തമ്പാന്‍ മുങ്ങിയെടുത്തത് അറഫയുടെ പ്രാണന്‍

on Jan 18, 2010

തൃക്കരിപ്പൂര്‍: കുടിവെള്ള പദ്ധതിക്കുവേണ്ടി കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയ കിണറ്റില്‍ വീണ പിഞ്ചുകുഞ്ഞിന് യുവാവിന്റെ അസാമാന്യ ധൈര്യം തുണയായി.
തൃക്കരിപ്പൂര്‍ ബീരിച്ചേരി മന പരിസരത്ത് കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.
സൌദിയിലുള്ള ബീരിച്ചേരിയിലെ എസ്. ഹാരിസിന്റെ മകള്‍ അറഫയാണ് (രണ്ടര) ബര്‍മ കുടിവെള്ള പദ്ധതിയുടെ കിണറ്റിലേക്ക് മാന്‍ഹോളിലൂടെ വീണത്. ആറുമീറ്ററോളം വ്യാസമുള്ള കിണറിന്റെ മുകള്‍ഭാഗം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പൈപ്പുകള്‍ ഇറക്കിയ ഭാഗത്തെ വിടവിലൂടെയാണ് കുഞ്ഞ് അകത്തേക്ക് വീണത്.
കിണറിന്റെ പരിസരത്ത് കളിക്കുകയായിരുന്ന മറ്റൊരു കുട്ടിയാണ് അറഫ കിണറ്റില്‍ വീണ വിവരം വീട്ടുകാരെ അറിയിച്ചത്.
വീട്ടുകാര്‍ നിലവിളിക്കുന്നത് കേട്ട് സ്ഥലത്തെത്തിയ വാര്‍പ്പ് മേസ്ത്രി കുതിരുഗ്രല്‍ തമ്പാന്‍ (35) പൈപ്പിന്റെ വിടവിലൂടെ അതിസാഹസികമായി കിണറ്റിലിറങ്ങി കുട്ടിയെ വീണ്ടെടുക്കുകയായിരുന്നു.
മുകള്‍ഭാഗം മൂടിയതിനാല്‍ അകത്ത് ഒന്നും കാണാനായില്ലെന്ന് തമ്പാന്‍ പറഞ്ഞു. ഇരുട്ടില്‍ മുങ്ങിത്തപ്പി ഏതാണ്ട് ഒരുമിനിറ്റുകൊണ്ടുതന്നെ കുട്ടിയെ കണ്ടെത്താനായത് ഭാഗ്യമായി. കിണറ്റില്‍ രണ്ടാള്‍ ആഴത്തില്‍ വെള്ളമുണ്ടായിരുന്നു.
ആള്‍മറ ഉയര്‍ത്തിക്കെട്ടാതെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയതാണ് കുട്ടികള്‍ കയറാനിടയാക്കിയത്. അബോധാവസ്ഥയിലായ കുഞ്ഞിനെ മുകളിലെത്തിക്കാന്‍ പൈപ്പില്‍ തൂങ്ങിനിന്ന് സഹായിച്ചത് കെ.വി. കുഞ്ഞികൃഷ്ണന്‍, ടി.വി. സുനില്‍, കെ. ശ്രീജിത്ത് എന്നിവരാണ്. അറഫ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com