Friday's Talk:ഇസ്‌ലാമിക ബാങ്കുകളും കോര്‍പ്പറേറ്റ്‌ രീതിയിലേക്ക്‌

on Nov 13, 2009

ഇസ്‌ലാമിക ബാങ്കുകളും കോര്‍പ്പറേറ്റ്‌ രീതിയിലേക്ക്‌
Islamic_finance_sector
-ഇ.കെ. ഫസലുറഹ്‌മാന്‍

ഉദാരീകരണകാലത്തെ ഇസ്‌ലാമിക ബാങ്കുകള്‍, അതിന്റെ
ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങളില്‍ നിന്ന്‌
അകന്നുപോയിരിക്കുന്നു. മൂലധന വളര്‍ച്ചയ്‌ക്കുപകരം
സേവനത്തിനു പ്രാധാന്യം നല്‌കുന്ന ഇസ്‌ലാമിക സങ്കല്‌പം,
കോര്‍പ്പറേറ്റ്‌ ഭരണമാതൃകകള്‍ പിന്തുടരുന്ന വാണിജ്യ ബാങ്കിങ്‌
രീതികളിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.


മുതലാളിത്തവും സോഷ്യലിസവും ലക്ഷ്യമാക്കുന്നത്‌ സാമ്പത്തിക-വ്യാവസായിക പുരോഗതിയായതുകൊണ്ട്‌ ആ രംഗത്തെ മതത്തിന്റെ ലക്ഷ്യം നിര്‍വചിക്കാനുള്ള ഗവേഷണങ്ങള്‍ക്കാണ്‌ ഇസ്‌ലാമിസ്റ്റ്‌ പണ്ഡിതര്‍ പ്രാധാന്യം നല്‌കിയത്‌. പലിശരഹിത ഇസ്‌ലാമിക ബാങ്കിങ്‌ സംവിധാനം രൂപപ്പെടുന്നത്‌ ഇതിന്റെ ഫലമായാണ്‌.

മധ്യകാലത്ത്‌ പണമിടപാട്‌, കരാര്‍ക്കച്ചവടം, നാണയക്കൈമാറ്റം, പാട്ടം തുടങ്ങിയ മേഖലകളില്‍ നടന്ന പഠനങ്ങളുടെ ആധുനിക വ്യാഖ്യാനംകൂടിയായിരുന്നു ഇസ്‌ലാമിക ബാങ്ക്‌ സംവിധാനം. മുതലാളിത്തത്തിന്റെ ഉത്ഭവത്തിനും വളര്‍ച്ചയ്‌ക്കും കാരണമായ വാണിജ്യ-വ്യാവസായിക വിപ്ലവത്തിനും കോളനിവത്‌കരണപ്രക്രിയയ്‌ക്കും ശക്തിപകര്‍ന്ന ബാങ്കിങ്‌ സമ്പ്രദായത്തിന്റെ കടന്നുകയറ്റം മുസ്‌ലിം ലോകത്തുണ്ടാക്കിയ വിശ്വാസ-സാംസ്‌കാരിക പ്രതിസന്ധിക്കുള്ള പരിഹാരമായിട്ടുകൂടിയാണ്‌ ഇസ്‌ലാമിക ബാങ്കിങ്‌ നടപ്പാക്കപ്പെടുന്നത്‌.

ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരാളുടെ സമ്പത്തില്‍ സമൂഹത്തിനു ചില അവകാശങ്ങളുണ്ട്‌. അതു ദാനമായോ കടമായോ ആവശ്യക്കാര്‍ക്കു ലഭ്യമാക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്‌. ഈ ഇടപാടുകളില്‍ പ്രതിഫലം കാംക്ഷിക്കാന്‍ പാടുള്ളതല്ല. മിച്ചസമ്പത്തില്‍ ഉടമകള്‍, ഗുണഭോക്താക്കളില്‍നിന്നാവശ്യപ്പെടുന്ന പ്രതിഫലത്തെയാണ്‌ ഇസ്‌ലാം പലിശയായി കാണുന്നത്‌. മറ്റുതരം ഇടപാടുകളിലെ അമിതലാഭവും പലിശയുടെ പരിധിയില്‍ത്തന്നെയാണ്‌ വരുന്നത്‌. പലിശ വാങ്ങുന്നവരും കൊടുക്കുന്നവരും അതു രേഖപ്പെടുത്തുന്നവരും ഇസ്‌ലാമികദൃഷ്‌ട്യാ കുറ്റക്കാരാണ്‌. ഈ ധര്‍മചിന്തയുടെ സാക്ഷാത്‌കാരമെന്ന നിലയ്‌ക്കാണ്‌ ഇസ്‌ലാമിക ബാങ്കിങ്‌ സമ്പ്രദായം ഉടലെടുക്കുന്നത്‌.

ഇന്ന്‌ ഏതാണ്ട്‌ എഴുപതോളം രാജ്യങ്ങളില്‍ ഇസ്‌ലാമിക ബാങ്കുകളോ ഇസ്‌ലാമിക ബാങ്കിങ്‌ കൗണ്ടറുകളോ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബ്രിട്ടന്‍, മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, അമേരിക്ക, ഗള്‍ഫ്‌, പാകിസ്‌താന്‍, മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലെ ഏറ്റവും വളര്‍ച്ചകൂടിയ ധനകാര്യസ്ഥാപനങ്ങളാണ്‌ ഇസ്‌ലാമിക ബാങ്കുകള്‍.

നിക്ഷേപകരെ ഓഹരിയുടമകളായിക്കാണുന്ന മ്യൂച്വല്‍ ബാങ്കുകളായാണ്‌ ഇസ്‌ലാമിക ബാങ്കുകളില്‍ ഏറിയ പങ്കും പ്രവര്‍ത്തിക്കുന്നത്‌. സേവനത്തിനായി സമീപിക്കുന്നവരില്‍നിന്ന്‌ അതിന്റെ സ്വഭാവമനുസരിച്ച്‌, സേവനത്തുക മാത്രം പ്രതിഫലമായി വാങ്ങിച്ചാണ്‌ ബാങ്കുകള്‍ മുന്നോട്ടുനീങ്ങുന്നത്‌. ബാങ്കിതരസേവനരംഗത്തും ഇസ്‌ലാമിക ബാങ്കുകള്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുകളുടെ വരവോടെ ഈ നൂതന ബാങ്കിങ്‌ ആശയം വാണിജ്യബാങ്കുകളെ അതിശയിപ്പിച്ച്‌ മുന്നേറുകയാണ്‌.

പാശ്ചാത്യ-മുതലാളിത്തരാജ്യങ്ങള്‍, തങ്ങളുടെ സാമ്പത്തികനേട്ടങ്ങള്‍ ലക്ഷ്യംവെച്ച്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളീകരണ-ഉദാരീകരണ കാലഘട്ടത്തില്‍ത്തന്നെയാണ്‌ ആഗോളസമ്പദ്‌ഘടനയില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ച്‌ ഇസ്‌ലാമികബാങ്കുകളും കടന്നുവരുന്നത്‌.

അമേരിക്കന്‍-യൂറോപ്യന്‍ ബാങ്കുകളിലെ നിക്ഷേപത്തില്‍ ഒരു വലിയ പങ്ക്‌ സംഭാവന ചെയ്യുന്ന എണ്ണസമ്പന്നരാജ്യങ്ങളില്‍ മുതലാളിത്ത ചട്ടക്കൂടിനു പുറത്ത്‌ നൂതനരീതികള്‍ പരീക്ഷിക്കുന്ന ഇസ്‌ലാമികബാങ്കുകളെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തിലാണ്‌ ആഗോളസാമ്പത്തിക സ്ഥാപനങ്ങളും അനുബന്ധ സംഘടനകളും കാര്യമായി ശ്രദ്ധിക്കുന്നത്‌.

ആഗോള ധന ഇടപാടുകളില്‍ രണ്ടു ശതമാനത്തില്‍ താഴെ കൈകാര്യംചെയ്യുന്ന ഇസ്‌ലാമിക സാമ്പത്തികസ്ഥാപനങ്ങള്‍ക്ക്‌ ആഗോളീകരണശ്രമങ്ങളെ തകര്‍ക്കാനുള്ള കെല്‌പില്ല. പാശ്ചാത്യക്രമത്തിനു പുറത്ത്‌ മറ്റൊരു സാമ്പത്തികരീതി രൂപപ്പെട്ടുവരുന്നതിലെ സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ നന്നായി അറിയാവുന്ന ആഗോള ധനകാര്യസ്ഥാപനങ്ങള്‍ വിശ്വാസത്തെ മുറിപ്പെടുത്താതെ അവയെ എങ്ങനെ മെരുക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ്‌ ചിന്തിച്ചത്‌.

മിക്കവാറും എല്ലാ ബഹുരാഷ്ട്ര ബാങ്കുകള്‍ക്കും പലിശരഹിത-ഇസ്‌ലാമിക ബാങ്കിങ്‌ കൗണ്ടറുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. മുസ്‌ലിംകള്‍ ഇതിനെ പലിശരഹിത ബാങ്കിങ്‌ സമ്പ്രദായത്തിന്റെ വിജയമായിക്കണ്ടപ്പോള്‍, ബഹുരാഷ്ട്ര ബാങ്കുകളിലേക്ക്‌ നിക്ഷേപമായി ഒഴുകിയെത്തിയത്‌ ദശലക്ഷക്കണക്കിനു ഡോളറുകളായിരുന്നു.

എച്ച്‌.എസ്‌.ബി.സി. സിറ്റിസ്റ്റാന്‍ഡേര്‍ഡ്‌, ചാര്‍ട്ടേഡ്‌ തുടങ്ങിയ ലോകത്തിലെ മിക്കവാറും എല്ലാ ബഹുരാഷ്ട്ര ബാങ്കുകള്‍ക്കും ഇന്ന്‌ പലിശരഹിത ഇടപാടുകൗണ്ടറുകളുണ്ട്‌. ഈ ബാങ്കുകളെ സഹായിക്കാന്‍ ഇസ്‌ലാമിക ബാങ്കിങ്ങില്‍ പ്രത്യേക പരിശീലനം നേടിയ സാമ്പത്തിക ഉപദേഷ്‌ടാക്കളുടെ വലിയ നിരയെത്തന്നെ ഐ.എം.എഫ്‌. സജ്ജമാക്കിയിട്ടുണ്ട്‌. ഇവരില്‍ വലിയ പങ്കും ആഫ്രോ-അമേരിക്കന്‍ വംശജരോ ഏഷ്യന്‍ വംശജരോ ആണെന്നതും നശ്രദ്ധേയമാണ്‌.

2000-ത്തിനുശേഷം ഇസ്‌ലാമിക ബാങ്കിങ്‌ രംഗത്ത്‌ പുറത്തുവന്ന ഗ്രന്ഥങ്ങളില്‍ ഏതാണ്ടെല്ലാംതന്നെ ഐ.എം.എഫ്‌. നേരിട്ടോ അതിന്റെ സഹായധനത്തോടെയോ പുറത്തിറക്കിയവയാണ്‌. സൗദി അറേബ്യയുടെ മുഖ്യപങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.ഡി.ബി. (ഇസ്‌ലാമിക്‌ ഡെവലപ്‌മെന്റ്‌ ബാങ്ക്‌) ലോകബാങ്കുമായി തന്ത്രപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുമുണ്ട്‌.

2001 സപ്‌തംബര്‍ പതിനൊന്നിലെ ദുരന്തത്തോടെ, ഇസ്‌ലാമിക പണമിടപാടുസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത അമേരിക്കന്‍ നടപടിയും പാശ്ചാത്യ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക ബാങ്കിങ്‌ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. ഭീകരര്‍ക്ക്‌ പണമെത്തിക്കുന്നതില്‍ പങ്കുണ്ടെന്ന്‌ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പണമിടപാടുസ്ഥാപനങ്ങള്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ അടച്ചുപൂട്ടിയിരുന്നു. ഇവയിലെ നിക്ഷേപങ്ങളില്‍ ഏതാണ്ട്‌ മുഴുവന്‍തന്നെ ബഹുരാഷ്ട്ര ബാങ്കുകളിലെ ഇസ്‌ലാമിക്‌ കൗണ്ടറിലേക്കാണ്‌ മാറ്റപ്പെട്ടത്‌.

ലോകമെമ്പാടുമുള്ള ഇസ്‌ലാമിക ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇസ്‌ലാമിക്‌ ബാങ്ക്‌സ്‌ എന്ന സംഘടനയാണ്‌. ഐ.എം.എഫ്‌. ലോകബാങ്ക്‌, മറ്റു ബഹുരാഷ്ട്രബാങ്കുകള്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഈ സംഘടന, ഇസ്‌ലാമിക ബാങ്കിങ്‌ സംവിധാനത്തെ മുഖ്യധാരാ ബാങ്കുകളുമായി ഇണക്കിച്ചേര്‍ക്കുന്നതിനാണ്‌ പ്രാധാന്യം കല്‌പിക്കുന്നത്‌.

പലിശരഹിത ചട്ടക്കൂടില്‍നിന്നു പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുകളെ നിയന്ത്രിക്കുന്നത്‌ പാശ്ചാത്യ ധനകാര്യസ്ഥാപനങ്ങള്‍ തന്നെയാണ്‌. പെമാല്‍ അസറ്റ്‌ മാനേജ്‌മെന്റ്‌, കെപ്പല്‍ ഇന്‍ഷുറന്‍സ്‌, യു.ബി.എല്‍. ഫസ്റ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ കമ്പനി തുടങ്ങിയ ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുമാനേജുമെന്റ്‌ വിഭാഗങ്ങളുണ്ട്‌. ഇസ്‌ലാമികമാണെന്നവകാശപ്പെടുന്ന ഇത്തരം പ്രോഡക്ടുകള്‍, സൂക്ഷ്‌മനിരീക്ഷണത്തില്‍ ആഗോളസാമ്പത്തിക വ്യതിയാനങ്ങള്‍ക്കും ബാങ്ക്‌ പലിശനയങ്ങള്‍ക്കും വിധേയമാണ്‌. ഡൗജോണ്‍സ്‌ ഇസ്‌ലാമിക്‌ മാര്‍ക്കറ്റ്‌ ഇന്‍ഡക്‌സും എഫ്‌.ടി.എസ്‌.ഇ. ഗ്ലോബല്‍ ഇസ്‌ലാമിക്‌ സൂചികയും അതു ശരിവെക്കുന്നു.

ഇസ്‌ലാമിക്‌ ബാങ്കിങ്ങിലും ധനനിയമങ്ങളിലും ഇന്ന്‌ അന്തിമവിധികള്‍ പുറപ്പെടുവിക്കുന്നത്‌ അമേരിക്കയിലെ 'ഹാര്‍വാഡ്‌ ഇസ്‌ലാമിക്‌ ഫിനാന്‍സ്‌ ഇന്‍ഫര്‍മേഷന്‍ ഫോറം' ആണ്‌. ലോകബാങ്കിന്റെയും ഗള്‍ഫ്‌ മേഖലകളില്‍ സ്വാധീനമുള്ള കുത്തക കമ്പനികളുടെയും സാമ്പത്തിക സഹായത്തോടെയാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഇസ്‌ലാമിക ബാങ്കില്‍ മതേതര പങ്കാളിത്തം ഉറപ്പാക്കി അവയെ കൂടുതല്‍ മത്സരക്ഷമമാക്കാനുള്ള പദ്ധതികള്‍ക്കാണ്‌ ഇതിലെ വിദഗ്‌ധര്‍ പ്രാമുഖ്യം നല്‌കുന്നത്‌.

ഉദാരീകരണകാലത്തെ ഇസ്‌ലാമിക ബാങ്കുകള്‍, അതിന്റെ ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങളില്‍ നിന്ന്‌ അകന്നുപോയിരിക്കുന്നുവെന്നതാണ്‌ സത്യം. മൂലധന വളര്‍ച്ചയ്‌ക്കുപകരം സേവനത്തിനു പ്രാധാന്യം നല്‌കുന്ന ഇസ്‌ലാമിക സങ്കല്‌പം, കോര്‍പ്പറേറ്റ്‌ ഭരണമാതൃകകള്‍ പിന്തുടരുന്ന വാണിജ്യ ബാങ്കിങ്‌ രീതികളിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ഉദാരീകരണ മാര്‍ഗങ്ങളിലൂടെ വിപണികള്‍ കീഴടക്കി വന്‍ലാഭം കൊയ്‌തുകൊണ്ടിരിക്കുന്ന വ്യവസായ ഗ്രൂപ്പുകള്‍ ഇസ്‌ലാമിക ബാങ്കിങ്‌ രംഗത്തേക്ക്‌ കടന്നുവരുന്നത്‌ ധര്‍മചിന്തയാല്‍ പ്രചോദിതരായാണെന്ന്‌ കരുതുക വയ്യ.

ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ പോകുന്ന ഇസ്‌ലാമിക ബാങ്കില്‍ ഓഹരി പങ്കാളിത്തത്തിനായി റിലയന്‍സ്‌ ഉള്‍പ്പടെയുള്ള വന്‍കിടക്കാര്‍ ശ്രമമാരംഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത പ്രസക്തമാണ്‌. മുസ്‌ലിം രാജ്യങ്ങളില്‍ ഈ പ്രവണത നേരത്തേത്തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. 'ഇസ്‌ലാമിക്‌ കാപ്പിറ്റലിസം' എന്നു വിളിക്കപ്പെടുന്ന ഭരണവര്‍ഗവ്യവസായി കൂട്ടുകെട്ടാണ്‌ ഇവിടങ്ങളില്‍ ബാങ്കുകളെ നിയന്ത്രിക്കുന്നത്‌.

മറ്റെന്തിനേക്കാളും സാമ്പത്തിക താത്‌പര്യങ്ങള്‍ക്കു പ്രാധാന്യം നല്‌കുന്ന ഈ കൂട്ടായ്‌മ ഇസ്‌ലാമിക ലോകത്തെ പരിവര്‍ത്തനത്തിന്റെ സൂചനകൂടിയാണ്‌. ഇവരുടെ നവലിബറല്‍ സാമ്പത്തിക നയങ്ങളെ പിന്തുണയ്‌ക്കുന്ന മതപണ്ഡിതരും സജീവമായി രംഗത്തുണ്ട്‌. കോര്‍പ്പറേറ്റ്‌ വാണിജ്യ-വ്യവസായ തന്ത്രങ്ങളെ തുണച്ചു മതവിധികള്‍ പുറപ്പെടുവിക്കുന്ന ഇത്തരം പണ്ഡിതരില്‍ ഭൂരിഭാഗവും ഈജിപ്‌തിലെ അല്‍-അസ്‌ഹര്‍, ഉമ്മുല്‍ഖുറാ (മെക്ക) സര്‍വകലാശാലകളില്‍ പഠിച്ചവരോ പഠനവിഭാഗങ്ങളിലുള്ളവരോ ആണ്‌.

ഏത്‌ അതിര്‍വരമ്പുകളും അതിലംഘിച്ച്‌ മനുഷ്യരെ കീഴടക്കുന്ന മൂലധശക്തികളുടെ കരുത്തും വിപണിയുടെ തന്ത്രങ്ങളും ഇസ്‌ലാമിക ബാങ്കുകളെ കോര്‍പ്പറേറ്റു മാര്‍ഗത്തിലേക്ക്‌ തള്ളിവിടുകയാണ്‌. വിപണിയിലെ വിജയി നിശ്ചയിക്കുന്ന ധര്‍മ-നൈതിക മാതൃകകള്‍ മാത്രം അവശേഷിക്കുന്ന ആഗോളീകരണ സാഹചര്യത്തില്‍ ഇസ്‌ലാമിക ബാങ്കുകള്‍ നിലനി'ണമെങ്കില്‍ അതിന്റെ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍ണയിക്കുകയും ജനാധിപത്യ-ജനകീയ സംവിധാനങ്ങള്‍ക്കു കീഴില്‍ അവയെ കൊണ്ടുവരികയും ചെയ്യണം.

(ലേഖകന്‍ ഫാറൂഖ്‌ കോളേജ്‌ ചരിത്രവിഭാഗം അധ്യാപകനാണ്‌)

courtesy to Mathrubhumi news

1 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com