിശ. മാനവരാശി അഭിമുഖീകരിക്കുന്ന സകല പ്രശ്നങ്ങള്‍ക്കും പരിഹാരം ഇസ്ലാമില്‍ കണ്ടെത്തിയ ആയിശ സുദീര്‍ഘമായ ഇസ്ലാമിക പഠനത്തിനുംകൂടിയാണ് മധ്യപൂര്‍വ ദേശത്തേക്ക് പര്യടനം നടത്തിയത്. മുസ്ലിംകള്‍ പരമ്പരാഗത സംസ്കാരം ഉപേക്ഷിച്ച് പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പാശ്ചാത്യര്‍ തങ്ങളുടെ സംസ്കാരവും ജീവിതരീതിയും കൊണ്ട് ദുരിതമനുഭവിക്കുകയാണെന്ന് ആയിശ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ രാജ്യമായ തുര്‍ക്കിയിലെ ജനങ്ങള്‍ ഇസ്ലാമിക സംസ്കാരം കൈവിടാതെ സൂക്ഷിക്കുമ്പോള്‍ അറബ് രാജ്യങ്ങള്‍ മറിച്ചാണ് ചെയ്യുന്നതെന്ന വിമര്‍ശനവുമുണ്ട് ആയിശക്ക്. പാശ്ചാത്യ സ്ത്രീകള്‍ സ്വതന്ത്രരാണെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ പിതാവിന്റെയും ഭര്‍ത്താവിന്റെയും മക്കളുടെയും ആശ്രയം ലഭിക്കാത്ത കഷ്ടതയനുഭവിക്കുകയാണവര്‍. ബന്ധങ്ങള്‍ക്ക് മുസ്ലിം നാടുകള്‍ നല്‍കുന്ന വില മാതൃകയാണ്. മുസ്ലിംകള്‍ എല്ലാംകൊണ്ടും തങ്ങളുടെ വേരുകളിലേക്ക് തിരിച്ചുപോകണമെന്നാണ് ആയിശ പറയുന്നത്. ഒരാഴ്ചത്തെ ദുബൈ സന്ദര്‍ശനത്തിനുശേഷം ഇന്ന് വൈകീട്ട് സക്കിയുംകുടുംബവും ആസ്ത്രേലിയയിലേക്ക് തിരിക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com