ചിത്താരി കടപ്പുറത്തെ നടപ്പാലം തകര്‍ന്നുവീണു

on Nov 10, 2009

കാഞ്ഞങ്ങാട്: അപകട ഭീഷണിയിലായിരുന്ന ചിത്താരി കടപ്പുറത്തെ നടപ്പാലം തകര്‍ന്നുവീണു. ഞായറാഴ്ച രാത്രിയില്‍ പെയ്ത മഴയ്ക്കിടെയാണ് മരം കൊണ്ടുള്ള നടപ്പാലം പൊട്ടിവീണത്. ഈ സമയത്ത് നടപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട്‌പേര്‍ പുഴയില്‍ വീണു. ഇവര്‍ നീന്തി രക്ഷപ്പെട്ടു. പച്ചക്കറി വില്പനക്കാരായ കറ്റാടി കൊളവയലിലെ ഗണേഷ്, രാജേഷ് എന്നിവരാണ് പുഴയില്‍ വീണത്. നാനൂറ് മീറ്ററോളം നീളത്തില്‍ നിര്‍മ്മിച്ച നടപ്പാലം ദ്രവിച്ച് ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലായിരുന്നു. ചിത്താരി കടപ്പുറത്തുള്ളവര്‍ക്ക് ഇക്കരെയെത്താനുള്ള ഏകമാര്‍ഗ്ഗമാണ് ഈ നടപ്പാലം. സ്ത്രീകളും കുട്ടികളും ഭീതിയോടെ നടപ്പാലം കടന്ന് പോകുന്ന കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്ത വന്നിട്ടും അധികൃതര്‍ കണ്ട ഭാവം നടിച്ചില്ല. പാലം തകര്‍ന്നത് രാത്രിയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. നടപ്പാലത്തിന്റെ മധ്യഭാഗത്തായി ആറ് മീറ്റര്‍ നീളത്തിലാണ് പലകകള്‍ തകര്‍ന്ന് വീണത്. പാലം പൊട്ടിയതോടെ നാട്ടുകാര്‍ തോണിയെ ആശ്രയിച്ചാണ് പുഴ കടക്കുന്നത്. കുട്ടികള്‍ അടക്കം ചെറു തോണിയില്‍ കയറിയുള്ള തിങ്കളാഴ്ചത്തെ യാത്ര സാഹസികമായിരുന്നു. പാലം തകര്‍ന്നതിനാല്‍ പല കുട്ടികളെയും രക്ഷിതാക്കള്‍ തിങ്കളാഴ്ച സ്‌കൂളിലേക്ക് അയച്ചില്ല. അഴിമുഖത്തിനടുത്തായതിനാല്‍ ഇവിടെ വെള്ളം കരകവിഞ്ഞ നിലയിലാണ്. ഇത്രയൊക്കെയായിട്ടും അധികൃതര്‍ സ്ഥലത്തെത്തുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. ഇനി നടപ്പാലം അറ്റകുറ്റപ്പണി നടത്തി യാത്രായോഗ്യമാക്കാന്‍ കഴിയില്ല. അതിനാല്‍ പുതിയ നടപ്പാലം കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ദിച്ചുള്ള മാത്രഭൂമി പത്ര റിപോര്‍ട്ട്‌ ഇവിടെ ചേര്‍ത്തിട്ടുണ്ടായിരുന്നു.

News report

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com