ബുര്‍ജിന്റെ രണ്ടു നിലകള്‍ ഷെട്ടി സ്വന്തമാക്കിയത് 114 കോടിക്ക്

on Jan 7, 2010


ബുര്‍ജിന്റെ രണ്ടു നിലകള്‍ ഷെട്ടി സ്വന്തമാക്കിയത് 114 കോടിക്ക്

മംഗളൂരു: ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന്റെ രണ്ടു നിലകള്‍ സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ ബി.ആര്‍. ഷെട്ടി അതിനായി ചെലവഴിച്ചത് 114 കോടി രൂപ! ഒരു നിലക്ക് 57 കോടിയോടടുത്തുവരുമിത്. ഒരു ചതുരശ്ര അടിക്ക് 3000 ദിര്‍ഹം (38,000 രൂപ ) ഷെട്ടി നല്‍കി. 'ഞാന്‍ ഇത് വാങ്ങിയതു മുതല്‍ ചതുരശ്ര അടിക്ക് 12,000 ദിര്‍ഹം വരെ തരാന്‍ തയാറായി എനിക്ക് വിളികള്‍ വന്നിരുന്നു. മാന്ദ്യകാലത്തുപോലും 8000 ദിര്‍ഹം വരെ നല്‍കി സ്വന്തമാക്കാന്‍ പലരും തയാറായി. എന്നാല്‍, ഞാനിതു വാങ്ങിയത് കേവലം 3000 ദിര്‍ഹമിനാണ്'ഫ ഷെട്ടി പറഞ്ഞു. ഇനി എന്തു വില നല്‍കിയാലും ബുര്‍ജ് ഖലീഫയിലെ വിലാസം ഉപേക്ഷിക്കാന്‍ തയാറില്ലെന്നും അദ്ദേഹം പറഞ്ഞു. അബൂദബിയിലെ ന്യൂ മെഡിക്കല്‍ സെന്ററിന്റെ മാനേജിങ് ഡയറക്ടര്‍ ആണ് ബി.ആര്‍. ഷെട്ടി.
----
ദുബായ്: യു.എ.ഇ.യിലെ ഇന്ത്യന്‍ വ്യവസായപ്രമുഖരില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ള ബി.ആര്‍. ഷെട്ടിക്ക് ഒരു സെഞ്ചുറി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമന്ദിരമായ ബുര്‍ജ് ഖലീഫയുടെ നൂറാമത്തെ നിലയിലെ എല്ലാ മുറികളും ബി.ആര്‍. ഷെട്ടി സ്വന്തമാക്കിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും താമസിക്കാനുള്ള ഗസ്റ്റ് ഹൗസ് ആയിരിക്കും ഇവിടെ സജ്ജീകരിക്കുക. അബുദാബിയില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍.എം.സി. ആസ്​പത്രി സ്ഥിതിചെയ്യുന്ന ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ഭാഗം മുഴുവന്‍ ചിട്ടപ്പെടുത്തി അവിടെയാണ് ഷെട്ടിയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ദുബായില്‍ കടലില്‍നിന്ന് ഈന്തപ്പനയുടെ ആകൃതിയില്‍ ഉയര്‍ത്തിക്കെട്ടിയിരിക്കുന്ന പാം ജുമേരൈയിലും മനോഹരമായ ഒരു വസതി ഷെട്ടി സ്വന്തമാക്കിയിട്ടുണ്ട്. എന്‍.എം.സി. മെഡിക്കല്‍ സെന്ററിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഷെട്ടി നൂതനമായ പല ആശയങ്ങളും യു.എ.ഇ.യില്‍ ബിസിനസ് രംഗത്ത് നടപ്പാക്കിയിട്ടുണ്ട്. യു.എ.ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍, മരുന്ന് ഉത്പാദനത്തിനുള്ള അത്യാധുനികമായ ഒരു നിര്‍മാണശാല, ഹോട്ടല്‍സമുച്ചയങ്ങള്‍ തുടങ്ങിയവ അടങ്ങുന്നതാണ് ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യം. ''വളരെ നല്ലൊരു പ്രോജക്ടാണ് ബുര്‍ജ് ദുബായ്. അതുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്''-ഡോ.ഷെട്ടി പറഞ്ഞു. നൂറാമത്തെ നിലയില്‍ 15,000 ചതുരശ്രമീറ്റര്‍ വിസ്താരമാണ് അപ്പാര്‍ട്‌മെന്റുകള്‍ക്കുള്ളത്. അവിടെ ചതുരശ്രയടിക്ക് 860 ഡോളര്‍ ആയിരുന്നു വില. നൂറാമത്തെ നില മൊത്തം വാങ്ങാന്‍ 45 ദശലക്ഷം ദിര്‍ഹമെങ്കിലും ഇപ്പോള്‍ ചെലവഴിക്കേണ്ടിവരും. താന്‍ കൊടുക്കാനുള്ളതിന്റെ 90 ശതമാനവും നല്‍കിക്കഴിഞ്ഞുവെന്നും ബാക്കി തുക താക്കോല്‍ കിട്ടിയാല്‍ ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും അദ്ദേഹമൊരു വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബുര്‍ജ്ദുബായുടെ 101-ാമത്തെ നിലയിലും ഷെട്ടിക്ക് സ്ഥലമുണ്ട്. ഇവിടെ ഓഫീസ് സ്ഥാപിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ബുര്‍ജ് ദുബായ് പൂര്‍ണമായും പ്രവര്‍ത്തനയോഗ്യമാകുമ്പോള്‍ 12,000 പേര്‍ ഇവിടെ താമസക്കാരായിട്ടുണ്ടാകും.

1 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com