കടലാക്രമണം: അജാനൂരില്‍ കടല്‍ഭിത്തി തകര്‍ന്നു

on Nov 12, 2009


കാഞ്ഞങ്ങാട്: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് അജാനൂരില്‍ കടല്‍ഭിത്തി തകര്‍ന്നു. ഹോസ്ദുര്‍ഗ്ഗ് കടപ്പുറത്ത് തെങ്ങുകള്‍ കടപുഴകി വീണു. അജാനൂരില്‍ മത്തായിമുക്ക് വരെയുള്ള ഒരു കിലോമീറ്റര്‍ തീരദേശത്തെ കരിങ്കല്‍ ഭിത്തിയാണ് ഭാഗികമായി തകര്‍ന്നത്. ഇതോടെ തിരമാലകള്‍ മീറ്ററുകളോളം കരയിലേക്ക് ഇരച്ചുകയറി. ഞായറാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ കടല്‍ക്ഷോഭം പുലര്‍ച്ചെ വരെ നീണ്ടു. ആദ്യവരി കരിങ്കല്‍ ഭിത്തികളാണ് തകര്‍ന്നത്. കടല്‍ക്ഷോഭം ആവര്‍ത്തിച്ചാല്‍ തീരദേശങ്ങളിലെ വീടുകള്‍ക്കും ഭീഷണിയാകുമെന്ന് മീന്‍തൊഴിലാളികള്‍ പറയുന്നു. ഇവിടെ പല ഭാഗങ്ങളിലും 10 അടിയോളം മണല്‍ തിട്ടകള്‍ രൂപപ്പെട്ടിട്ടുണ്ട്. കടലാക്രമണം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച കടലിലിറങ്ങിയില്ല.

ഹൊസ്ദുര്‍ഗ്ഗ് കടപ്പുറത്ത് കടലാക്രമണത്തില്‍ 25 തെങ്ങുകളാണ് കടപുഴകിയത്. രണ്ട് വീടുകള്‍ അപകടഭീഷണിയിലായി.

പുതിയവളപ്പില്‍ ശേഖരന്‍, ഗണേശന്‍, കമല, നസീമ, വിഷാലു എന്നിവരുടെ തെങ്ങുകളാണ് കടലെടുത്തത്. നിത്യാനന്ദസ്വാമി മഠത്തിനും പുതിയവളപ്പ് ജങ്ഷനുമിടയിലാണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ 15 മീറ്ററോളം കടല്‍ കയറിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കടലാക്രമണം ശക്തമായത്.

വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍.എ.ഖാലിദ്, നഗരസഭാ ഉപാധ്യക്ഷ സി.ശ്യാമള, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പള്ളിക്കൈ രാധാകൃഷ്ണന്‍, പി.അശോകന്‍, കാഞ്ഞങ്ങാട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ കെ.അംബുജാക്ഷന്‍, വില്ലേജ് ഓഫീസര്‍ മണിരാജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 25 വര്‍ഷത്തിനിടക്ക് ആദ്യമായാണ് ഇവിടെ കടലാക്രമണമുണ്ടായതെന്ന് പുതിയവളപ്പ് ഗണേശന്‍ പറഞ്ഞു.

ഭിത്തിയില്ലാത്തതാണ് കടലാക്രമണത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചതെന്നും ഇവിടെ ഉടന്‍ കടല്‍ഭിത്തി കെട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Mathrubhumi news report

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com